നിയമാധിഷ്ഠിത നീതിയുടെ ശവപറമ്പായി തലശ്ശേരി മാറുന്നു എന്നതിന് തെളിവുകള്‍ സമൃദ്ധമായിട്ടുള്ള കാലമാണിത്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച നിരവധി രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎം അട്ടിമറിമൂലം നീതി വക്രീകരിക്കപ്പെട്ട ജില്ലയാണ് കണ്ണൂര്‍. രാഷ്ട്രീയ സംഘട്ടനങ്ങളുടെ ബലിപീഠത്തില്‍ കുരുതികൊടുക്കപ്പെട്ട എത്രയോ നിരപരാധികളുടെ ആത്മാവുകള്‍ അവിടങ്ങളില്‍ അലയുന്നുണ്ട്. ഇത്തരം കേസുകളിലെ കുറ്റവാളികള്‍ ആസൂത്രിതമായി രക്ഷപ്പെടുമ്പോള്‍ നിസ്സഹായമാകുന്നത് നമ്മുടെ നിയമവാഴ്ചയാണ്. വ്യവസ്ഥാപിത നിയമക്രമത്തിന്റെ അനുസ്യൂത പ്രവാഹത്തെ നിയമത്തിന്റെ സംരക്ഷകന്മാരും സിപിഎം നേതാക്കളും ചേര്‍ന്ന് വിഷലിപ്തമാക്കി ഇല്ലാതാക്കുമ്പോള്‍ ഉയിര്ത്തെഴുന്നേല്ക്കപ്പെടുക അരാജകത്വമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി എങ്ങനെ നിയമവാഴ്ചയെ കൊന്നുതിന്നുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ് ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ്സ്.
ഈയടുത്ത കാലത്താണ് കോടിയേരി ദാസന് വധക്കേസ്സില്‍ പ്രതികളാക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരെ തലശ്ശേരി സെഷന്‍സ് കോടതി വിട്ടയച്ചത്. സൈക്കിളില്‍ മത്സ്യക്കച്ചവടം നടത്തിക്കൊണ്ടിരിക്കവേ സിപിഎം നേതാവ് ദാസനെ കോടിയേരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍വെച്ച് രാഷ്ട്രീയ വിരോധം കാരണം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു എന്നായിരുന്നു പ്രോസിക്യൂഷന് കേസ്സ്. കേസ്സിലെ സാക്ഷികളായി വിസ്തരിച്ച നാലു സിപിഎമ്മുകാരും പ്രോസിക്യൂഷന്‍ഭാഗം പഠിച്ച് കോടതിയില്‍ രാഷ്ട്രീയ വിധേയരായി മൊഴി നല്‍കിയിരുന്നു. കുത്താനുപയോഗിച്ചതെന്നു പറയുന്ന ആയുധങ്ങള്‍ പ്രതികളെക്കൊണ്ട് പോലീസ് കണ്ടെത്തിയതായും പ്രോസിക്യൂഷന് അവകാശപ്പെട്ടു. ഒരു വ്യാഴവട്ടക്കാലം പ്രതികളെന്ന നിലയില്‍ വേദനയും യാതനയും ആവോളം അനുഭവിച്ചശേഷമാണ് 2012 സെപ്റ്റംബറില്‍ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടത്.
പ്രസ്തുത കേസ്സില്‍ പ്രതിഭാഗം അഭിഭാഷകനായിരുന്ന ഈ ലേഖകന്‍ വാദിച്ചത് ദാസന് സംശയകരമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതാണെന്നും പ്രസ്തുത സംഭവം കൃത്രിമമായി രാഷ്ട്രീയ കേസ്സാക്കി സിപിഎമ്മുകാര്‍ ആര്‍എസ്എസുകാരുടെ മേല്‍ കെട്ടിവെച്ച് നിരപരാധികളെ പ്രതികളാക്കി എന്നായിരുന്നു. കൃത്രിമ തെളിവുണ്ടാക്കാനായി രേഖകളില്‍ കൃത്രിമം നടത്തിയതായും പ്രതിഭാഗം ആരോപിച്ചിരുന്നു. എഫ്ഐആര്‍, ഇന്‍ക്വസ്റ്റ് എന്നിവയില്‍ കൃത്രിമം കാട്ടി സിപിഎം നേതാക്കള്‍ കേസ്സട്ടിമറിച്ചു എന്നതായിരുന്നു പ്രതിഭാഗം വാദത്തിന്റെ മര്‍മ്മം. രേഖകളില്‍ പോലീസ് കൃത്രിമം കാട്ടി എന്നത് കോടതി ശരിവെയ്ക്കുകയും പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്കി വിട്ടയയ്ക്കുകയും ചെയ്തു.
കേസ്സിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കോടതിയിലെത്തിയ ശേഷവും തിരുത്തലുകളുണ്ടായതായി കോടതി കണ്ടെത്തി. പ്രസ്തുത രേഖയില്‍ പ്രതികളുടെ പേരുകള്‍ കൃത്രിമമായി സ്ഥാനം പിടിച്ചതായും സെഷന്‍സ് ജഡ്ജി ചൂണ്ടിക്കാട്ടി. ഇതിന്റെപേരില്‍ കുറ്റാന്വേഷണം നടത്തിയ ഡിവൈഎസ്പിക്കും, മജിസ്ട്രേട്ട് കോടതിയിലെ ജീവനക്കാരനുമെതിരേ നടപടിയെടുക്കാന്‍ വിചാരണ കോടതി വിധിന്യായത്തില്‍ ഉത്തരവിട്ടിരിക്കയാണ്. പ്രതികളെ വിട്ടയച്ച വിവരം വാര്‍ത്തയായി മാധ്യമങ്ങളില്‍ വന്നതിനപ്പുറം മറ്റൊരു ചലനവും ഈ വിധി കേരളത്തിലുണ്ടാക്കിയില്ല എന്നതാണ് ദു:ഖസത്യം. കോടതിയുടെ ഗുരുതരമായ കണ്ടെത്തല്‍ കേരളം സജീവ ചര്ച്ചയാക്കേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല ?
കേസ്സന്വേഷണം കുറ്റമറ്റരീതിയില്‍ നടക്കേണ്ടതും ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ പരിപാലിക്കപ്പെടേണ്ടതും സംസ്കാരവും സുരക്ഷയും ഉറപ്പുള്ള ഒരു സമൂഹത്തിന്റെ മുഖമുദ്രയാണ്. പോലീസുതന്നെ നിയമക്രമത്തിന്റെ അതിരുകള്‍ ലംഘിക്കുമ്പോള്‍ പൗരന് ആശ്രയിക്കാവുന്ന സംവിധാനങ്ങളാണ് കോടതിയും ഭരണകൂടവും. പോലീസും ഭരിക്കുന്ന കക്ഷിയും ഒത്തുചേര്‍ന്ന് കുറ്റാന്വേഷണത്തെ അട്ടിമറിക്കുമ്പോള്‍ അവശേഷിക്കുന്ന ഏക ആശ്രയം കോടതിയാണ്. ഇന്ത്യന്‍ ക്രിമിനല്‍ സമ്പ്രദായമനുസരിച്ച് ഒരു കൊലക്കേസ്സിലെ പ്രാഥമിക തെളിവുകളായ എഫ്ഐആറും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും തെയ്യാറാക്കിയാല് എത്രയും പെട്ടെന്ന് ഒറിജിനല്‍ കോടതിയിലെത്തിക്കാന്‍ പോലീസ് പ്രതിജ്ഞാബദ്ധമാണ്. ഇതില്‍ കാലതാമസം ഉണ്ടായാല്‍ കൃത്രിമമായി പ്രതികളുടെ പേരുകളും കേസ്സിന്റെ വിവരങ്ങളുമൊക്കെ എഴുതിചേര്‍ക്കപ്പെടും എന്നുള്ളതു കൊണ്ടാണ് മജിസ്ട്രേട്ട് മുമ്പാകെ അവ കാലതാമസം കൂടാതെ എത്തണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നത്. പ്രതിയാക്കപ്പെടുന്ന ഒരു പൗരന് നമ്മുടെ നിയമം നല്കുന്ന ഏറ്റവും വലിയ ഗ്യാരന്റിയാണ് പ്രാഥമിക വിവരങ്ങള്‍ മജിസ്ട്രേട്ട് മുമ്പാകെ പെട്ടെന്ന് എത്തിപ്പെടണമെന്നുള്ളത്. ഈ വ്യവസ്ഥ പ്രതിക്കുള്ള രക്ഷാകവചമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്രകാരം എത്തിപ്പെടുന്ന എഫ്ഐആറും ഇന്‍ക്വസ്റ്റും മജിസ്ട്രേട്ട് കിട്ടിയ സമയ വിവരം രേഖപ്പെടുത്തി ഭദ്രമായി സുക്ഷിക്കേണ്ടതുണ്ട്. ഇത്തരം രേഖകളില്‍ കോടതിയിലെത്തിയശേഷവും കൃത്രിമം കാട്ടാന്‍ രാഷ്ട്രീയ നേതൃത്വത്തിനും പോലീസ്സിനും കഴിയുന്ന അവസ്ഥ ഒഴിവാക്കുക എന്ന ലക്ഷ്യമാണിതുവഴി ഉറപ്പിച്ചിട്ടുള്ളത്. കോടിയേരി ദാസന് വധക്കേസ്സില്‍ കോടതി കണ്ടെത്തിയത് കോടതി മുറിക്കുള്ളില്വെച്ചുപോലും കൃത്രിമം കാട്ടിയിരിക്കുന്നു എന്നാണ്. പുറമേ നിന്നുള്ള വഴിവിട്ടുള്ള ഇത്തരം ഇടപെടലുകള്‍വഴി നീതിയുടെ നാമ്പുകളാണ് ചീയുന്നത്. ഈ കൊടുംപാതകത്തിന്റെ ഇരകള്‍ ആര്‍എസ്എസ്സുകാരായ പ്രതികളാണ്.
സാക്ഷര കേരളത്തിനുമേല്‍ ഇടിത്തീപോലെ നിപതിച്ച സാമൂഹ്യ വിപത്തായി ദാസന് വധക്കേസ്സിലെ അട്ടിമറിയെ കാണേണ്ടതായിരുന്നു. കോടതിമുറിയ്ക്കുള്ളില്‍ ഭദ്രമായി സൂക്ഷിച്ച ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പേജ് മാറ്റി പ്രതികളെ കൂട്ടിച്ചേര്‍ത്തു എന്ന ഗുരുതരമായ കുറ്റത്തിന്റെ പേരിലാണ് അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേട്ട് കോടതിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമെതിരേ നടപടിക്ക് ശുപാര്‍ശയുണ്ടായത്. സിപിഎം ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഫലമാണ് ദാസന് കേസ്സിലെ കൃത്രിമമെന്ന് തിരിച്ചറിയാന്‍ പാഴൂര്‍ പടിപ്പുരക്കല്പോകേണ്ട ആവശ്യമൊന്നുമില്ല. എന്നിട്ടും മൗനത്തിന്റെ വാല്മീകത്തില് മലയാളി ഒതുങ്ങിക്കൂടിയതിന്റെ പൊരുളെന്ത് ?
തലശ്ശേരി കോടതിയുടെ വിധിയിലെ പരാമര്‍ശം സംബന്ധിച്ച് കേരളീയ സമൂഹത്തില്‍ ചര്‍ച്ചയും വിവാദങ്ങളും പരാമര്‍ശങ്ങളുമൊക്കെ ഉണ്ടാകാതെപോയത് ആശങ്കാജനകമാണ്. ഈ ലേഖകനുമായി ബന്ധമുള്ള അഭിഭാഷകസംഘടനാ പ്രവര്‍ത്തകരോടും പൊതുപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും ഇക്കാര്യത്തെകുറിച്ച് പറയാനും ബോധവര്ക്കരിക്കാനുമൊക്കെ സമയം ചിലവഴിച്ചെങ്കിലും അവയൊക്കെ പാറപ്പുറത്ത് വിതച്ചതുപോലെ ഫലശൂന്യമായിരുന്നു. അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് അവബോധമുള്ള ഒരു തലമുറയുടെ ജാഗ്രതയാണ് സ്വാതന്ത്ര്യത്തിനുള്ള ഏറ്റവും വലിയ ഗ്യാരന്റി. ഇവിടെ ഇക്കാര്യത്തില്‍ പലരുടേയും അജ്ഞതയും നിസ്സംഗതയുമായിരുന്നു ഈ വിനീതന്റെ അനുഭവം.
സമൂഹത്തെ ബോധവര്ക്കരിക്കാന് ചുമതലയുള്ളവര്‍ കുറ്റകരമായ മൗനം പാലിക്കുമ്പോള്‍ തകര്‍ന്നു വീഴുന്നത് ഒരു സമൂഹത്തിന്റെ സുരക്ഷയും സുകൃതവുമാണ്. ജ്ഞാനികള്‍ അറച്ചു നില്‍ക്കുന്നിടത്ത് വിഢ്ഢികള്‍ പാഞ്ഞുകയറുന്നു എന്നുപറയാറുള്ളത് ഇവിടെ ശരിയാകുന്നു. കേരളത്തിലെ മാധ്യമരംഗവും ദാസന് കേസ്സിലെ വിധിയേക്കാള്‍ മറ്റ് നിസ്സാര പ്രശ്നങ്ങള്‍ ഊതി വീര്‍പ്പിച്ച് പ്രചാരണം സംഘടിപ്പിച്ചുകൊണ്ട് നാളുകള്‍ തള്ളിനീക്കുകയായിരുന്നു. ചുരുക്കത്തില്‍ അനീതിയുടെ തീനാളങ്ങള്‍ നിയമപാലകരിലൂടെ കോടതിക്കകത്തുപോലും അഴിഞ്ഞാടിയ കാര്യം പുറംലോകത്തെ അറിയിക്കാന്‍ ആരുമുണ്ടായില്ല എന്നതാണ് നാടിന്റെ ദുര്യോഗം.
സിപിഎം പോലീസുമായി കൂട്ടുചേര്‍ന്ന് അട്ടിമറിച്ച ജയകൃഷ്ണന് മാസ്റ്റര്‍ കേസ്സിന്റെ ഒടുങ്ങാത്ത വേദന വീണ്ടും നമ്മുടെ സ്മൃതിപഥത്തെ സജീവമാക്കിയിരിക്കയാണ്. കേരളം കണ്ട ഏറ്റവും പൈശാചികമായ ആ നരഹത്യ ക്രൈംബ്രാഞ്ചിനെകൊണ്ട് വീണ്ടും അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കയാണ്. ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ജയകൃഷ്ണന് മാസ്റ്ററുടെ അമ്മയും സിബിഐ അന്വേഷിക്കണമെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നു.
ജയകൃഷ്ണന് മാസ്റ്റര്‍ കേസ്സിന്റെ വിചാരണ നടത്തിയ തലശ്ശേരി സെഷന്‍സ് കോടതി കുറ്റാന്വേഷണ സംവിധാനം എങ്ങനെ കേസ് അട്ടിമറിച്ചു എന്ന് കണ്ടെത്തിയിരുന്നതാണ്. വിധിന്യായത്തിന്റെ 62, 65 ഖണ്ഡികകളില്‍ ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച മേല്‍ നടപടികള്‍ക്കായി വിധിന്യായത്തിന്റെ കോപ്പി കോടതി തന്നെ സര്‍ക്കാറിന് അയച്ചുകൊടുത്തിട്ടുള്ളതുമാണ്. എന്നാല്‍ 2003 ഓഗസ്റ്റില്‍ പുറപ്പെടുവിച്ച വിധിന്യായത്തിലെ നിര്‍ദ്ദേശം മാറിമാറി വന്ന യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അവഗണിച്ചുവെന്ന് മാത്രമല്ല മേല്‍ നടപടികള്‍ സ്വീകരിക്കാതെ ബോധപൂര്‍വ്വം തമസ്കരിക്കുകയുമായിരുന്നു. ജയകൃഷ്ണന് മാസ്റ്റര്‍ കേസ് അട്ടിമറിച്ച ഉന്നത പോലീസുകാര്‍ ഉള്‍പ്പെടുന്ന കേരളാ പോലീസ്സിന് പകരം ഈ കേസ്സ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ മാത്രമേ നീതി നടപ്പാക്കാനാവുകയുള്ളൂ എന്നത് പകല്‍പോലെ വ്യക്തമാണ്.
ജയകൃഷ്ണന് മാസ്റ്റര്‍ കേസ്സില്‍ സുപ്രീം കോടതി കുറ്റക്കാരനെന്നുകണ്ട് ജീവപര്യന്തം തടവിന് ശിക്ഷിച്ച സിപിഎം ലോക്കല്‍ സെക്രട്ടറി പ്രദീപനെ പാര്‍ട്ടി ഏരിയാ കമ്മറ്റിയിലേക്ക് പ്രമോഷന് നല്കി വാഴ്ത്തപ്പെട്ടവനാക്കിയിരിക്കുന്നു. ഇയാളെ സംഭവം നടന്ന അതേ സ്കൂളിന്റെ പിടിഎ പ്രസിഡന്റാക്കുകയും ചെയ്തു. ഇതുവഴി സിപിഎം നിയമവാഴ്ചയുടെ നെഞ്ചില്‍ കത്തികയറ്റിയിരിക്കയാണ്. ഉന്നത നീതിപീഠത്തിന്റെ വിധിയെപ്പോലും അംഗീകരിക്കാതെയുള്ള ഈ സ്റ്റാലിനിസ്റ്റ് സമീപനം ജനാധിപത്യത്തിനും സമാധാനപരമായ ജനജീവിതത്തിനും കനത്ത മുറിവാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ഇത്തരം അധാര്‍മ്മിക സമീപനത്തെ സമാധാനപ്രിയരായ ജനങ്ങള്‍ അപലപിക്കേണ്ടതാണ്. നരഹത്യാക്കുറ്റത്തിന് പ്രദീപനെ വീണ്ടും പ്രതിയാക്കി വിചാരണ ചെയ്യാന്‍ നിയമ തടസ്സമുണ്ടെങ്കിലും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്താന്‍ നിയമതടസ്സങ്ങളില്ല.
ജയകൃഷ്ണന് മാസ്റ്റര്‍ കേസ് അന്വേഷണം മാത്രമല്ല സിപിഎം-പോലീസ് കൂട്ടുകെട്ട് തലശ്ശേരിയില്‍ അട്ടിമറിച്ചിട്ടുള്ളത്. ബിജെപി ജില്ലാ സെക്രട്ടറി പന്ന്യന്നൂര്‍ ചന്ദ്രന് കൊല്ലപ്പെട്ട കേസ്സിലെ വിധിന്യായത്തിലും, കൂത്തുപറമ്പിലെ വക്കീല്‍ ഗുമസ്ഥന് മോഹനന് കൊല്ലപ്പെട്ട കേസ്സിലും, ആയത്തറയിലെ തട്ടുപറമ്പത്ത് ശശി കൊല്ലപ്പെട്ട കേസ്സിലും, ആര്‍എസ്എസ് മുന്‍ പ്രചാരക് രാജന്റെ വധകേസ്സിലും, എന്‍ഡിഎഫുകാരനായ ഫസല്‍ വധക്കേസ്സിലും നിഷ്പക്ഷ കൊലക്കേസന്വേഷണം പോലീസ് തകര്‍ത്ത കാര്യം കോടതികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വക്കീല്‍ ഗുമസ്ഥന് മോഹന്‍ വധക്കേസ്സില്‍ സിപിഎമ്മിന്റെ ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി പി.ജയരാജന് പ്രതിയായിരുന്നു. ചുരുക്കത്തില്‍ അരഡസനോളം കേസ്സുകളില്‍ സിപിഎമ്മും പോലീസ്സും ചേര്‍ന്ന് നിയമവാഴ്ചയും, നിഷ്പക്ഷകുറ്റാന്വേഷണവും അട്ടിമറിച്ചു എന്നത് ഇപ്പോള്‍ വ്യക്തമാണ്. അട്ടിമറിച്ച ഈ കേസ്സുകളെല്ലാം സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണം. കൂടാതെ അട്ടിമറിക്കപ്പെട്ട കേസ്സുകളെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസ്-സിപിഎം ഇടപെടലുകാര്ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
>> അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: