കൊല്ലം: റേഷന്‍കടക്കാരെ സാമൂഹികമായി ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും കരിഞ്ചന്തയുടെ പേരില്‍ റേഷന്‍കടക്കാരെ ഇത്തരത്തില്‍ മാനസികമായി തകര്‍ക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓരോ റേഷന്‍വ്യാപാരിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം നിലവില്‍ 175 രൂപ മുടക്കി ഒരു ക്വിന്റല്‍ ഭക്ഷ്യധാന്യം എടുക്കുന്ന വ്യാപാരി ഇനി 865 രൂപ മുടക്കേണ്ടി വരും. നാനൂറ് കാര്‍ഡുകളുള്ള ഒരു വ്യാപാരിക്ക് ഏകദേശം 50000 രൂപ പ്രതിമാസം ബാധ്യതയുണ്ടാകും. തുക മുടക്കി എടുക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കാര്‍ഡുടമകള്‍ വാങ്ങിക്കുമെന്ന് ഉറപ്പുമില്ല. ഇത് വ്യാപാരികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. 34 രൂപയാണ് ഒരു ക്വിന്റല്‍ ഭക്ഷ്യധാന്യം വിറ്റാല്‍ റേഷന്‍വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. ഇതില്‍ 25.65 രൂപ മാത്രമാണ് വ്യാപാരിക്ക് മുന്‍കൂറായി ലഭിക്കുന്നത്. ശേഷിച്ച 8.35 രൂപ റേഷന്‍ വ്യാപാരികളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ്. ഇത് ഒരുവര്‍ഷത്തിലേറെയായി കുടിശ്ശികയുമാണ്.
കയറ്റിറക്കുകൂലി, വണ്ടിവാടക, സെയില്‍സ്മാന്റെ ശമ്പളം, ഇലക്ട്രിസിറ്റി, സ്റ്റേഷനറി ചാര്‍ജ്ജ് എന്നിവയും ഉപജീവനത്തിനുള്ള മാര്‍ഗവും റേഷന്‍കടയില്‍ നിന്ന് വ്യാപാരി കണ്ടെത്തണം. ഈ സാഹചര്യത്തിലാണ് അതിജീവനത്തിനായി റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തക്കാര്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നത്.
ഇന്നത്തെ സാഹചര്യത്തില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ റേഷന്‍ വ്യാപാരം നടത്താന്‍ സര്‍ക്കാരിന്റെ പരിഷ്കാരങ്ങള്‍ ഗുണകരമല്ല. വ്യാപാരികള്‍ക്ക് പ്രതിമാസ വേതനം അല്ലെങ്കില്‍ ഗ്രാന്റ് നല്‍കണം. റേഷന്‍ സാധനങ്ങള്‍ ഡോര്‍ ഡെലിവറിയായി കടയിലെത്തിക്കണം. കടവാടക, ഇലക്ട്രിസിറ്റി ചാര്‍ജ്ജ് എന്നിവ സര്‍ക്കാര്‍ വഹിക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡിസംബര്‍ അഞ്ചിന് റേഷന്‍കടകള്‍ അടച്ചിടുമെന്നും സെക്രട്ടറിയേറ്റിലേക്കും ജില്ലാ കളക്ട്രേറ്റുകളിലേക്കും മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സംഘടനാ നേതാക്കളായ മോഹനന്‍പിള്ള, പനച്ചവിള റസാഖ്, പുഷ്പാംഗദകുറുപ്പ്, ആര്‍.എസ്. മണി, എ.എ. റഹിം എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: