ബംഗളൂരു: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്ന് കാവേരി നദീജലം തമിഴ്നാടിന് നല്‍കിത്തുടങ്ങി. ഇതിനായി അണക്കെട്ടിന്റെ നാല് ക്രാഷ് ഗേറ്റുകള്‍ തുറന്നു. കര്‍ണാടക ജലസേചന വകുപ്പാണ് വാര്‍ത്ത പുറത്തുവിട്ടത്. 124 അടിയാണ് കൃഷ്ണരാജ സാഗര്‍ അണക്കെട്ടിന്റെ ഉയരം. തിങ്കളാഴ്ച്ച വരെ തമിഴ്നാടിന് 1000 ക്യുബിക് അടി ജലം നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. പ്രശ്നപരിഹാരത്തിനായി കാവേരി മോണിറ്ററിംഗ് കമ്മിറ്റി ഉടന്‍ ചേരണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നേരിടുന്ന വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ വെള്ളം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കര്‍ണാടകം. കാവേരി നിരീക്ഷണ സമിതി യോഗം ചേര്‍ന്ന് ഇരു സംസ്ഥാനങ്ങള്‍ക്കും ആവശ്യമുള്ള വെള്ളത്തിന്റെ അളവ് കണക്കാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. തിങ്കളാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും.
സുപ്രീംകോടതിയുത്തരവിനെ തുടര്‍ന്ന് ഏതാനും മാസം മുന്‍പ് വെള്ളം വിട്ടുനല്‍കിയിരുന്നെങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടകം പിന്നീട് ഇത് നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാനായി കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ദല്‍ഹിയിലേക്ക് തിരിച്ചു. പ്രധാനമന്ത്രി മന്മോഹന് സിംഗുമായും ജലവിഭവമന്ത്രി ഹരീഷ് റാവത്തുമായും അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്യും. ജലതര്‍ക്കം പരിഹരിക്കാന്‍ നേരത്തെ രണ്ട് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെട്ടിരുന്നു.
ഇതിനിടെ, തമിഴിനാടിന് ജലം നല്‍കുന്നതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രക്ഷോഭകര്‍ റോഡ് ഉപരോധിച്ചു. സത്യമംഗലത്തിനടുത്ത് ഈറോഡ് മൈസൂര്‍ മേഖലകളില്‍ സമരക്കാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രതിഷേധത്തിന്റെ രണ്ടാംദിവസവും റോഡ്ഗതാഗതം തടസപ്പെട്ടു. തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: