ന്യൂദല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്റാളിന് പാര്ലമെന്റ്ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചതിനുശേഷം പാര്‍ലമെന്റ് പിരിഞ്ഞു. സമുന്നതനായ പാര്‍ലമെന്റേറിയനും ശ്രേഷ്ഠനായ നേതാവുമായിരുന്നു ഗുജ്റാളെന്ന് ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ അനുസ്മരിച്ചു. രാജ്യത്തിന് മികച്ച ഭരണാധികാരിയായിരുന്നു ഗുജ്റാള്‍. തികഞ്ഞ രാജ്യസ്നേഹിയെയാണ് നമുക്ക് നഷ്ടമായതെന്ന് രാജ്യസഭയില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പറഞ്ഞു. ഗുജ്റാളിനോടുള്ള ബഹുമാനാര്‍ഥം ഒരു മിനിറ്റ് അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് മൗനമാചരിച്ചു.
ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ 28 -ാം വാര്‍ഷികം പ്രമാണിച്ച് ദുരന്തത്തിനിരയായവര്‍ക്കും സഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അംഗവൈകല്യം വന്ന ആളുകളുടെയും ജനിതക വൈകല്യമുള്ള കുട്ടികളുടെയും രൂപത്തില്‍ ഭോപ്പാല്‍ ദുരന്തം ഇപ്പോഴും നമ്മെ വേട്ടയാടുന്നുണ്ടെന്ന് രാജ്യസഭയില്‍ ഹാമിദ് അന്‍സാരി പറഞ്ഞു. മനുഷ്യനിര്‍മിത ദുരന്തമാണ് ഭോപ്പാലിലുണ്ടായതെന്ന് പറഞ്ഞ അദ്ദേഹം ഇതിന്റെ ഫലമായി ദുരിതം പേറി കഴിയുന്നവരെ സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും അംഗങ്ങളെ ഓര്‍മിപ്പിച്ചു. ഭരണാധികാരികളെന്ന നിലയില്‍ ധാര്‍മികമായും നിയമപരമായും തങ്ങള്‍ ഇതിന് കടപ്പെട്ടവരാണെന്നും ഹാമിദ് അന്‍സാരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: