ചാത്തന്നൂര്‍: പള്ളിക്കമണ്ണടി പാലം യാഥാര്‍ഥ്യമാകാന്‍ ഇനിയും വൈകും. നടപടികള്‍ പൂര്‍ത്തിയാകാന്‍ ഏറെ താമസം ഉണ്ടാകുമെന്നാണ് സൂചന. വിവിധ വകുപ്പുകളിലെ ഫയലുകള്‍ നീങ്ങാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരുമെന്നറിയുന്നു. പള്ളിക്കമണ്ണടി പാലത്തിനായി ഏറെ കടമ്പകള്‍ കടക്കാനുണ്ടെന്നു മുന്‍ എംഎല്‍എ എന്‍. അനിരുദ്ധന് പറഞ്ഞു.
2008ല്‍ വിവിധ രാഷ്ട്രീയ -സാംസ്കാരിക പ്രവര്‍ത്തകരുടെ നിവേദനങ്ങളെ തുടര്‍ന്നു സര്‍ക്കാരില്‍ നിന്നു 3.15 കോടി രൂപ ലഭിച്ചു. ഇതൊക്കെ മറച്ചുവച്ചു ചിലര്‍ പള്ളിക്കമണ്ണടി പാലം സംബന്ധിച്ച് വസ്തുതകളുമായി തീരെ യോജിക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. 2008-09 ലെ സംസ്ഥാന ബജറ്റിലാണ് 3.15 കോടി രൂപ പാലം നിര്‍മാണത്തിന് അനുവദിച്ചത്.
2009 ഓഗസ്റ്റ് 14ന് ഭരണാനുമതിയും ലഭിച്ചു. വസ്തുത ഇതായിരിക്കെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ഭരണാനുമതി ലഭിച്ചില്ലെന്നു കുപ്രചാരണവും ചിലര്‍ നടത്തി. എന്നാല്‍ അപ്രോച്ച് റോഡിനു സ്ഥലം ഏറ്റെടുക്കാതെ സാങ്കേതിക അനുമതി നല്‍കരുതെന്ന സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നതിനാല്‍ പള്ളിക്കമണ്ണടി കടവ് പാലം നിര്‍മാണം നീളാന്‍ കാരണമായി.
ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചു ചട്ടങ്ങളില്‍ വന്ന മാറ്റവും തടസമായി. തുടര്‍ന്നു കഴിഞ്ഞ 12ന് ജി.എസ്. ജയലാല്‍ എംഎല്‍എ ജില്ലാ കളക്ടറെ ചേംബറില്‍ നേരില്‍ കാണുകയും 22ന് യോഗം വിളിക്കാമെന്ന് അറിയിക്കുകയും ചെയ്തതായി അനിരുദ്ധന് പറഞ്ഞു. യഥാര്‍ഥ അടങ്കല്‍ തയാറാക്കുമ്പോള്‍ തുക ഇനിയും വര്‍ധിക്കും.
അതായതു ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി ഏഴു കോടിയുടെ പുതിയ എസ്റ്റിമേറ്റും തയാറാക്കി സര്‍ക്കാരില്‍ നിന്നു ഭരണാനുമതിയും പൊതുമരാമത്തില്‍ നിന്നു സാങ്കേതിക അനുമതിയും വാങ്ങിയാല്‍ മാത്രമെ പള്ളിക്കമണ്ണടി പാലം ഇനി ടെന്‍ഡര്‍ ചെയ്യാനാകൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ കടമ്പകള്‍ മനസ്സിലാക്കാതെയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെയും വസ്തുതകള്‍ക്കു നിരക്കാത്ത തരത്തിലുള്ള കുപ്രചാരണങ്ങളാണു നടത്തുന്നതെന്നും അനിരുദ്ധന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: