കൊല്ലം: ലാത്തിപിടിച്ച കരത്തില്‍ ഗിറ്റാര്‍. ഗിറ്റാറിന്റെ തന്ത്രികള്‍ മൂളുന്നത് ശബരീശന്റെ ശരണഗീതം. സ്വാമിരാഗത്തിന് പിന്നാലെ പള്ളിക്കെട്ടുമായി ശരണവഴിയിലാണ് അബ്ദുള്‍ സത്താര്‍ ഖാന് എന്ന ഓച്ചിറ സത്താര്‍.
വിശ്രുതമായ ഒമ്പത് ശബരീശ ഗാനങ്ങള്‍ക്ക് ഗിത്താറില്‍ ഈണം പകര്‍ന്ന് സത്താര്‍ കാക്കിയ്ക്കുള്ളില് സംഗീതത്തിനും ഇടമുണ്ടെന്ന് തെളിയിക്കുകയാണ്. പള്ളിക്കെട്ട്, ആദിവ്യനാമം, മണ്ണിലും വിണ്ണിലും, തേടിവരും കണ്ണുകളില്‍, ശബരിമലയില്‍ തങ്ക സൂര്യോദയം, ഗംഗയാറു പിറക്കുന്നു, ആനകേറാമല, മകരസംക്രമ സൂര്യോദയം, ശരണമയ്യപ്പാ തുടങ്ങിയ ഒമ്പത് സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ് വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറയില്‍ പ്രകാശനം ചെയ്ത സത്താറിന്റെ പുതിയ സിഡിയിലുള്ളത്.
കൊല്ലം എആര്‍ ക്യാമ്പിലെ എഎസ്ഐ ആയ അബ്ദുള്‍ സത്താറിന് അയ്യപ്പന്റെ പാട്ടുകളോടുള്ള ഭ്രമത്തിന് കാരണം അവയിലെ ഭക്തിയാണ്. അകത്ത് ഉറങ്ങിക്കിടക്കുന്ന ഭക്തിരസത്തെ ഉണര്‍ത്താന്‍ പര്യാപ്തമായ ലളിതമായ ഈണങ്ങളിലാണ് അയ്യപ്പഭക്തിഗാനങ്ങളുടെ സൃഷ്ടിയെന്ന് സത്താര്‍ പറയുന്നു. “അവ എത്ര കേട്ടാലും മതിവരില്ല. ചലച്ചിത്രഗാനങ്ങള്‍ പാടുന്നതിനേക്കാള്‍ ജനങ്ങള്‍ക്കിഷ്ടം അയ്യപ്പന്റെ പാട്ടുകള്‍ കേള്‍ക്കുന്നതിലാണ്.” പോലീസ് ഓര്‍ക്കസ്ട്രയുടെ വിവിധ വേദികളിലെ അനുഭവം സാക്ഷി നിര്‍ത്തി ഓച്ചിറ സത്താര്‍ അടിവരയിടുന്നു.
പതിനാല് വര്‍ഷം മുമ്പ് തൃശൂരില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ ആയിരിക്കെയാണ് പ്രശസ്ത ഗാനരചയിതാവ് എം.ഡി. രാജേന്ദ്രന്റെ പാട്ടുകള്‍ക്ക് ഈണം പകര്‍ന്ന് സത്താര്‍ ‘സ്വാമീ രാഗം’ പുറത്തിറക്കിയത്. അതിനിടയില്‍ പല വേദികളിലും ഗിറ്റാറിസ്റ്റായി സത്താര്‍. ‘എയ്ഡ്സ്’ രോഗത്തിന്റെ മാരകവശങ്ങള്‍ ചൂണ്ടിക്കാട്ടി സത്താര്‍ നിര്‍മ്മിച്ച ഡോക്യുമെന്ററി ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അര്‍ഹമായി. പ്രഗത്ഭരായ കാഥികന്മാര്ക്ക് പിന്നണിയായി വേദികള്‍ കീഴടക്കി. ഇടവേളകളില്‍ സദസിന് വേണ്ടി ഗിറ്റാറില്‍ ‘തേടിവരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി ‘ പാടി. സദസ്സിന്റെ ആവശ്യമേറിയപ്പോള്‍ പാട്ട് ആവര്‍ത്തിച്ചു. അതിന്റെ പ്രേരണയിലാണ് ഇപ്പോള്‍ ‘പള്ളിക്കെട്ട്’ പുറത്തു വരുന്നത്.
ഓച്ചിറ സ്വദേശിയായ സത്താറിന്റെ ഭാര്യ അമിതയാണ്. അമീന് സത്താറും അമീര്‍ഖാനും മക്കളാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: