കോട്ടയം: ആരോഗ്യകേരളം വാര്‍ഷിക പദ്ധതി രൂപീകരണ ശില്പശാല 2013-14 വര്‍ഷത്തേക്ക് ജില്ലയിലെ ആരോഗ്യമേഖലയില്‍ 50 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്കി. പദ്ധതിയുടെ ഭാഗമായി 34 പുതിയ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനും 44 കേന്ദ്രങ്ങള്‍ നവീകരിക്കാനും ലക്ഷ്യമിടുന്നു.
കോട്ടയം ജില്ലാആശുപത്രിയില്‍ സി.ടി. സ്കാന്‍ സംവിധാനത്തിന് കെട്ടിടം(25 ലക്ഷം രൂപ), പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ഒ.പി. കാഷ്വാലിറ്റി കെട്ടിടം(2 കോടി രൂപ), ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യം, കാഷ്വാലിറ്റി നവീകരണം(നാലു കോടി രൂപ), കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 150 കിടക്കകളുള്ള പുതിയ കെട്ടിടം(അഞ്ചുകോടി രൂപ), ജില്ലാ കുടുംബക്ഷേമ മെഡിക്കല്‍ സ്റ്റോറിനും(1.15 കോടി രൂപ), തലയോലപറമ്പ് സാമൂഹിക ആരോഗ്യകേന്ദ്രത്തിനും(മൂന്നു കോടി രൂപ), തിടനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനും(3 കോടി രൂപ)പുതിയ കെട്ടിടങ്ങള്‍, നെടുംകുന്നം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് പുതിയ ടി.ബി ഡോട് കേന്ദ്രം, മുണ്ടന്‍കുന്ന് ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ ഒ.പി ബ്ലോക്ക്(ഒരുകോടി രൂപ) തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമെ 15 ആരോഗ്യ സ്ഥാപനങ്ങളില്‍ 1.33 കോടി രൂപയുടെ പുതിയ
മെഡിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. പ്രസവ ചികിത്സാസൗകര്യങ്ങള്‍, ലബോറട്ടറി സൗകര്യങ്ങള്‍ എന്നിവ വര്‍ധിപ്പിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ജില്ലയിലെ 330 കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലും ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സിന്റെ സേവനം ലഭ്യമാക്കും.
പൊതുജന ആരോഗ്യ മേഖലയില്‍, പ്രത്യേകിച്ച് ആരോഗ്യസ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരെ നിയമിക്കുന്നതിലും ഗണ്യമായ പുരോഗതി കൈവരിക്കാന്‍ 2007-ല്‍ ആരംഭിച്ച ആരോഗ്യകേരളം പദ്ധതി സഹായകമായതായി ശില്പശാല ഉദ്ഘാടനം ചെയ്ത ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. എം. അയിഷാബായി പറഞ്ഞു
സംസ്ഥാന ആരോഗ്യകേരളം കണ്‍സള്‍ട്ടന്റ് എം. പി. ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. നിസാര്‍ എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.റ്റിജി തോമസ്, ഐ.സി.എച്ച് സൂപ്രണ്ട് ഡോ. സവിധ, ആരോഗ്യവകുപ്പ് ജില്ലാതല ഉദ്ദ്യോഗസ്ഥര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: