ന്യൂദല്‍ഹി: സബ്സിഡിക്ക് പകരം പണം പദ്ധതി പ്രഖ്യാപിച്ചതില്‍ തെരഞ്ഞെടുപ്പു പെരുമാറ്റചട്ട ലംഘനമല്ലെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്കി. 2012 മാര്‍ച്ച് 16ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയാണ് പദ്ധതിയെക്കുറിച്ച് ആദ്യ പ്രഖ്യാപനം നടത്തിയത്. ഇതു സംബന്ധിച്ച പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പത്രക്കുറിപ്പ് സെപ്റ്റംബര്‍ 28നു പുറത്തിറങ്ങി. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് ഒക്ടോബര്‍ മൂന്നിനാണെന്നു കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സബ്സിഡി നേരിട്ടു കൈമാറല്‍ പദ്ധതി പ്രഖ്യാപിച്ചതില്‍ കേന്ദ്രസര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടിയിരുന്നു. ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നല്‍കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത് ശരിയായില്ലെന്ന് കമ്മിഷന് വ്യക്തമാക്കിയിരുന്നു.
സബ്സിഡിക്ക് പകരം പണം പദ്ധതിയുടെ പ്രഖ്യാപനം ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്ന 51 ജില്ലകളില്‍ നാലെണ്ണം ഗുജറാത്തിലാണ്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടിയത്.
കഴിഞ്ഞ ആഴ്ചയാണ് പാചക വാതകം, മണ്ണെണ്ണ, റേഷന്‍ ധാന്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സബ്സിഡിക്ക് പകരം പണം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: