മുംബൈ: ഓപ്പറേഷന് എയ്സില്‍ പങ്കെടുത്തത് ആറ് വാഹനങ്ങളും 17 ഓഫീസര്‍മാരും മാത്രം. 31 മണിക്കൂര്‍ നീണ്ടുനിന്ന ഓപ്പറേഷനിലൂടെയാണ് പുറംലോകമറിയാതെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി കസബിന്റെ വധശിക്ഷ നടപ്പാക്കിയത്. മുംബൈ ഭീകരാക്രമണക്കേസില്‍ ജീവനോടെ പിടികൂടാന്‍ സാധിച്ച ഏക പ്രതിയായിരുന്നു കസബ്.
മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍സിംഗ് നേരിട്ടാണ് വധശിക്ഷ നടപ്പാക്കാനുള്ള ടീമിനെ തെരഞ്ഞെടുത്തത്. മുംബൈ പോലീസിലെ ഏറ്റവും വിശ്വസ്തരായ ഓഫീസര്‍മാര്‍ അടങ്ങിയ സംഘം തിങ്കളാഴ്ച രാത്രി ആരംഭിച്ച നടപടികള്‍ ബുധനാഴ്ച പുലര്‍ച്ചെ പൂനെ യെര്‍വാഡ ജയിലില്‍ അവസാനിച്ചു. ഇന്‍സ്പെക്ടര്‍ ജനറല്‍ ദേവന്ഭാരതിക്കായിരുന്നു ഓപ്പറേഷന്റെ മോണിറ്ററിംഗ് ചുമതല. ക്രൈംബ്രാഞ്ച് യൂണിറ്റിലെ രമേഷ് മഹാലെയും ഡെപ്യൂട്ടി കമ്മീഷണര്‍ പ്രവീണ്‍ പാട്ടീലും യെര്‍വാഡ ജയില്‍വരെ കസബുമായി യാത്രതിരിച്ച് പോലീസ് ടീമിനെ അനുഗമിച്ചു.
മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍നിന്നും കസബുമായി പോലീസ് പുറപ്പെടുന്നത് തിങ്കളാഴ്ച രാത്രി 12.30 നാണ്. നടപടിക്രമങ്ങള്‍ ആരംഭിച്ചത് മുതല്‍ ഇതില്‍ പങ്കെടുത്തവരുടെ എല്ലാ മൊബെയില്‍ ഫോണുകളും ഓഫ് ചെയ്തിരുന്നു. ഫോഴ്സ് വണ്‍ കമാന്‍ഡോകളും ജയില്‍ ഓഫീസര്‍മാരുമാണ് ടീമിലുണ്ടായിരുന്നത്. യാത്രയിലുടനീളം കസബ് മൗനം പാലിച്ചിരിക്കുകയായിരുന്നെന്നും പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
മൂന്നാമത്തെ വാഹനത്തിലായിരുന്നു കസബ് ഉണ്ടായിരുന്നത്. കസബിന്റെ മുഖം തുണികൊണ്ട് മൂടിയിരുന്നു. ഫോഴ്സ് വണ്‍ കമാന്‍ഡോകള്‍ ഏത് സ്ഥിതിയും നേരിടാന്‍ ആയുധസജ്ജരുമായിരുന്നു. നാലാമത്തെ വാഹനത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ രമേഷ് മഹാലെയും അവസാന വാഹനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രവീണ്‍ പാട്ടീലും സഞ്ചരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ പോലീസ് കസബിനെ തടസമൊന്നുമില്ലാതെ യെര്‍വാഡ ജയിലില്‍ എത്തിച്ചു.
ജയില്‍മാറ്റം സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് എന്നാണ് നേരത്തെ കസബിനെ അറിയിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് വധശിക്ഷയുടെ വിവരം കസബിനെ അറിയിച്ചത്. അമ്മയെ വിവരം അറിയിക്കണമെന്നായിരുന്നു കസബ് ആവശ്യപ്പെട്ടത്. ബുധനാഴ്ച രാവിലെ 7.30 ന് വധശിക്ഷ നടപ്പാക്കി. 10 മിനിറ്റുകള്‍ക്കുശേഷം കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ വധശിക്ഷ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: