ന്യൂദല്‍ഹി: വ്യാപാരങ്ങളുടെ വിശ്വമഹാസമ്മേളനത്തില് തനതുകള്ക്കാണ് എന്നും പ്രിയം. എല്ലാ സംസ്ഥാനങ്ങളും അവരവരുടെ തനതുകള്‍ രുചികരമായും ആകര്‍ഷണീയമായും നിരത്തിയപ്പോള്‍ ലോകജനത കൂടുതലും എത്തിയത്, കേരളത്തിന്റെ തനിമയും രുചിയും കേരളത്തിന്റെ മണവും തേടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും സ്റ്റാളുകള്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ നടക്കുന്ന പ്രഗതിമൈതാനിയില്‍ ഒരുങ്ങിയിട്ടുണ്ടെങ്കിലും നമ്മുടെ നാടന്‍ ഭക്ഷണത്തിനും നാട്ടുമരുന്നിനും ഉപ്പിലിട്ടതിനും കസവിനുമൊക്കെയുളള വിദേശികളുടേയും സ്വദേശികളുടേയും കയ്യടി ഇന്നും നന്നായി ലഭിക്കുന്നുണ്ട്.
വ്യാപാരമേളയിലെ മേറ്റ്ല്ലാ സ്റ്റാളുകളേയും അപേക്ഷിച്ച് സൂചി കുത്താന്‍ പോലും കേരളത്തിന്റെ സ്റ്റാളില്‍ ഇടമില്ല. രാവിലെ മുതല്‍ പ്രദര്‍ശന സമയം അവസാനിക്കുന്നതുവരെ ആളുകളുടെ ഒഴുക്ക്. ഉത്തരേന്ത്യന്‍ അച്ചാറുകള്‍ക്ക് ഒരേ മണവും സ്വാദുമാണ്. എന്നാല്‍ കേരളത്തിലേത് പറയാന്‍ വയ്യ. പിന്നെ നല്ല പപ്പടവും ഉപ്പേരിയും ഹലുവയും വാങ്ങണം. പപ്പടത്തിനു മാത്രം പാപ്പട് എന്ന് തരക്കേടില്ലാതെ പറഞ്ഞ് എന്തൊക്കെയോ അന്വേഷിച്ച് ഓടി നടക്കുന്നതിനിടെ കുള്വീന്ദര് പറഞ്ഞു.
സ്കില്ലിങ് ഇന്ത്യ തീം യാഥാര്‍ഥ്യമാക്കുന്ന രീതിയിലുള്ള ആര്‍ട്ടിസ്റ്റിക് വര്‍ക്ക് നടത്തിയ സി.ബി. ജിനനും പ്രശംസ അര്‍ഹിക്കുന്നു. പ്രാരംഭ വിദ്യാഭ്യാസം കഴിഞ്ഞ് സ്വന്തമായി സമ്പാദിച്ച് ചിറക് വിടര്‍ത്തി പറക്കാന്‍ പോകുന്ന യുവാവിനെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. 50 ലേറെ സ്റ്റാളുകളുള്ള പവലിയനില്‍ വിദ്യാഭ്യാസം, തൊഴില്‍ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളും നിരത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേത് ഉള്‍പ്പെടെ 14 തവണ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയതും വര്‍ദ്ധിച്ചു വരുന്ന ജനക്കൂട്ടവും കേരളത്തിന് പ്രതീക്ഷ നല്കുന്നു.
ടൂറിസം, മൃഗസംരക്ഷണ വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വാണിജ്യ വ്യവസായ വകുപ്പ്, സി-ഡിറ്റ് കൈരളി, ഹാന്‍ടെക്സ്, ഹാന്‍വീവ്, ഖാദി, കയര്‍ഫെഡ്, ഔഷധി, മാര്‍ക്കറ്റ് ഫെഡ്, കുടുംബശ്രീ, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് തുടങ്ങി അനവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പവലിയനില്‍ അണിനിരന്നിട്ടുണ്ട്. എല്ലാ മേഖലകളിലും നിന്നായി ഇരുന്നൂറില്പരം പേര് കേരളത്തിന്റെ പവലിയനില്‍ കാര്യക്ഷമമായുണ്ട്. ദല്‍ഹിയില്‍ സ്ഥിര താമസാക്കിയിട്ടുള്ള മലയാളികള്‍ക്കും സംഭവം കെങ്കേമമായി. നാടന്‍ സാധനങ്ങള്‍ വാരിക്കൂട്ടുന്നതിന്റെ തിരക്കിലാണവര്‍. സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങാനെത്തുന്ന ഉത്തരേന്ത്യക്കാരും കുറവല്ല.
കേരളത്തിനു പുറമേ ജമ്മുകാശ്മീര്‍, പഞ്ചാബ്, ആസാം, തമിഴ്നാട് പവലിയനുകളും സജ്ജീവമാണ്. ജമ്മുകാശ്മീര്‍ പവലിയനില്‍ കുങ്കുമപ്പൂവും കാശ്മീരി വസ്ത്രങ്ങള്‍ക്കുമാണ് ഏറെ ഡിമാന്റ്. മരം കോച്ചുന്ന തണുപ്പാണ് തലസ്ഥാനത്തെങ്കിലും അവയൊന്നും വകവയ്ക്കാതെ ദല്‍ഹി നിവാസികള്‍ പ്രഗതിമൈതാനിലേക്ക് മെട്രോ കയറുന്നു. ഷോപ്പിങ്ങിനു മാത്രമല്ല ഇവര്‍ ഇവിടെയെത്തുന്നത്. ഒരു ഒഴിവുകാല വൈകുന്നേരം നന്നായി ആസ്വദിച്ചു ചെലവിടാനും കൂടിയാണ്. ഒരു കാര്യം പറയാതെ വയ്യ. വില കേട്ടാല്‍ പൊള്ളും. കേരളത്തിന്റേതിലാകട്ടെ, ജമ്മു കാശ്മീരിന്റേതാവട്ടേ. അക്കാര്യത്തില്‍ മാത്രം എല്ലാവരും തുല്ല്യരാണ്.
32-ാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ 28 സംസ്ഥാനങ്ങളുടെ പവലിയനുകള്‍ക്കു പുറമേ ലോകമെമ്പാടുമുള്ള ഹൈടെക് കമ്പനികളുടേയും വിപണിയെ ലക്ഷ്യമാക്കി നീങ്ങുന്ന കമ്പനികളുടേയും രണ്ടായിരത്തിലേറെ സ്റ്റാളുകളുമുണ്ട്. മേള 27ന് സമാപിക്കും .
>> ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: