ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാംഗ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജി തള്ളണമെന്ന തീരുമാനത്തെ ജസ്റ്റിസ് പി.സദാശിവവും എസ്.എസ്.നിജ്ജാറും അനുകൂലിച്ചു. എന്നാല്‍ ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ് എന്നിവര്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന നിലപാടെടുത്തു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന് വേണ്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സമയത്ത് പ്രതിഫലം പറ്റുന്ന പദവി വഹിച്ചിരുന്നുവെന്നാണ് സാംഗ്മയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്മാന് പദവി വഹിച്ചിരുന്ന കാലത്താണ് മുഖര്‍ജി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായിരുന്നു അദ്ദേഹം. ഇക്കാരണത്താല്‍ തന്നെ ഹര്‍ജിയില്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്ന നിലപാടാണ് ചെലമേശ്വറും ഗോഗോയും സ്വീകരിച്ചത്.
അതേസമയം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്മാന് പദവി രാജിവച്ചതായി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ പ്രണബ് മുഖര്‍ജി കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: