കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇന്ന് വൈകിട്ട് അഞ്ചിന് നിര്‍വ്വഹിക്കും. കാക്കനാട്ടെ ലീലാ ഇന്‍ഫോപാര്‍ക്കില്‍ 2,75,000 ചതുരശ്ര അടിയില്‍ പത്ത് നിലകളിലായാണ് പുതിയ ഐ.ടി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. 2000-ത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.
ഇന്‍ഫോപാര്‍ക്കിന്റെ വികസനത്തില്‍ കോ-ഡവലപ്പറായി ഐടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ലീലാ ഇന്‍ഫോപാര്‍ക്കിന്റെ നാലാമത്തെ കെട്ടിട സമുച്ചയമാണ് ഇത്. മറ്റ് മൂന്ന് കെട്ടിട സമുച്ചയങ്ങളിലും വിവിധ ഐടി കമ്പനികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ആദ്യ കെട്ടിടത്തില്‍ ഒന്നരലക്ഷം ചതുരശ്ര അടി സ്ഥലവും രണ്ടാമത്തെ കെട്ടിടത്തില്‍ മൂന്നുലക്ഷത്തി മുപ്പതിനായിരം ചതുരശ്ര അടിയിലും, മൂന്നാമത്തെ കെട്ടിടത്തില്‍ ഒരുലക്ഷത്തി അറുപതിനായിരം ചതുരശ്ര അടി സ്ഥലവും പൂര്‍ണ്ണമായും വിവിധ കമ്പനികള്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഇന്‍ഫോപാര്‍ക്ക് തുടങ്ങുന്നത് മുതല്‍ ലീലാ ഇന്‍ഫോപാര്‍ക്ക് ഐടി. വികസനത്തിലും തൊഴില്‍ മേഖലയിലും നല്കുന്ന സംഭാവനകള്‍ വിലമതിക്കപ്പെട്ടതാണെന്നും, കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇന്‍ഫോപാര്‍ക്കിലേക്ക് വരുന്നതിലൂടെ കേരളത്തിന്റെ ഐ.ടി.മേഖലയുടെ വളര്‍ച്ച ത്വരിതഗതിയിലാകുമെന്നും ഇന്‍ഫോപാര്‍ക്ക് സിഇഒ ജിജോ ജോസഫ് പറഞ്ഞു. ഇന്‍ഫോപാര്‍ക്കില്‍ ലീലാ ഇന്‍ഫോപാര്‍ക്ക് ഏറ്റെടുത്തിരിക്കുന്ന 6.35 ഏക്കറിലാണ് ഈ വികസനം പുരോഗമിക്കുന്നത്. ഈ കെട്ടിടംകൂടി വരുന്നതോടെ എട്ടുലക്ഷത്തി എഴുപത്തയ്യായിരം ചതുരശ്ര അടിയിലുള്ള ഐ.ടി. അടിസ്ഥാന സൗകര്യം ലീലാ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം സജ്ജമാകും. ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്, തൃക്കാക്കര മുന്‍സിപ്പാലിറ്റി ചെയര്മാന് മുഹമ്മദ് അലി ലീലാ സോഫ്റ്റിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വേണുകൃഷ്ണന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: