ന്യൂദല്‍ഹി: പാക് അധീന കാശ്മീരിലുള്ളവര്‍ നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതായി പ്രതിരോധമന്ത്രി എ.കെ.ആന്റണി. ഇക്കൂട്ടത്തില്‍ മുമ്പ് ഭീകരപ്രവര്ത്തനത്തിലേര്പ്പെട്ടിരുന്നവരുമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്ട്ടുകളുദ്ധരിച്ച് പ്രതിരോധമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആന്റണി. ഇന്ത്യാ ഗവണ്മെന്റ് കാശ്മീരില്‍ നടപ്പാക്കിവരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളെ ദുരുപയോഗം ചെയ്യുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാക് അധീന കാശ്മീരില്‍ നിന്നും ഭീകരപ്രവര്ത്തകരടക്കമുള്ള ചെറുപ്പക്കാര്‍ നേപ്പാളിലെ അനധികൃതമാര്‍ഗങ്ങളിലൂടെ കാശ്മീരിലേക്കു നുഴഞ്ഞു കയറുന്നുണ്ടോ എന്നായിരുന്നു രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യം.
നേപ്പാളിലെ ട്രാന്‍സിറ്റ് കോറിഡോര്‍ വഴിയാണ് പാക് അധീന കാശ്മീരിലെ മുന്‍തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടുന്നത്. ഇത് ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്നും ചെറുപ്പക്കാരെ വിടുവിച്ച് സംസ്ഥാനത്ത് പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുന്ന നയത്തെ ദുരുപയോഗം ചെയ്തിട്ടാണോ എന്ന് പറയാനാകില്ല. ഇത്തരം നുഴഞ്ഞുകയറ്റ പ്രവര്‍ത്തനങ്ങളെ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട പ്രതിരോധങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതിരോധവകുപ്പുടക്കമുള്ള എല്ലാ ഏജന്‍സികളും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സേനാവിഭാഗങ്ങളിലെ ചാരപ്രവര്‍ത്തനങ്ങളില്‍ മൂന്നു സൈനികര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഇവര്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഈ മൂന്നുപേരും കസ്റ്റഡിയിലാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: