കൊച്ചി: ശാസ്ത്രസാങ്കേതിക പുരോഗതികള്‍ ജീവിതശൈലിയെ മാറ്റിമറിക്കുമ്പോള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുന്നുവെന്നും പ്രകൃതി സംരക്ഷണത്തില്‍ ഊന്നിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നാടിന് അനിവാര്യമെന്നും ഡോ.എന്‍.സി.ഇന്ദൂചൂഡന് (നോഡല്‍ ഓഫീസര്‍, സര്‍ക്കാര്‍ വികസനപദ്ധതികള്‍, അട്ടപ്പാടി) ഇത്തരം പരിപാടികള്‍ക്ക് കേരളം കൊടുക്കുന്ന പ്രാധാന്യം വളരെ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാശ്രയ ഭാരത് 2012 ശാസ്ത്രമേളയുടെ ഭാഗമായി പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തി ഭാവിയില്‍ അവരെ പരിസ്ഥിതി സൗഹാര്‍ദ്ദ ജീവിതരീതി പിന്തുടരാന് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സ്വദേശി ശാസ്ത്ര പ്രസ്ഥാനം സെക്രട്ടറി ഡോ.എന്‍.ജി.കെ.പിള്ള സ്വാഗതം പറഞ്ഞ ചടങ്ങ് വിദ്യാര്‍ത്ഥികളുടെ പ്രതിനിധികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രൊഫ.സീതാരാമന്, ഡോ.എന്‍.സി.ഇന്ദുചൂഢന്, സി.മൈഥിലി, ഡോ.ടി.വി.സജീവ്, സി.കെ.രാജീവ്, മെലാനി സോളമന്, ഡോ.എ.കെ.പ്രേമ, ഡോ.ബീന, എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി സംബന്ധമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. ഗ്രീന്‍ ഡോക്ടേഴ്സ് കോര്‍ഡിനേറ്റര്‍ ധന്യ മുകുന്ദന് നന്ദി പ്രകാശിപ്പിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ എളമക്കര ഭവന്‍സ് വിദ്യാലയത്തിലെ ഗായത്രി, എസ്.അയ്യര്‍, എ.കിഷന് എന്നിവര്‍ ഒന്നാം സ്ഥാനവും, കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ വി.നവീന്‍, നവീന്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ രണ്ടാം സ്ഥാനവും, ഏരൂര്‍ ഭവന്‍സ് വിദ്യാലയത്തിലെ എസ്.അരുണ്‍, അഭിജിത്ത് ശ്രീധരന് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ഇന്ന് രാവിലെ വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരുമായി മുഖാമുഖം പരിപാടി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: