ജമ്മു: ലഷ്ക്കറെ തോയ്ബയുടെ ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് ജമ്മുകാശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിന് സുരക്ഷ ശക്തമാക്കി. സന്ദേശത്തെത്തുടര്‍ന്ന് പോലീസ് പരിശോധനകള്‍ കര്‍ശനമാക്കി.
26/11 ആക്രമണക്കേസില്‍ പിടിയിലായ ഭീകരന് അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതിന് പ്രതികാരമായി ഹിന്ദു ആരാധനാലയം ആക്രമിക്കുമെന്ന സന്ദേശം കത്രയിലെ ദേവി ഗ്രാന്റ് ഹോട്ടല്‍ ഉടമ എ.എച്ച്.ഭട്ടിനാണ് ലഭിച്ചത്.
നവംബര്‍ 24 ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ ഉറവിടം ബാംഗ്ലൂരാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാരംഭ അന്വേഷണം പൂര്ത്തിയായശേഷമെ ഇ മെയില്‍ സന്ദേശം വ്യാജമാണോ അല്ലയോ എന്ന് പറയുവാന്‍ സാധിക്കൂ എന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.
സന്ദേശം അയയ്ക്കാനുപയോഗിച്ച കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. ഇ മെയില്‍ ഡികോഡ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഉദ്ദംപൂര്‍-റീസി ഡിഐജി ജഗ്ജിത്ത് കുമാറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കാത്രയിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചു. ഇ മെയില്‍ സന്ദേശം വ്യാജമാകാമെങ്കിലും ഭാഗ്യ പരീക്ഷണം സാധ്യമല്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: