ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളിന്റെ ഭൗതികശരീരം ദേശീയ ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ബിജെപി നേതാവ് എല്‍.കെ.അദ്വാനി, യുപിഎ അധ്യക്ഷ സോണിയഗാന്ധി തുടങ്ങിയവര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു. പ്രാര്‍ഥനാമുഖരിതമായ അന്തരീക്ഷത്തില്‍ 21 ആചാരവെടികള്‍ മുഴങ്ങുന്നതിനിടെ ഗുജ്റാളിന്റെ ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. യമുനാ തീരത്തെ സ്മൃതിസ്ഥലിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുക്കിയത്.
അകാലിദള്‍ എംപി നരേഷ് ഗുജ്റാള്‍ അടക്കം അദ്ദേഹത്തിന്റെ രണ്ട് ആണ്മക്കള് സംസ്കാരച്ചടങ്ങുകള്‍ നിര്‍വഹിച്ചു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, ഹരിയാന മുഖ്യമന്ത്രി ഭൂപേണ്ടര് സിംഗ് ഹൂഡ, നേതാക്കളായ ഓംപ്രകാശ് ചൗതാല, രാംവിലാസ് പാസ്വാന്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ മൃതദേഹത്തില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, അദ്വാനി, മൂന്നു സേനാവിഭാഗങ്ങളുടെ തലവന്മാരും പുഷ്പചക്രം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: