ശബരിമലയാത്രയില്‍ പല മലകള്‍ കടന്നുപോകേണ്ടതുണ്ടെങ്കിലും അവകളിലെല്ലാം കൊണ്ടും ഭയങ്കരമായിട്ടുള്ളതാണ് കരിമല. ഇതിന്റെ പേരുതന്നെ ഏതാണ്ട് ഇതിന്റെ ഭയങ്കരതയെ സൂചിപ്പിക്കുന്നുണ്ട്. ദൂരെനിന്നും കണ്ടുതുടങ്ങുമ്പോള്‍ തന്നെ കറുത്തിരുണ്ടുള്ള കാഴ്ച ഇതരമലകളില്‍ നിന്ന് കരിമലയെ നമുക്ക് മനസിലാക്കിത്തരുന്നു. ഇതിലെ മണ്ണിന്റെ നിറം തന്നെ വളരെ കറുത്തതാണ്. കരിവരന്മാരും ഈ മലയില്‍ ധാരാളമുണ്ട്. പലതുകൊണ്ടും കരിമല എന്ന പേര് ഇതിന് അന്വര്‍ത്ഥമാണ്. “കരിമലകേറ്റം കഠിനമെന്റയ്യപ്പാ” എന്ന് ശരണം വിളിച്ചുകൊണ്ടാണ് അയ്യപ്പന്മാര് കയറുന്നത്. ബ്രഹ്മചര്യം കൊണ്ട് കായമനഃശക്തികള് സമ്പാദിക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന് ഈ കരിമല കയറിത്തുടങ്ങുമ്പോള്‍ മനസിലാകും. ഏഴെട്ടുതട്ടുകളായിട്ടാണ് കരിമലകയറ്റത്തിനുള്ള മാര്‍ഗം സ്ഥിതിചെയ്യുന്നത്.
നിമ്നോന്നതമായി ഇപ്രകാരം വഴി കിടക്കുകയാല്‍ യാത്രക്കാര്‍ക്ക് വിശ്രമത്തിനും മറ്റും വളരെ സൗകര്യമുണ്ട്. ഏഴാമത്തെത്തട്ടുകയറി ഒരു സമഭൂമിയിലെത്തുന്നു. പ്രകൃതീരമണീയമായ ആ സ്ഥലം അനവധി ലതാനികുഞ്ജങ്ങളാലും പൂത്തുനില്ക്കുന്ന പലതരം വൃക്ഷങ്ങളാലും പരിശോഭിതമായികാണാം. ക്ഷീണിച്ചുവരുന്ന യാത്രക്കാര്‍ അവിടെയുള്ള മന്ദമാരുതനേറ്റ് കുറച്ചെങ്കിലും വിശ്രമിക്കാതെ പുറപ്പെടാറില്ല. ഇവിടെ “കരിമലനാഥ” ന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ഏകദേശം നാലടിനീളവും രണ്ടടി ചുറ്റവും കാണുന്ന ആ ശില “കരിമല” യുടെ പ്രതിഷ്ഠയാണെന്നും വിശ്വസിക്കുന്നു. ഇവിടെ മഞ്ഞപ്പൊടി വിതറി കര്‍പ്പൂരദീപവും മറ്റും ആരാധിക്കാറുണ്ട്. അവിടെ നിന്നും കയറിച്ചെന്നാല്‍ കരിമലമുകളായി. ഇവിടെ ഒരു നല്ലസംഖ്യ അയ്യപ്പന്മാരും കച്ചവടക്കാരും താവളമടിക്കുന്നു. ഏതാനും വിസ്താരത്തില്‍ കാടുതെളിച്ച് വിരികള്‍ വയ്ക്കത്തക്കവണ്ണമുള്ള സൗകര്യങ്ങള്‍ ഗവണ്മെന്റില് നിന്നും നല്‍കുന്നുണ്ടെങ്കിലും ആണ്ടുതോറുമുള്ള അയ്യപ്പന്മാരുടെ സംഖ്യ പരിഗണിക്കുമ്പോള്‍ ഇത് തീരെ മതിയാവുന്നില്ല. അയ്യപ്പന്മാരുടെ ശരണംവിളികള്കൊണ്ടും വെടിയുടെ ശബ്ദംകൊണ്ടും അവിടം സദാ മാറ്റൊലികൊണ്ടിരിക്കുന്നു.
>> വിദ്വാന് കുറുമള്ളൂര്‍ നാരായണപിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: