ന്യൂദല്‍ഹി: വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാളിന്റെ പുതിയ പാര്‍ട്ടിക്ക് ആം ആദ്മി എന്ന് പേരിട്ടു. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച്ച നടത്തും. കേജ്രിവാളും സംഘവും ദല്‍ഹിയില്‍ യോഗംചേര്‍ന്നാണ് പാര്‍ട്ടിയുടെ പേര് നിശ്ചയിച്ചത്. 30 അംഗ കേന്ദ്ര കമ്മിറ്റിയേയും യോഗത്തില്‍ തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ഭരണഘടനയും യോഗത്തില്‍ ഔദ്യോഗികമായി അംഗീകരിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ പുതിയ പാര്‍ട്ടി തീരുമാനിച്ചിരുന്നുവെങ്കിലും പേര് പിന്നീട് പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരുന്നത്. പാര്‍ലമെന്റിന് സമീപമുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ് യോഗം നടന്നത്. പാര്‍ട്ടിക്ക് പുതിയ പേര് നിശ്ചയിച്ചതും നേതാക്കള്‍ അതിന് പിന്താങ്ങുകയായിരുന്നു. മുന്നൂറോളം വരുന്ന അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ കേജ്രിവാള് മുന്നോട്ട്വെച്ച പേര് മറ്റുള്ളവര്‍ അംഗീകരിക്കുകയായിരുന്നു. മായങ്ക് ഗാന്ധി രൂപപ്പെടുത്തിയ ഭരണഘടനയെ ചന്ദ്രമോഹന് പിന്താങ്ങുകയായിരുന്നു.
അതേസമയം, നേതാക്കളെക്കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയതായി അരവിന്ദ് കേജ്രിവാള്. അഴിമതിയും വിലക്കയറ്റവും ജീവിതം ദുസഹമാക്കി. ഈ സാഹചര്യത്തില്‍ സാധാരണക്കാരും സ്ത്രീകളും കുട്ടികളും ചേര്‍ന്ന് അവര്‍ക്കായി ഒരു പാര്‍ട്ടി രൂപീകരിക്കുന്നു.
നേതാക്കള്‍ക്കു വെല്ലുവിളി ഉയര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യം. ഇനിമുതല്‍ സാധാരണക്കാരാകും പാര്‍ലമെന്റില്‍ ഇരിക്കുക. നാഷണല്‍ എക്സിക്യൂട്ടീവ് ചേര്‍ന്ന് പാര്‍ട്ടിയുടെ പുതിയ പേര് തീരുമാനിക്കും. പാര്‍ട്ടിയുടെ ലക്ഷ്യം സ്വരാജാണെന്നും കേജ്രിവാള് പറഞ്ഞു. തന്റെ പാര്‍ട്ടിക്ക് ഹൈക്കമാന്‍ഡ് ഉണ്ടാകില്ലെന്നും ജനാധിപത്യ പാര്‍ട്ടിയായിരിക്കുമെന്നും കേജ്രിവാള് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടനയും 30 അംഗ ദേശീയ എക്സിക്യൂട്ടീവിനെയും ആദ്യം തീരുമാനിക്കുമെന്നും കെജ്രിവാള് പറഞ്ഞു.
അഴിമതി വിരുദ്ധപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച്ച നടക്കുമെന്ന് ഹസാരെ കഴിഞ്ഞദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ചരിത്രത്തിന്റെ ഭാഗമാകാന്‍ എല്ലാവരേയും ജന്ദര്‍മന്ദറിലേക്ക് സ്വാഗതം ചെയ്യുന്നതായും ഹസാരെ ട്വിറ്ററില്‍ കുറിച്ചിരുന്നു. കേജ്രിവാള് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. വീണ്ടും ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നായിരുന്നു കേജ്രിവാളിന്റെ മറുപടി. പുതിയ പാര്‍ട്ടിയിലേക്ക് സാധാരണക്കാരായ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും കേജ്രിവാള് പറഞ്ഞു. അതേസമയം, കേജ്രിവാള് പ്രഖ്യാപിക്കാന്‍ പോകുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പിന്തുണച്ചേക്കുമെന്ന് ഹസാരെ സംഘാഗം കിരണ്‍ ബേദി പറഞ്ഞു. സത്യസന്ധതയെ തങ്ങള്‍ പിന്തുണക്കും. സത്യത്തിന് വേണ്ടി നിലകൊള്ളുന്ന കേജ്രിവാളിന്റെ പാര്‍ട്ടിയെ തങ്ങള്‍ പിന്തുണക്കുമെന്നും ബേദി പറഞ്ഞു. ദല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: