മരട്(കൊച്ചി): ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കാവല്ക്കാരനെക്കൊന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ നാല്‍വര്‍ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. സുപ്രീംകോടതി അഭിഭാഷകന് സി.എസ്.വൈദ്യനാഥന്റെ മരട് ശങ്കര്‍ നഗറിലെ വീട്ടില്‍ ഒക്ടോബര്‍ 29ന് രാത്രിയിലായിരുന്നു കൊലയും കവര്‍ച്ചയും നടന്നത്. തമിഴ്നാട് കടലൂര്‍ ജില്ലയിലെ പണ്‍റുട്ടി കട്ടാണ്ടികുപ്പത്ത് സഭാപതി (28), കൂട്ടാളികളായ പണ്‍റുട്ടി കടാംപുളിയൂര് തങ്കമണി എന്ന അറുമുഖം (26), ശേഖര്‍ (27), ശെല്‍വം (23) എന്നിവരെയാണ് എറണാകുളം സൗത്ത് സിഐ ജി.വേണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
തൃക്കാക്കര അസി.കമ്മീഷണര്‍ ബിജോ അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ തമിഴ്നാട്ടിലെ പണ്‍റുട്ടിയില്‍ പിടിയിലായത്. കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്ന അഞ്ചാമന് എഴുളിനെ പിടികിട്ടാനുണ്ട്. 2010 മെയില്‍ ഇതേവീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന് 12 പവന് മോഷ്ടിച്ച കേസില്‍ പിടിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ച ആളാണ് സഭാപതി. ഒക്ടോബര്‍ 29ന് ഉച്ചയ്ക്ക് ഓട്ടോയില്‍ മരടിലെത്തിയ സംഘത്തിന് തലവന്‍ സഭാപതി കവര്ച്ചനടത്തേണ്ട വീട് കാണിച്ചു കൊടുത്തു. തിരികെ വൈറ്റിലയിലെത്തിയ സംഘം മദ്യപിച്ചു. തുടര്‍ന്ന് മരടിലെത്തി കവര്‍ച്ച നടത്തേണ്ട വീടിന്റെ സമീപത്തുള്ള ഒഴിഞ്ഞ വീട്ടില്‍ ഒളിച്ചിരുന്നു. രാത്രി 12 മണിയോടെ വൈദ്യനാഥന്റെ വീടിന്റെ മതില് ചാടിക്കടന്ന് അകത്തെത്തിയ ശേഷം പിന്‍ഭാഗത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന കാവല്ക്കാരന് ബോസിനെ ശ്വാസം മുട്ടിച്ചു കൊന്നു.
തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകയറി കവര്‍ച്ച നടത്തി. സംഭവശേഷം വഴിപിരിഞ്ഞ് ബസിലും ട്രെയിനിലുമായി ഇവര്‍ പണ്‍റുട്ടിയില്‍ എത്തി. പോലീസ് പിടികൂടുമെന്ന സംശയത്തില്‍ ബന്ധുവിനെ ദേഹോപദ്രവമേല്‍പ്പിച്ച് മനപ്പൂര്‍വം കേസുണ്ടാക്കി തമിഴ്നാട് ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു ഇവര്‍. തൃശ്ശിനാപ്പിള്ളി, കടാംപുളിയൂര്, പണ്‍റുട്ടി എന്നീ സ്റ്റേഷനുകളില്‍ മോട്ടോര്‍ സൈക്കിള്‍ മോഷണക്കേസില്‍ സഭാപതി പ്രതിയാണ്. തിരുനെല്‍വേലി, മധുര, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ജൂവലറി കവര്‍ച്ചാക്കേസിലും തൃശൂര്‍, പനങ്ങാട് സ്റ്റേഷനുകളില്‍ മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. തിരുവനന്തപുരത്ത് കല്ലറയില്‍ സെക്യൂരിറ്റിക്കാരനെ കൊന്ന് ജൂവലറിയില്‍ നിന്നും ഒന്നരക്കിലോ സ്വര്‍ണം കവര്‍ന്നതിന് സഭാപതിയുടെ സഹോദരന് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മരടിലെ വീട്ടില്‍ നേരത്തെ മോഷണം നടത്തിയ കേസിലെ പ്രതികള്‍ക്ക് ഈ സംഭവവുമായി ബന്ധമുണ്ടെന്ന സംശയമാണ് പനങ്ങാട് എസ്ഐ എ.ബി.വിപിന്‍, എറണാകുളം സൗത്ത് എസ്ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം തമിഴ്നാട്ടിലെത്തിയതിന് കാരണം. ദിവസങ്ങളോളം അവിടെ ക്യാമ്പു ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്യാനായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇവരെ തമിഴ്നാട്ടിലും മറ്റും കൊണ്ടുപോയി തെളിവെടുക്കാനുള്ളതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
അഡീഷണല്‍ എസ്ഐമാരായ സോമന്, വിജയ്കുമാര്‍, എഎസ്ഐ തിലകരാജ്, സീനിയര്‍ സിപിഒമാരായ ആന്റണി സെബാസ്റ്റ്യന്‍, വിനായകന്, ഇബ്രാഹിം ഷുക്കൂര്‍, ജേസ്സി, സിപിഒമാരായ ഗിരീഷ്, മണിക്കുട്ടന്, രാജേഷ്, സനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: