ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ പ്രധാനമന്ദിരത്തിന് തൊട്ടുമുന്പില് പുല്തകിടും മനോഹരമായ പൂന്തോട്ടവുമായിരുന്നു. അവിടെ കിളച്ചുകോരി കുന്നൊരുക്കി അതിനുള്ളില്‍ സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി സ്മാരകം തീര്‍ത്തത് ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അന്ന് സാംസ്കാരിക മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണന്റെ പ്രത്യേക താല്പര്യപ്രകാരമാണ് വിവാദമായ ശില്‍പ്പനിര്‍മ്മാണം. ടെറാക്കോട്ട ശില്‍പ്പമുണ്ടാക്കാന്‍ ദല്‍ഹി കേന്ദ്രമാക്കിയ കെ.പി.സോമന് എന്ന ശില്പിയെ ഏല്‍പ്പിക്കുകയായിരുന്നു. പെരുപ്പിച്ച കണക്കും മറ്റും നല്കി ഭീമമായ തുക കൈപ്പറ്റിയുണ്ടാക്കിയ സ്മാരകത്തില്‍ വെള്ളം കെട്ടിനിന്നു. കുറെ ഭാഗം തകര്‍ന്നു. അങ്ങിനെ ലക്ഷങ്ങള്‍ വെള്ളത്തിലായി. സുവര്‍ണ ജൂബിലിയുടെ സ്മാരകം ആരുമാരും കാണാതെ പ്രേതഭൂമിയായി ഇത്രയുംകാലം കിടക്കുകയായിരുന്നു. ആരോപണം ശക്തമായതോടെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അത് തുടര്‍ന്നില്ല. കട്ടവരും കൂട്ടുനിന്നവരും നക്കാപ്പിച്ച കൈപ്പറ്റിയവും രക്ഷപ്പെട്ടു. ആ ധൂര്‍ത്തിന്റെ സ്മാരകം ഇടിച്ച്നിരത്താന് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ്. പകരം അവിടെ പുല്‍ത്തകിടി ഒരുക്കുകയാണ്. നായനാര്‍ സര്‍ക്കാര്‍ സ്മാരകം തീര്‍ക്കാന്‍ ലക്ഷങ്ങള്‍ പൊടിച്ചതുപോലെ ഇടിച്ചുനിരത്തി പുല്മേടുണ്ടാക്കാനും ചെലവാകും ലക്ഷങ്ങള്‍.
സ്മാരകത്തില്‍ സ്ഥാപിച്ചിരിക്കുന്ന ശില്പ്പങ്ങള് വികലവും വികൃതവുമാണെന്ന കണ്ടെത്തലാണ് ഇടിച്ച് നിരത്തലിന് പ്രേരിപ്പിച്ചത്. സ്മാരകം വികലമാണെന്ന് ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് ശില്‍പ്പി ബി.ഡി. ദത്തന്, കാട്ടൂര്‍ നാരായണപിള്ള, കെ.എ.ഫ്രാന്‍സിസ്, പൊറിഞ്ചുകുട്ടി എന്നിവരടങ്ങിയ സമിതിയെ സ്മാരകത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരുന്നു. അവര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്മാരകം പൊളിച്ചുകളയാന്‍ തീരുമാനിച്ചത്. സ്മാരകത്തിന് കലാമൂല്യമില്ലെന്നും, ഇവിടെ തെരുവ് നായ്ക്കളുടെ താവളമാണെന്നും, ടെറാക്കോട്ട ശില്പ്പങ്ങള് നാശോന്മുഖമാണെന്നും സമിതി അഭിപ്രായപ്പെട്ടിരുന്നു. സെക്രട്ടേറിയറ്റ് കോമ്പൗണ്ടിലെ നിര്‍ണായക സ്ഥാനത്തുള്ള സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി സ്മാരകത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന വികലവും വികൃതവുമായ നിര്‍മിതി അപമാനകരമാണെന്ന് ഇപ്പോഴെങ്കിലും തോന്നിയത് നന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: