ന്യൂദല്‍ഹി: ഐടി ആക്ടിലെ സെക്ഷന്‍ 66 (എ) ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജിയില്‍ കേന്ദ്രത്തിനും ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാള്‍, ദല്‍ഹി, പുതുച്ചേരി സര്‍ക്കാരുകള്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
ബാല്‍ താക്കറെയുടെ മരണശേഷം ഫേസ് ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് വിശദീകരിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടികളുടെ അറസ്റ്റിന് ന്യായീകരിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി.ഇ വഹാന്‍വതി പറഞ്ഞു. എന്നാല്‍ ഐടി ആക്ടിലെ 66(എ) ഉപേക്ഷിക്കേണ്ടെ ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. ദല്‍ഹിയിലെ നിയമവിദ്യാര്‍ഥിയായ ശ്രേയ സിംഗാള്‍ ആണ് കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ മുംബൈയില്‍ രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായ പശ്ചാത്തലത്തിലായിരുന്നു നീക്കം. രാജ്യത്ത് അടുത്തിടെ നടന്ന സമാനമായ സംഭവങ്ങളും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലോ ഇന്റര്‍നെറ്റിന്റെ മറ്റ് സാധ്യതകള്‍ ഉപയോഗിച്ചോ ആര്‍ക്കെങ്കിലും എതിരേ പരാമര്‍ശം നടത്തിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കുന്ന വകുപ്പാണ് ഐടി ആക്ടിലെ സെക്ഷന്‍ 66(എ). ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍, ജസ്റ്റീസ് ജെ. ചെലമേശ്വര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: