കൊച്ചി: വാഹന വിപണി മുന്നേറ്റത്തില്‍ കേരളം വന്‍ കുതിപ്പിലേയ്ക്ക് നീങ്ങുന്നു. സംസ്ഥാനത്ത് വീടുകളുടെ എണ്ണത്തെക്കാള്‍ ഏറെയാണ് വാഹന സംഖ്യയെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒരു വീടിന് ഒരു വാഹനം എന്നതിനെ മറികടന്ന് ഒരു വീടിന് ഒന്നര വാഹനം എന്ന സമവായത്തിലേയ്ക്കാണ് വാഹന സംഖ്യ വര്‍ധനവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പ്രതിവര്‍ഷം ഒരുലക്ഷം കോടിയിലേറെ രൂപയുടെ വിപണി കുതിപ്പില്‍ കേരളം ആഭ്യന്തര വാഹനവില്‍പ്പന ശരാശരിയെക്കാള്‍ ഏറെ മുന്നിലാണെന്നാണ് പറയുന്നത്.
ജനസംഖ്യാനുപാതികമായി സംസ്ഥാനത്ത് വീടുകള്‍ കുറവാണെങ്കിലും വാഹനപ്പെരുപ്പം ഏറെയാണെന്നാണ് വിലയിരുത്തല്‍. 60ലക്ഷം വീടുകളുള്ള കേരളത്തില്‍ 2011 വര്‍ഷത്തെ കണക്ക് പ്രകാരം 60.72 ലക്ഷം വാഹനങ്ങളാണുള്ളത്. എന്നാല്‍ 2012 ലിത് 64.11 ലക്ഷം വാഹനമായി വര്‍ധിക്കുകയും ചെയ്തതോടെയാണ് വീടും വാഹനവും തമ്മിലുള്ള തുലനതയില്‍ മാറ്റമുണ്ടായത്. 72 ലക്ഷത്തോളം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തില്‍ 10 ശതമാനം വാഹനങ്ങള്‍ നിരത്തുകളില്നന്നും കാലപ്പഴക്കം മൂലം ഒഴിവാക്കപ്പെടുന്നതായാണ് കരുതുന്നത്. 1960 ല്‍ 24,000 വാഹനങ്ങള്‍ മാത്രമുള്ള കേരളത്തില്‍ 1970 ലിത് 86,000 വാഹനങ്ങളായി വര്‍ധിച്ചു. 1980 ല്‍ 1.75 ലക്ഷമായും 1990 ല്‍ 5.81 ലക്ഷമായും 2000 മാണ്ടില്‍ 19 ലക്ഷമായും കുതിച്ചുയര്‍ന്നു. 2010ല്‍ 53.98 ലക്ഷം വാഹനമുള്ള കേരളത്തില്‍ രണ്ടുവര്‍ഷത്തിനകം 11 ലക്ഷത്തിലേറെ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. കാറുകളും ഇരുചക്രവാഹനങ്ങളും എണ്ണത്തില്‍ ഏറെയുള്ള സംസ്ഥാനത്ത് പൊതുജന ഗതാഗത സൗകര്യ ലഭ്യതയില്‍ ഇന്നും ഏറെ പിന്നിലാണെന്നാണ് വിലയിരുത്തുന്നത്. പൊതുമേഖല ചരക്ക് നീക്ക വാഹന ഗതാഗത സൗകര്യത്തില്‍ കേരളം ഇനിയും വന്‍ കുതിപ്പ് നടത്തണമെന്നാണ് വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതിവര്‍ഷം ശരാശരി ആറ് പുതിയ കാറുകള്‍ വിപണിയിലിറങ്ങുന്ന കേരളത്തില്‍ ചെറുകിട കാറുകള്‍ക്കും ഗതിവേഗ ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് വിപണി ഡിമാന്റ് എന്ന് വ്യാപാര കേന്ദ്രങ്ങള്‍ പറയുന്നു. പ്രതിവര്‍ഷം ശരാശരി ഒന്നരലക്ഷം കോടിയിലെറെ രൂപയുടെ ഇടപാടുകളാണ് സംസ്ഥാനത്ത് വാഹന വിപണിയിലൂടെ നടക്കുന്നത്. വില്‍പ്പന നികുതി, സേവന നികുതി, റോഡ് നികുതി, രജിസ്ട്രേഷന് എന്നീ ഇനങ്ങളിലായി കോടികളാണ് സര്‍ക്കാരിന് വരുമാനമായും ലഭിക്കുന്നത്. 69 ലക്ഷത്തോളം ഡ്രൈവിംഗ് ലൈസന്‍സ് ഉടമകളുള്ള സംസ്ഥാനത്ത് ഇന്നും പ്രതിവാരം 1000 ത്തിലേറെ ഡ്രൈവിംഗ് ലൈസന്‍സുകളാണ് പുതുതായി വിതരണം ചെയ്യുന്നത്.
ഉദാരവല്ക്കരണവും ബിസിനസ് മുന്നേറ്റവും ബാങ്കിംഗ് നിയന്ത്രണവും ഒഴിവായതോടെയാണ് വാഹനവിപണിയില്‍ വില്‍പ്പനയും സേവന കേന്ദ്രങ്ങളും കുതിപ്പ് പ്രകടമാക്കി തുടങ്ങിയതെന്ന് വ്യാപാരകേന്ദ്രങ്ങള്‍ പറയുന്നത്. ഭവനവായ്പയേക്കാള് സുതാര്യമായി എളുപ്പത്തില്‍ വാഹന വായ്പകള്‍ ലഭ്യമായി തുടങ്ങിയതോടെ യുവാക്കളും മധ്യനിര ജനങ്ങളും “സ്വന്തമായൊരു വാഹനം” എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. ഒപ്പം വിപണിയില്‍ വാഹന ലഭ്യത ഉറപ്പാക്കിക്കൊണ്ട് നിര്‍മാണ മേഖലയിലുണ്ടായ വളര്‍ച്ചയും ഇന്ത്യയിലെ വാഹന വില്‍പ്പന വര്‍ധനവിനോടൊപ്പം മലയാളക്കരയുടെ മുന്നേറ്റവും പ്രകടമാക്കുകയും ചെയ്തു. ഓരോ വര്‍ഷവും ശരാശരി 12 ശതമാനം വളര്‍ച്ചയാണ് സംസ്ഥാന വിപണിയുടെ നേട്ടമെന്നാണ് വിലയിരുത്തല്‍. ആഗോളവാഹനനിര്മാതാക്കളടക്കം 18 ല്‍ ഏറെ കമ്പനികളാണ് കേരളത്തില്‍ നേരിട്ടുള്ള വാഹന വില്‍പ്പന വിപണിയില്‍ സജീവമായിരിക്കുന്നത്. 20 ഓളം കമ്പനികള്‍ ഏജന്റുമാര്‍ മുഖേനയും സംസ്ഥാന വാഹന വിപണിയില്‍ സജീവ സാന്നിധ്യവുമാകുന്നുണ്ട്.
കുറഞ്ഞ വിലയുള്ള കാര്‍ വിപ്ലവം (നാനോകാര്‍) മലയാളക്കരയെ കാര്യമായി സ്വാധീനിച്ചിട്ടില്ലെന്നാണ് വില്‍പ്പന കേന്ദ്രങ്ങള്‍ പറയുന്നത്. പരമ്പരാഗതമായുള്ള അംബാസഡര്‍, പ്രീമിയര്‍ കാറുകളും ബജാജ് -സുസുക്കി യമഹ ഇരുചക്രവാഹനങ്ങളും ഇന്നും വാഹന വിപണിയില്‍ പ്രിയമുള്ളവയാണെന്നും ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര-വിദേശ മുന്‍നിര വാഹന നിര്‍മാതാക്കളുടെ വാഹന വിപണികളില്‍ സുപ്രധാന സ്ഥാനമാണ് കേരളവിപണി നേടിയിരിക്കുന്നത്. റോഡുകളുടേയും അടിസ്ഥാന സൗകര്യങ്ങളുടേയും അപര്യാപ്തതകള്‍ ഏറെയാണെങ്കിലും സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന വാഹന വിപണി മുന്നേറ്റത്തില്‍ ലക്ഷക്കണക്കിന് തൊഴിലവസര സൃഷ്ടിയും പ്രകടമായിട്ടുണ്ട്. സ്പെയര്‍പാര്‍ട്സ് വില്‍പ്പന, സേവനം, ഇന്‍ഷുറന്‍സ് ഏജന്‍സി, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങി അനുബന്ധമായുള്ള തൊഴില്‍ സാധ്യതകളും നികുതിവരുമാനവും സംസ്ഥാനത്തിന്റെ നേട്ടമായും വിലയിരുത്തുന്നുണ്ട്.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: