‘പ്രശ്നസംസ്ഥാനം’ (ജൃീയഹലാ ടമേലേ) എന്നാണ് നെഹ്റുവിയന്‍ നാളുകളില്‍ ഇന്നത്തെ നമ്മുടെ ‘ദൈവത്തിന്റെ സ്വന്തം നാട്’ അറിയപ്പെട്ടിരുന്നത്. പണ്ഡിറ്റ് നെഹ്റുവിനുശേഷം പതിറ്റാണ്ടുകള്‍ പലത് പിന്നിട്ടിട്ടും കേരളം പ്രശ്നസംസ്ഥാനം തന്നെയെന്ന പ്രതീതീയാണ് നെഹ്റുവിന്റെ ശിഷ്യന്മാര് സൃഷ്ടിക്കുന്നത്.
അധികദിവസമായില്ല ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഉത്തമശിഷ്യന് എന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ ആദര്‍ശപുരുഷന്‍ എ.കെ. ആന്റണി തന്റെ സ്വന്തം സംസ്ഥാനത്തിലേക്ക് വ്യവസായസംരംഭങ്ങള്‍ കൊണ്ടുവരാന്‍ ഭയമാണെന്ന് പൊതുവേദിയില്‍ പ്രഖ്യാപിച്ചിട്ട്. കോടികള്‍ ഖജനാവില്‍നിന്ന് ചെലവിട്ട് ‘എമെര്‍ജിംഗ് കേരള’യും മറ്റും സംഘടിപ്പിച്ച് കേരളം വ്യവസായസംരംഭകരുടെ പറുദീസയാണെന്ന പ്രതിഛായ സൃഷ്ടിക്കാന്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ശ്രമിക്കുന്നതിനിടെയാണ് അവരെക്കൂടി അധിക്ഷേപിച്ചുകൊണ്ടുള്ള ആന്റണിയുടെ പ്രതിഛായാഭഞ്ജനം. അതുയര്‍ത്തിയ പൊടിയും പുകയും കെട്ടടങ്ങുന്നതിന് മുമ്പ് മലയാളിയല്ലെങ്കില്ക്കൂടി മറ്റൊരു കോണ്‍ഗ്രസുകാരനായ കേന്ദ്രമന്ത്രി ജയറാം രമേശിന്റെ വക കേരളത്തിനും കേരളഭരണത്തിനും ഒരു കുത്ത്. കുത്തുവാക്ക് സഹിക്കവയ്യാതെ സൗമ്യനും ശാന്തശീലനുമായ കേരള മന്ത്രി കെ.സി.ജോസഫ് പോലും പ്രകോപിതനായി. കേന്ദ്രമന്ത്രിയുടെ കുടികിടപ്പുകാരല്ല കേരളത്തിലുള്ളവര്‍ എന്നുവരെ പത്രക്കാരോട് പ്രതികരിക്കേണ്ടിവന്നു ജോസഫിന്. ചുരുക്കത്തില്‍ ആന്റണിയായാലും ജയറാം രമേശായാലും കേന്ദ്രമന്ത്രിസഭയിലുള്ളവരെല്ലാം ഇടതുപക്ഷത്തെ ഒന്നിന് പിറകെ ഒന്നായി സ്വഭാവസര്ട്ടിഫിക്കറ്റുകളും പ്രശംസാവാചകങ്ങളും കൊണ്ട് പൊതിഞ്ഞ് വീര്‍പ്പുമുട്ടിക്കുകയാണ്. ഇതൊക്കെ കണ്ടും കേട്ടും ‘സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ’ എന്ന പരസ്യവാചകത്തിലെ അവസ്ഥയിലാണ് ഇടതുസഖാക്കള്‍. ആന്റണിയും മറ്റും ഇങ്ങനെയൊക്കെ ചെയ്യുന്നത് അവരറിയാതെയല്ലെന്നും അതുകൊണ്ട് അവരോട് പൊറുക്കാനാവില്ലെന്നുമാണ് ഇടതുവിരുദ്ധരുടെ വിലയിരുത്തല്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പൊന്നരിവാളമ്പിളിയില് കണ്ണെറിയുകയാണത്രെ സോണിയക്കുവേണ്ടി ആന്റണിയെന്നാണ് വിദഗ്ധാഭിപ്രായം.
പറഞ്ഞുവന്നത് കേരളത്തെപ്പറ്റിയാണ്. പ്രശ്നസംസ്ഥാനം എന്ന പഴയ നെഹ്റുവിയന്‍ വിശേഷണത്തെക്കാള്‍ കേരളത്തിന് ഇന്ന് അനുയോജ്യമായത് വിവാദങ്ങളുടെ സ്വന്തം നാടെന്നോ വിവാദങ്ങളുടെ സ്വന്തം വിളഭൂമിയെന്നോ ആയിരിക്കും. ഒന്നിന് പിറകെ ഒന്നായാണ് ഇവിടെ വിവാദങ്ങള്‍ പൊട്ടിമുളയ്ക്കുന്നത്. ‘അതിവേഗം ബഹുദൂരം’ എന്ന ഉമ്മന്‍ചാണ്ടിയുടെ മുദ്രാവാക്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വിവാദങ്ങള്‍ ഇവിടെ വളരുന്നതും കൊഴുക്കുന്നതും. വ്യക്തികളുടെ മാത്രമല്ല സമൂഹത്തിന്റെകൂടി സമയവും ഊര്‍ജവും പാഴാക്കി ഒരിടത്തും എത്താതെ അവ അവസാനിക്കുന്നു. വിവാദങ്ങള്‍ അപ്രസക്തമെന്നോ അനാവശ്യമെന്നോ അല്ല. അവ പക്ഷെ സഫലവും സാര്‍ത്ഥകവുമാവുന്നത് സംവാദങ്ങളിലൂടെയാണ്. സംവാദ സംസ്കാരത്തിന്റെകൂടി സ്വാഭാവിക മരണത്തിന് ആക്കം കൂട്ടുന്നവയാണ് സംവാദതല്പരരുടെ മരണം. കഴിഞ്ഞയാഴ്ച കാലയവനികക്കുള്ളില്‍ മറഞ്ഞ പി. ഗോവിന്ദപ്പിള്ള സംവാദപ്രിയനായിരുന്നു.
അത്തരക്കാര്‍ക്ക് അതിവേഗം വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളത്തില്‍. വിവാദങ്ങളുടെ വേലിയേറ്റത്തിന് വലിയൊരളവ് വരെ പങ്ക് വഹിക്കുന്നത് മാധ്യമങ്ങള്‍ തന്നെയാണ്. മാധ്യമവിപ്ലവവും ദൃശ്യമാധ്യമ വിസ്ഫോടനവും മറ്റും നമ്മുടെ നാട്ടില്‍ ഒരു വിവാദ വിസ്ഫോടനത്തിനിടയാക്കി എന്ന് വിധിയെഴുതേണ്ടിവരും. ആരോഗ്യകരമായ സംവാദങ്ങളാവേണ്ടവ പലപ്പോഴും അനാരോഗ്യകരമായ വിവാദങ്ങളാക്കി വഴിതിരിച്ചുവിടുന്നതും മാധ്യമങ്ങളാണ്.
അത്തരത്തിലൊന്നാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ശ്വേതാ മേനോന്റെ പ്രസവം ചലച്ചിത്രത്തിനുവേണ്ടി ഷൂട്ട് ചെയ്തതിനെയും വാര്ത്തയാക്കിയതിനെയും ചൊല്ലിയുള്ളത്. സഹൃദയനും സംസ്കാരസമ്പന്നനുമായ സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് ആ സംവാദത്തിന് തിരികൊളുത്തിയത്. സാര്‍വ്വലൗകികവും സര്‍വകാല പ്രസക്തവുമാണ് മാതൃത്വത്തിന്റെ മഹത്വവും പ്രസവത്തിന്റെ പവിത്രതയും. സാക്ഷാല്‍ ശ്രീ ശങ്കരന് ‘മാതൃപഞ്ചക’ത്തില്‍ അത് വര്‍ണിക്കുന്നുണ്ട്. അക്കാര്യം ഇതിനുമുമ്പൊരിക്കല്‍ ഈ പംക്തിയില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്. പ്രസവമെന്ന അതിമഹത്തരമായ പ്രതിഭാസം ഒരു നടിയുടേതാണെന്നതിനാല് സിനിമാസംവിധായകന്റെയും സാങ്കേതികപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഒരു ‘ലൈറ്റ്, ക്യാമറ, ആക്ഷന്‍’ പ്രക്രിയയായി മാറുമ്പോള്‍, അതെന്തിന്റെ പേരില്‍, എന്തു കാരണത്താലായാലും സഹിക്കാനോ പൊറുക്കാനോ ആവില്ല. പക്ഷെ ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമ്പോളസംസ്കാരം പേറ്റുമുറിയില്പോലും കടന്നുകൂടിയിരിക്കുന്നുവെന്നതാണ് വസ്തുത. അപകടകരമായ ആ കമ്പോളവല്ക്കരണത്തിന് നേര്‍ക്കാണ് കാര്‍ത്തികേയന്റെ കൈവിരല്‍ ചൂണ്ടിയത്. എന്നാല്‍ സ്പീക്കര്‍ ചൂണ്ടിക്കാട്ടിയതിന്റെ സംസ്കാര സമ്പുഷ്ടമായ സത്ത ഉള്‍ക്കൊള്ളാതെ കമ്പോളശക്തികള്‍ ആ സംവാദത്തെയും സമര്‍ത്ഥമായി ‘ഹൈജാക്ക്’ ചെയ്തിരിക്കുന്നു. പ്രസവ ചിത്രീകരണത്തിന്റെ സൂത്രധാരനും സംവിധായകനുമായ ബ്ലെസി ഭാഗ്യവാന്. ശ്വേതയുടെ പ്രസവം ചിത്രീകരിച്ചിട്ടുണ്ടെന്ന ഒറ്റ കാരണത്താല്‍ പടം ‘സൂപ്പര്‍ഹിറ്റ്’ ആവും. കമ്പോളത്തിന്റെ കരവിരുതിന്റെ ഫലമായി ഇവിടെ കാര്ത്തികേയന് വില്ലനും ബ്ലെസി ഹീറോയുമായി മാറുന്നു.
സംവാദത്തിന് തുടക്കം കുറിക്കുകയും വിവാദമായി കത്തിനില്‍ക്കുകയും ചെയ്യുന്ന പരാമര്‍ശം കാര്ത്തികേയന് നടത്തിയത് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയുടെ ഒരു സമ്മേളനത്തിലായിരുന്നു. വാര്‍ത്ത അല്ലാത്തവക്ക് വാര്‍ത്താപ്രാധാന്യം ചാര്‍ത്തി ആഘോഷിക്കുന്ന നവമാധ്യമ സംസ്കാരത്തെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. ശ്വേതാ മേനോന്റെ പ്രസവം ചലച്ചിത്രത്തിനുവേണ്ടി ക്യാമറയില്‍ പകര്ത്തിയെന്നതിനാല് മാധ്യമങ്ങള്‍ അതിന് അമിത വാര്‍ത്താപ്രാധാന്യം നല്കി ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ചു. ബ്ലെസിമാര് സിനിമാരംഗത്ത് മാത്രമല്ല വാര്‍ത്താമാധ്യമങ്ങളിലും ഉണ്ട്. ശ്വേതയുടെ പ്രസവം ചിത്രീകരിക്കുന്നതിനെക്കുറിച്ച് ബ്ലെസി ചിന്തിക്കുന്നതിന് മുമ്പുതന്നെ ഐശ്വര്യാറായിയുടെ പ്രസവം കവര്‍ ചെയ്യാന്‍ ആശുപത്രി പരിസരത്ത് ഒബി വാനുകള്‍ വിന്യസിക്കാന്‍ ചില ദേശീയ വാര്‍ത്താചാനലുകള്‍ ഉദ്ദേശിച്ചിരുന്നത് അമിതാഭ് ബച്ചന് മണത്തറിഞ്ഞ് എതിര്‍പ്പ് പ്രകടിപ്പിച്ചതുകൊണ്ടാണത്രെ ഉപേക്ഷിച്ചത്.
പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ മാര്‍ക്കണ്ഡേയ കട്ജു അദ്ദേഹത്തിന്റെ ‘ബ്ലോഗി’ല്‍ കഴിഞ്ഞയാഴ്ച പ്രതികരിച്ചതും കാര്ത്തികേയന് ചൂണ്ടിക്കാട്ടിയ അതേ മാധ്യമപ്രവണതയ്ക്കെതിരെയാണ്. മാധ്യമശ്രദ്ധ തൊണ്ണൂറ് ശതമാനവും കേന്ദ്രീകരിക്കുന്നത് സിനിമാതാരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും വ്യക്തിജീവിതത്തിലും ഫാഷനിലും മറ്റുമാണെന്ന് കട്ജു പറയുന്നു. ലാക്മെ ഫാഷന്‍ പരേഡ് കവര്‍ ചെയ്യാന്‍ എത്തിയിരുന്നത് അഞ്ഞൂറ്റി പന്ത്രണ്ട് അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകരായിരുന്നു, ഫാഷന്‍ പരേഡില്‍ പങ്കെടുത്ത മോഡലുകള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്ക്ക്വേണ്ടി പരുത്തി കൃഷി ചെയ്തവര്‍ കൂട്ടം കൂട്ടമായി ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തിരുന്നത് പക്ഷേ മാധ്യമങ്ങള്‍ ശ്രദ്ധിച്ചില്ല. വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് ഫാഷന്‍ പരേഡിന്റെ വേദിയില്‍നിന്ന് പറന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ എത്താമായിരുന്ന പ്രദേശത്തായിരുന്നിട്ടുകൂടി. അമിതാഭ് ബച്ചന്റെ എഴുപതാം പിറന്നാള്‍, കരീനാ കപൂറിന്റെ പ്രണയബന്ധങ്ങള്‍, രാഖി സാവന്തിന്റെ സ്വയംവരം എന്നിവയിലൊക്കെയാണ് മാധ്യമങ്ങള്‍ക്ക് താല്പര്യമെന്ന് കട്ജു പരാതിപ്പെടുന്നു.
നവമാധ്യമ സംസ്കാരത്തിന്റെ വിവിധ വശങ്ങളിലേക്ക് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ വിരല്‍ചൂണ്ടുന്നുണ്ട്. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടു പൂര്‍ണമായി യോജിക്കാനാവില്ല. അതേ അവസരത്തില്‍ അവഗണിക്കാനുമാവില്ല. പ്രത്യേകിച്ച് അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പരിഹാരത്തോട് ജനാധിപത്യബോധമുള്ള ഒരു മാധ്യമപ്രവര്‍ത്തകനും യോജിക്കാനാവില്ല. പക്ഷെ ആഗോളീകൃത, കമ്പോളീകൃത മാധ്യമരംഗത്തെ പുത്തന്‍ പ്രവണതകളെക്കുറിച്ചുള്ള ഒരു സ്വതന്ത്ര ദേശീയ സംവാദത്തിന് കട്ജുവിന്റെ നിരീക്ഷണങ്ങള്‍ തുടക്കം കുറിച്ചെങ്കില്‍ എന്ന് പ്രത്യാശിച്ചുപോവുകയാണ്.
>> ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: