കാസര്‍കോട്: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ സ്കൂളുകള്‍ക്ക് ലഭിച്ച എന്‍ഒസി സ്വന്തം പരിശ്രമത്തിണ്റ്റെ ഫലമാണെന്ന് കള്ളപ്രചാരണം നടത്തുന്ന അബ്ദുള്‍ റസാഖ് എംഎല്‍എയുടെയും ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹര്‍ഷാദ് വോര്‍ക്കാടിയുടെയും നിലപാട് എട്ടുകാലി മമ്മൂഞ്ഞിയെപ്പോലെയാണെന്ന് യുവമോര്‍ച്ച പത്രസമ്മേളനത്തില്‍ ആരോപിച്ചു. വിലകുറഞ്ഞ കള്ളപ്രചാരണമാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്നത്. പൊതുജനങ്ങളെയും സ്കൂള്‍ അധികൃതരെയും തെറ്റിദ്ധരിപ്പിക്കുന്ന എംഎല്‍എയുടെ നിലപാട് ഉത്തരവാദിത്വമുള്ള ജനപ്രതിനിധികള്‍ക്ക് ചേര്‍ന്നതല്ല. സ്വകാര്യ സ്കൂളുകള്‍ക്ക് എന്‍ഒസി ലഭിക്കാന്‍ എംഎല് എ നടത്തിയ ശ്രമം വിശദീകരിക്കണം. ഈ വിഷയത്തില്‍ തുറന്ന സംവാദത്തിന് എംഎല്‍എയെ വെല്ലുവിളിക്കുകയാണെന്നും സംവാദത്തിന് തയ്യാറായില്ലെങ്കില്‍ ജനങ്ങളെ വിഡ്ഡികളാക്കിയതിന് എംഎല്‍എ മാപ്പുപറയണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. വോട്ടു ബാങ്ക് രാഷ്ട്രീയത്തിണ്റ്റെ പുതിയ സാധ്യതകള്‍ പരീക്ഷിക്കുകയാണ് കള്ളപ്രചാരണത്തിലൂടെ എംഎല്‍എയും ലീഗ് നേതാക്കളും. വര്‍ഗീയ സംഘര്‍ഷങ്ങളുടെയും വികസന മുരടിപ്പിണ്റ്റെയും പേരില്‍ പൊതുജനങ്ങള്‍ ഒന്നാകെ എംഎല്‍എക്ക് എതിരായി നില്ക്കുന്ന സമയത്താണ് കയ്യടി നേടാന്‍ ചെപ്പടിവിദ്യകളുമായി ഇറങ്ങിയിരിക്കുന്നതെന്നും യുവമോര്‍ച്ച ആരോപിച്ചു. പത്രസമ്മേളനത്തില്‍ യുവ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് വിജയകുമാര്‍ റൈ, ജനറല്‍ സെക്രട്ടറി ആദര്‍ശ് ബി.എം, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ.ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: