അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയാണ് കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കാതിരുന്നതെന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുമ്പോള് തന്നെ നമ്മുടെ മനോഭാവവും മാറേണ്ടത് അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം തന്നെ പ്രാധാന്യ മര്‍ഹിക്കുന്ന ഒന്നാണ്.
‘ജിം’ കഴിഞ്ഞ് അടുത്തതായി ‘എമെര്‍ജിംഗ് കേരള’യാണ് മലയാളികളുടെ മുന്നില്‍ ‘വികസന രേഖ’യായി അവതരിക്കപ്പെട്ടിരിക്കുന്നത്. വിദേശത്ത് കാലാവസ്ഥയ്ക്കും പ്രകൃതിയ്ക്കും അനുസൃതമായി ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്ക്കരിച്ചു ദ്രുതഗതിയില്‍ നടപ്പിലാക്കുന്നത് കണ്ട് വൈകിയാണെങ്കിലും ആവേശത്തോടെ സമ്പന്നരേയും വ്യവസായികളേയും വിളിച്ചുവരുത്തി നിരവധി പദ്ധതികള്‍ അവരുടെ മുന്നില്‍ ‘എമെര്‍ജിംഗ് കേരള’യിലൂടെ മുന്നോട്ട് വെയ്ക്കുമ്പോള്‍ നമ്മുടെ മനോഭാവത്തെക്കുറിച്ചും അല്‍പ്പമെങ്കിലും ആലോചിക്കേണ്ടതില്ലേ? പൊതുസമൂഹത്തിന്റെ ഭാഗം തന്നെയായ സാധാരണ തൊഴിലാളികള്‍, ഓട്ടോ-ടാക്സി-ബസ് തൊഴിലാളികള്‍, ഹോട്ടല്‍ ഉടമകളും അതിലെ ജീവനക്കാരും തദ്ദേശ സ്വയംഭരണ-സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്, കീഴ് ജീവനക്കാര്‍ തുടങ്ങിയവരുടെ ധാര്‍ഷ്ട്യ സ്വഭാവം പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവരും അത്തരക്കാരാവണമെന്നില്ല, പക്ഷെ ആ സ്വഭാവമാണ് ആദ്യം മാറ്റേണ്ടത്. ഓരോ വ്യക്തിയുടേയും പൗരബോധം, രാജ്യസ്നേഹം, സൗഹൃദ-സ്നേഹഭാവം, മര്യാദ, മാന്യത, വിനയം തുടങ്ങിയ കാര്യങ്ങള്‍ പാലിയ്ക്കുന്നതില്‍ ഇനിയും ബഹുദൂരം നമ്മള് പോകേണ്ടുതുണ്ട്.
അടുത്തത് ശുചിത്വബോധമാണ്. വീടുകളിലേയും ഹോട്ടലുകളിലേയും മേറ്റ്ല്ലാ സ്ഥാപനങ്ങളിലേയും മാലിന്യങ്ങള്‍ റോഡിലേയ്ക്കും അന്യന്റെ പറമ്പിലേയ്ക്കും വലിച്ചെറിയാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഓരോ മലയാളിയും വെച്ചുപുലര്‍ത്തുന്ന നിഷേധാത്മക നിലപാടും മാറ്റി പോസിറ്റീവായ ഒരു തരംഗം സൃഷ്ടിക്കുവാന്‍ കഴിഞ്ഞാല്‍ നമുക്ക് മുന്നേറുവാന്‍ കഴിയും. വാസ്തവത്തില്‍ ആദ്യമായി നാം മാറ്റേണ്ടത് നമ്മുടെ മാറാല പിടിച്ച മനോഭാവം തന്നെയാണ്. അതിനുദാഹരണമാണ് ‘ഇന്‍കെല്‍’വഴി കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ ഇന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവരുന്നത്, എന്തോ പുതിയ രൂപത്തില്‍!? പക്ഷെ ഇന്നലെ അനുകൂലിച്ചവര്‍ ഇന്ന് എതിര്‍പ്പുമായി വരുമ്പോഴാണ് മനോഭാവത്തിലെ താളപ്പിഴ വ്യക്തമാകുന്നത്!
ഒരു മഴ പെയ്യുമ്പോള്‍ തന്നെ കുണ്ടുംകുഴിയുമാകുന്ന നമ്മുടെ റോഡുകളുടെ ദയനീയാവസ്ഥ മാറണം. വിദേശ രാജ്യങ്ങള്‍ റോഡുകള്‍ക്കായി മുടക്കുന്ന തുകയേക്കാള്‍ കൂടുതലാണ് നമ്മള് ചെലവിടുന്നത്! അവരുടെ റോഡുകള്‍ യാതൊരു കേടുപാടുമില്ലാതെ വര്ഷങ്ങളോളമിരിക്കുമ്പോള് നമ്മള് വര്‍ഷാവര്‍ഷം റോഡുകള്‍ പുനര്നിര്മിക്കേണ്ടതായിവരുന്നു! തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വെറും ചടങ്ങുമാത്രമായി ഭരണം നടത്തുകയല്ല വേണ്ടത്. ശക്തമായ നടപടികളുമായി നഗരത്തിന്റെയും ഗ്രാമത്തിന്റേയും കാവല്‍ക്കാരായി ജനപ്രതിനിധികള്‍ മാറണം. അടിസ്ഥാന സൗകര്യങ്ങള്‍ ഭംഗിയായും സ്ഥിരമായും ഒരുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമയും കര്‍ത്തവ്യവുമാണെന്ന ഉത്തമബോധ്യം ഉണ്ടായാല്‍ മാത്രമേ നമ്മുടെ നാടിന്റെ പുരോഗതിയ്ക്ക് വേണ്ടിയുള്ള വീഥി ഒരുങ്ങുകയുള്ളൂ.
വാസ്തവത്തില്‍ ‘എമെര്‍ജിംഗ് കേരള’യില്‍ അവതരിപ്പിക്കാനുദ്ദേശിച്ച പദ്ധതികള്‍ നാടിന് ചേരാത്ത വിധം ഉദ്യോഗസ്ഥന്മാരുടെ ഭാവനയില്‍ മുളച്ചതാണെന്ന ആക്ഷേപം ഒഴിവാക്കേണ്ടതായിരുന്നു. ‘എമെര്‍ജിംഗ് കേരള’യെക്കുറിച്ച് ഇപ്പോഴുണ്ടായ ആക്ഷേപം അതിനെ തുടര്ന്നുണ്ടായതാണെന്നത് വ്യക്തം! വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പണി മാത്രമേ പ്രതിപക്ഷത്തിനുള്ളുവെന്ന ധാരണ പരക്കുന്നത് നന്നല്ല, പ്രതിപക്ഷവും വാസ്തവത്തില്‍ സര്‍ക്കാരിന്റെ ഭാഗം തന്നെയാണ്.
ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നോര്‍ക്കണം. ജനങ്ങളെ നിരാശനും സംശയാലുക്കളുമാക്കുന്ന പ്രവര്‍ത്തികളില്‍നിന്നും പ്രതിപക്ഷവും ഭരണപക്ഷവും പിന്മാറണം. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടും നാടിന്റെ ദ്രുതഗതിയിലുള്ള വികസനം നടന്നു കാണുവാന്‍ എല്ലാവരും ഒത്തൊരുമയോടെ വിശ്വാസത്തോടെ നീങ്ങുകയാണിനിയാവശ്യം.
സര്‍ക്കാരിനെ കൊണ്ടുമാത്രം ഒരു വികസന പദ്ധതിയും നടപ്പാക്കാനാകില്ലെന്നിരിക്കെ, സമ്പന്ന വ്യവസായികളെ കൂച്ചുവിലങ്ങിട്ടും പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നിരിക്കെ, കുറെയൊക്കെ വിട്ടുവീഴ്ചയുടെ പാത സ്വീകരിക്കുന്നതായിരിക്കും നാടിന് നല്ലത്. ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന അനേകായിരം വിദ്യാസമ്പന്നര്‍ക്കും തൊഴില്‍ നല്‍കേണ്ടത് രാജ്യത്തിന്റെ കടമയാണ്. ഗള്‍ഫ് രാജ്യങ്ങളും സിംഗപ്പൂരും മലേഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളും നമ്മുടെ ചെറുപ്പക്കാര്‍ക്ക് എത്രകാലമെന്ന്വെച്ചാണ് ജോലി നല്‍കാനാവുക? അതറിയുന്നവര്‍ പരസ്പ്പരം കലഹിച്ചും കഴിയുന്നത് കേരളത്തെ ഉണര്‍ത്താനോ ഉയര്‍ത്താനോ കഴിയില്ലെന്ന് മനസ്സിലാക്കണം.
ഇതൊക്കെയാണെങ്കിലും ‘ജിം’ന് ശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കുന്നതും ശരിയല്ല. ‘ജിം’ന്റെ സന്താനമാണല്ലോ കൊച്ചി സ്മാര്‍ട്ട് സിറ്റി പോലുള്ള ചിലത്! ഇന്നും ഒന്നുമാകാതെ ഇഴഞ്ഞും കിതച്ചും നീങ്ങുന്ന പദ്ധതികളാണെല്ലാം തന്നെ. രണ്ടു സര്‍ക്കാരുകളും പദ്ധതികളെ ഉപയോഗിച്ച് കമ്മീഷന് തരപ്പെടുത്തുകയായിരുന്നില്ലേയെന്ന സംശയം ജനങ്ങള്ക്കിടിയിലുണ്ട്! കൊച്ചിയില്‍ തന്നെ വിവിധ പദ്ധതികള്‍ക്കായി ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുത്തെങ്കിലും ഒന്നുമുണ്ടായില്ലെന്ന സത്യം നമ്മുടെ നേതാക്കളുടെ പ്രതിബദ്ധതയില്ലായ്മയേയാണ് വ്യക്തമാക്കുന്നത്! ഇനി സര്‍ക്കാര്‍ പദ്ധതികളുടെ കാര്യമെടുക്കാം. കൊച്ചി മെട്രോ ട്രെയിന്‍ ഇന്നും കടലാസില്‍ തന്നെ. നിര്‍ഭാഗ്യവശാല്‍ പദ്ധതിവിഹിതം അഞ്ചിരട്ടിയായി കൂടിയതു തന്നെ ഫലം. കൊച്ചി തുറമുഖത്തിന്റേയും വല്ലാര്‍പാടം പുതിയ ടെര്‍മിനല്‍ സ്റ്റേഷന്റെ കാര്യവും ഒരു നിശ്ചലാവസ്ഥയില്‍ ഓളവും കാറ്റുമില്ലാതെ നില്ക്കുന്നു.
വിഴിഞ്ഞം ഹാര്‍ബറിന് വേണ്ടി എത്ര വര്‍ഷമാണ് പാഴാക്കിയത്. എന്നിട്ടും ഒരു കല്ലുപോലുമിടുവാന് കഴിഞ്ഞോ? എത്ര മോണോ ട്രെയിനുകളുടെ പദ്ധതികളാണ് കടലാസില്‍ ഉറങ്ങുന്നത്. റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കുന്ന ജോലി എവിടെയെങ്കിലുമെത്തിയോ? കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഗതി എന്താണ്? റോഡ് വികസനം വഴിമുട്ടിയോ? ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല.
ജനങ്ങളുടെ മനോഭാവം മാറിയാല്‍ മാത്രമേ ഭരണകര്‍ത്താക്കളുടെ മനോഭാവവും മാറുകയുള്ളൂ. സഹന സമരം നടത്തി സ്വാതന്ത്ര്യം പിടിച്ചുവാങ്ങിയ തലമുറയുടെ പിന്‍ഗാമികള്‍ എല്ലാം സഹിക്കുന്നവരായിക്കഴിയുമ്പോള് ജനാധിപത്യം വഷളായി ചീഞ്ഞുനാറും! നമ്മുടെ പച്ചപ്പുകള്‍ കരിഞ്ഞുപോകും പുഴകളും നദികളും വറ്റിപ്പോകും മലകള്‍ നിലംപൊത്തും കാട് നശിക്കും കിളികളുടെ സംഗീതം നിലയ്ക്കും മഴമേഘങ്ങള്‍ അകന്നുപോകും; ദൈവത്തിന്റെ സ്വന്തം നാടിനെത്തന്നെ ദൈവം കൈവിടും! ഇനിയെങ്കിലും കേരളം ഉണരുക, ഉയരുക.
>> സതീഷ് പടക്കാറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: