കോട്ടയം: കോട്ടയത്തെ മാതൃകാ നഗരമാക്കി മാറ്റുകയാണ് തന്റെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണ സമിതിയുടെ ലക്ഷ്യമെന്ന് പുതിയ ചെയര്മാന് എം.പി.സന്തോഷ് കുമാര്‍ പറഞ്ഞു. ഇതിനായി വിവിധ മേഖലകളില്‍നിന്ന് ഫണ്ടു കണ്ടെത്തുമെന്നും പ്രസ് ക്ലബ്ബിന്റെ മുഖാ മുഖം പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
നഗരത്തിന്റെ വികസനത്തെകുറിച്ച് അനുഭവസമ്പത്തുമുള്ള മുന്‍ ചെയര്മാന് മാരുടെയും വിദഗ്ധരുടെയും സഹായങ്ങളോടെയായിരിക്കും ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുക. ഇക്കാര്യം നഗരസഭാ കൗണ്‍സിലില്‍ വശദമായി ചര്‍ച്ചചെയ്യും.
വടവാതൂരിലെ മാലിന്യ പ്രശ്നം അതീവഗൗരവമായി കണ്ട് ശാശ്വത പരിഹാരത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും.ഇക്കാര്യത്തില്‍ കഴിഞ്ഞ ഭരണസമിതി നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാകും ഉണ്ടാകുക. മാലിന്യപ്രശ്നം അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കാമെന്ന് ഡച്ചിലെ ഒരേജന്‍സി അറിയിച്ചിട്ടുണ്ട്. ഇവര്‍ പ്രോജക്ട് തന്നാല്‍ ചര്‍ച്ച ചെയ്യും. ഡച്ച് സംഘം നാളെ കേരളത്തിലെത്തും. ഇവരുമായി ചര്‍ച്ചനടത്തി ശുചിത്വമിഷന്റെ സഹകരണത്തോടെ തുടര്‍ നടപടികള്‍ കൈക്കൊള്ളും.
വീടുകള്‍ തോറും ബയോഗ്യാസ് പ്ലാന്റുകളും,മണ്ണിരകമ്പോസ്റ്റും നിര്‍മ്മിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി മാലിന്യങ്ങളെ ഉറവിടങ്ങളില്‍ തന്നെ സംസ്ക്കരിക്കുന്നതിന് മുന്‍ഗണന നല്‍കും. ഇതോടെ പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കാനാകും. വടവാതൂരിലെ മാലിന്യം ഇങ്ങനെ കുറച്ചുകൊണ്ടുവരാനായിരിക്കും ശ്രമിക്കുക. നഗരത്തെ സമ്പൂര്‍ണ്ണ പച്ചക്കറി സ്വയം പര്യാപ്ത പ്രദേശമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കും.
നഗരത്തിലെ തെരുവു വിളക്കുകള്‍ തെളിക്കുന്നതിനും അറ്റകുറ്റപണികള്‍ നടത്തുന്നതിനുമായി നല്‍കിയിട്ടുള്ള കരാര്‍ ഫലപ്രദമായി നടപ്പാക്കും. പ്രധാന വഴികളില്‍ കൂടുതല്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് വിവിധ ഏജന്‍സികളുമായി ചര്‍ച്ചചെയ്തു വരികയാണ്. ഇക്കാര്യം കൗണ്‍സിലില്‍ ആലോചിച്ച് പ്രാവര്‍ത്തികമാക്കും. നഗരത്തിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകളിലെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.ഇതിനായി നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ യോഗം വിളിക്കും. ഹോട്ടലുകള്ക്കുപുറമെ, കോള്‍ഡ് സ്റ്റോറേജ്, തട്ടുകടകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തും. ഇക്കാര്യത്തില്‍ ആദ്യം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കും. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ ശുചിത്വം ഉറപ്പുവരുത്തുന്നതിന് നൈറ്റ് സ്ക്വാഡുകളെ നിയോഗിക്കും. ഇവര്‍ക്ക് പരിശോധനയ്ക്ക് ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആഭ്യന്തരമന്ത്രിയുമായി ആലോചിച്ച് ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം നല്‍കും.
നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിന് വിവിധ പദ്ധതികള്‍ പരിഗണനയിലാണ്. നഗരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്വാകാര്യ ഏജന്‍സികളുടെ സഹായത്തോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ഇടവഴികള്‍ ഫലപ്രദമായി ഉപയോഗിക്കത്തക്കവിധം ഗതാഗത സംവിധാനം പരിഷ്ക്കരിക്കും. നഗരത്തിലെ ജലവിതരണം, വൈദ്യുതി വിതരണം എന്നിവയിലുണ്ടാകുന്ന അപാകതകളും പരാതികളും പരിഹരിക്കുന്നതിനായി ഫലപ്രദ നടപടികള്‍ സ്വീകരിക്കും. വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ് അധികൃതരുടെ യോഗം ഇതിനായി വിളിച്ചു ചേര്‍ക്കും. നഗരത്തിലെത്തുന്ന കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടികള്‍ നേരിടുന്നുണ്ട്. നഗര വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന ആത്മവിശ്വാസവും ചെയര്മാന് പ്രകടിപ്പിച്ചു.
നഗരത്തില്‍ തെരുവു നായകളുടെ ശല്യം സംബന്ധിച്ച് പരാതികള്‍ ദിവസവും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവയെ നശിപ്പിക്കുന്നതിനും പ്രജനനം തടയുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതില്‍ നിയമപരമായും പ്രായോഗികമായും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് തടസം. ഇക്കാര്യത്തില്‍ എല്ലാവരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചെയ ര്‍മാന്‍ അറിയിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ രാജം.ജി.നായരും മുഖാമുഖത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: