കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് പുറത്താക്കിയ വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റുദ്ദീനെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് മാഗ്സാസെ ജേതാവും സാമൂഹികപ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി. മമത സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് സംസ്ഥാനത്തെ ബൗദ്ധിക എഴുത്തുകാരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംഘം കുറ്റപ്പെടുത്തി. എഴുത്തുകാരിയെന്ന നിലയില്‍ തസ്ലീമയ്ക്ക് എഴുതാനുള്ള അവകാശമുണ്ടെന്നും എന്താണ് വായിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് വായനക്കാരാണെന്നും മഹാശ്വേതാ ദേവി പറഞ്ഞു. വായനക്കാര്‍ക്ക് തസ്ലിമയെ നിരാകരിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയിലെ എഴുത്തുകാര്‍ ലജ്ജാദിനമായി ആചരിക്കുന്ന നവംബര്‍ 22 ഞ്ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ച കത്തിലാണ് തസ്ലീമയെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകണമെന്ന് മഹാശ്വേതാ ദേവി ആവശ്യപ്പെട്ടത്.
2007 നവംബര്‍ 22നാണ് തസ്ലീമയെ കൊല്‍ക്കത്തയില്‍ നിന്ന് പുറത്താക്കിയത്. ഇതില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലെ എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും സംയുക്തമായി നവംബര്‍ 22 ലജ്ജാദിനമായി ആചരിച്ചുവരികയാണ്. വിവാദ എഴുത്തിന്റെ പേരില്‍ തസ്ലീമക്കെതിരെ ഫത്വ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് നഗരത്തില്‍ വ്യാപകസംഘര്ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ബംഗാളിലെ ഇടതുസര്‍ക്കാര്‍ 2007 ല്‍ തസ്ലീമയോട് കൊല്‍ക്കത്ത വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്. തസ്ലീമ കൊല്‍ക്കത്തയിലേക്ക് തിരികെ വരണമെന്നും പതിവുപോലെ എഴുത്തു തുടരണമെന്നും താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായി മഹാശ്വേതാദേവി പറഞ്ഞു. സംസ്ഥാനത്ത് മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചതിനാലാണ് മമത സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. തസ്ലീമയ്ക്ക് വേണ്ടി സംസാരിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇസ്ലാം മതമൗലിക വാദികളെ ഭയന്ന് നിശബ്ദരായെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: