ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷിയോഗം ഇന്ന് നടക്കും. പാര്‍ലമെന്റില്‍ വിഷയം വോട്ടിനിട്ട് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യോഗത്തില്‍ പരിശോധിക്കും. വിഷയത്തെച്ചൊല്ലി പാര്‍ലമെന്റിന്റെ സമ്മേളനം രണ്ടുദിവസം തടസ്സപ്പെട്ട പശ്ചാത്തലത്തിലാണിത്. സമവായം ഉണ്ടാകാതെ വിദേശനിക്ഷേപ കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഉറപ്പ് ലംഘിച്ചതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത കാര്യം പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥാണ് ഇന്നലെ അറിയിച്ചത്. യുപിഎയുടെ സഖ്യകക്ഷിയായ ഡിഎംകെയും എഫ്ഡിഐയെ എതിര്‍ത്തിരുന്നു. യുപിഎ തീരുമാനത്തെ പിന്തുണക്കില്ലെന്ന് പാര്‍ട്ടി നേതാവ് എം.കരുണാനിധിയും അടുത്തിടെ പറഞ്ഞിരുന്നു.എഫ്ഡിഐ പ്രശ്നത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകുന്നതുവരെ പാര്‍ലമെന്റില്‍ പ്രക്ഷോഭം തുടരുമെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു. രാഷ്ട്രീയ സമവായം ഉണ്ടാകുന്നതു വരെ എഫ്ഡിഐ തീരുമാനം മാറ്റിവയ്ക്കുമെന്ന് 2011 ഡിസംബര്‍ ഏഴിന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ഇത് മറികടന്ന് ഇപ്പോള്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിനെ വഞ്ചിച്ചതിന് സര്‍ക്കാര്‍ മാപ്പ് പറയണമെന്നും എഫ്ഡിഐയില്‍ വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം നടപ്പാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സര്‍ക്കാരായിരിക്കും അതിനുത്തരവാദിയെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
എന്‍ഡിഎ ഭരണകാലത്ത് എഫ്ഡിഐ ദേശവിരുദ്ധമാണെന്ന് പ്രസ്താവന നടത്തി കോണ്‍ഗ്രസ് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയതാണെന്നും നായിഡു ഓര്‍മ്മിപ്പിച്ചു. ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അടിസ്ഥാനവികസനമേഖലയിലാണ് എഫ്ഡിഐ വേണ്ടതെന്നും നിലവിലെ തീരുമാനം രാജ്യ താത്പര്യത്തിന് എതിരാണെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. രാജ്യത്തെ മിക്കവാറും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എതിര്‍ക്കുന്ന സാഹചര്യത്തില്‍ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് എങ്ങനെ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയുമെന്നും നായിഡു ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: