കൊച്ചി: പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് മണല്‍ക്കടവുകളില്‍ നിന്നും പരമാവധി അനുവദിക്കുന്ന മണല്‍ 50 ടണ്‍. ഒരു അലോട്ട്മെന്റില്‍ അഞ്ച് ടണ്‍ വീതം പത്തു തവണയായാണ് ഇത്രയും മണല്‍ അനുവദിക്കുക. അറ്റകുറ്റപ്പണികള്‍ക്ക് പരമാവധി അഞ്ച് ടണ്‍ മണലാണ് അനുവദിക്കുകയെന്നും മണല്‍ വിതരണം സംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി. ലോഡ് ഒന്നിന് അമ്പത് രൂപ നിരക്കില്‍ രജിസ്ട്രേഷന് ഫീയും ഈടാക്കും.
എറണാകുളം ജില്ലയിലെ മണല്‍ വിതരണം ഓണ്‍ലൈനാക്കുന്നതിന് മുന്നോടിയായി പിറവം, മണീട് ഗ്രാമപഞ്ചായത്തുകളില്‍ പെയിലറ്റ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കളക്ടറുടെ മാര്‍ഗനിര്‍ദേശം. ഈ പഞ്ചായത്തുകളില്‍ മണലിനുള്ള അപേക്ഷ സ്വീകരിക്കുന്നതും പാസ് അനുവദിക്കുന്നതും കംപ്യൂട്ടര്‍ മുഖേനയാണ്. അപേക്ഷകള്‍ നിശ്ചിത ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസുകളില്‍ സ്വീകരിക്കും. അപേക്ഷകന് നല്കുന്ന രസീതിന്റെ മുന്‍ഗണനാക്രമത്തിലാണ് മണല്‍ പാസ് അനുവദിക്കുക.
മണലിനായി അപേക്ഷിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കടവുകളില്ലാത്ത തദ്ദേശസ്ഥാപനങ്ങളിലെ അപേക്ഷകര്‍ അതത് തദ്ദേശസ്ഥാപന സെക്രട്ടറി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച് സാക്ഷ്യപത്രം വാങ്ങിയതിന് ശേഷം മണല്‍ അനുവദിച്ചിരിക്കുന്ന പഞ്ചായത്തില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യണം. ആകെ ലഭ്യമായ അപേക്ഷകളില്‍ നിന്നും പഞ്ചായത്ത് അധികൃതര്‍ പരിശോധിച്ച് അന്വേഷണം നടത്തി സാക്ഷ്യപത്രം നല്കുന്ന അപേക്ഷകരെ മാത്രമേ മണല്‍ അനുവദിച്ചു കൊണ്ടുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.
മുന്‍ഗണനാക്രമത്തില്‍ മണല്‍ അനുവദിച്ചുകൊണ്ടുള്ള ടോക്കണ്‍ ലിസ്റ്റ് പഞ്ചായത്ത് ഓഫീസില്‍ പ്രസിദ്ധീകരിക്കും. ടോക്കണ്‍ നമ്പര്‍, തുക അടക്കേണ്ട ദിവസം എന്നിവയും ലിസ്റ്റിലുണ്ടായിരിക്കും. നിശ്ചിത ദിവസം പണമടക്കാത്തവര്‍ക്ക് മണലിനുള്ള അവസരം നഷ്ടമാകും. ഒരു തവണ ഒരു ലോഡ് മണലാണ് അപേക്ഷകന് അനുവദിക്കുക. ഒരു പ്രാവശ്യം മണല്‍ ലഭിച്ചു കഴിഞ്ഞാല്‍ അടുത്ത അലോട്ട്മെന്റിന് അപേക്ഷകന് തന്റെ കണ്‍സ്യൂമര്‍ നമ്പര്‍ വീണ്ടും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. മുഴുവന്‍ അലോട്ട്മെന്റ് ലഭിക്കുന്നതു വരെ ഈ രീതി തുടരണം.
ആകെ ഖാനനം ചെയ്യുന്ന മണലിന്റെ അമ്പത് ശതമാനം കടവുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ക്കും 30 ശതമാനം കടവുകള്‍ ഇല്ലാത്ത മറ്റ് പഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ക്കും അഞ്ച് ശതമാനം സര്‍ക്കാര്‍ മരാമത്തുകള്ക്കും നല്‍കും. ബാക്കി വരുന്ന 15 ശതമാനം പഞ്ചായത്തിന്റെ നിയന്ത്രണത്തിന് വിധേയമായി സ്പെഷ്യല്‍ ക്വാട്ടയായി അനുവദിക്കും.
ഓരോ ദിവസവും മണല്‍ പാസ് കൊടുത്തിരിക്കുന്നവരുടെ ലിസ്റ്റ് ഓരോ കടവിലും പഞ്ചായത്ത് അധികൃതര്‍ എത്തിക്കും. ഓരോ കടവിലെയും മണലെടുപ്പ് കഴിയുമ്പോള്‍ കടവ് ഉദ്യോഗസ്ഥര്‍ ലിസ്റ്റില്‍ അടയാളപ്പെടുത്തിയതിന് ശേഷം പഞ്ചായത്തില്‍ തിരിച്ചേല്‍പ്പിക്കണം. പാസ് ലഭിച്ചവര്‍ മണല്‍ നല്കാന് കഴിയാതിരുന്നാല്‍ വിവരം പഞ്ചായത്ത് ഓഫീസ് വഴി ജില്ലാ കളക്ടറേറ്റില്‍ അറിയിക്കണം. മണല്‍ പാസുകളുടെ കൈമാറ്റം അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: