ഇടുക്കിയില്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ എം.എം. മണി നടത്തിയ വിവാദ പ്രസംഗം
ചന്ദ്രശേഖരനെ വധിച്ചതില്‍ സിപിഎമ്മിന് പങ്കില്ല. ഇത് ആവര്‍ത്തിച്ചു പറഞ്ഞിട്ടും നിന്നെയൊക്കെ വിടുകേലെന്ന മട്ടിലാണ് കോണ്‍ഗ്രസുകാര്‍. പോലീസുകാരും ഇവര്‍ക്കൊപ്പം കൂടി ഞങ്ങളെ നശിപ്പിച്ചു കളയാനുള്ള ശ്രമമാണ്. ഞങ്ങള്‍ ചെയ്തതാണെങ്കില്‍ ആണുങ്ങളെപ്പോലെ ചെയ്തതാണെന്ന് പറയും. അതിന്റെ ന്യായവും പറയും. അതു പറയാനുള്ള ആര്‍ജ്ജവം സിപിഎമ്മിനുണ്ട്. ഇത് പാര്‍ട്ടി വേറെയാണ്. ചന്ദ്രശേഖരന് മരിച്ചത് നിര്‍ഭാഗ്യകരവും ഖേദകരവും ദുഃഖകരവും പൈശാചികവുമാണ്. അതിലെ കുറ്റവാളികളെ കണ്ടെത്തണം. അല്ലാതെ അത് രാഷ്ട്രീയമായി മുതലെടുത്ത് സിപിഎമ്മിനെ ആക്രമിക്കാന്‍ തുനിയരുത്. എന്നാല്‍ ഞങ്ങളെ ഇതിന്റെ പേരില്‍ കുടുക്കിയിട്ടേയുള്ളൂ എന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും പോലീസുകാരും. അതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും.
അല്ലാതെ വേറെന്താ വഴി? ഒഞ്ചിയത്ത് സ്ഥാനമാനത്തിനു വേണ്ടിയുള്ള വിപ്ലവമായിരുന്നു നടന്നത്. സ്ഥാനമാനങ്ങള്‍ മോഹിച്ചവരാണ് പാര്‍ട്ടിയില്‍ നിന്നു പോയത്. എന്നിട്ടും ഇവരെ തിരിച്ചു കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി നേരിട്ട് ഇടപെട്ടു. ഇതേതുടര്‍ന്ന് സ്ഥിതി അനുകൂലമായി വരുകയായിരുന്നു. പക്ഷേ ആരോ അതിനു പിന്നില്‍ അണിനിരന്നിട്ട് അവരെ വിലക്കി. അങ്ങനാണ് തിരിച്ചു വരാതിരുന്നത്. പാര്‍ട്ടിയില്‍ നിന്നു പോകുന്നവരെ കൊല്ലലാണോ ഞങ്ങടെ പണി? അതും ഒളിച്ചിരുന്ന് കൊല്ലേണ്ട കാര്യമുണ്ടോ? ഒരു രാഷ്ട്രീയ സംഘട്ടനം ഉണ്ടാക്കിയാല്‍ പോരേ. എന്നിട്ട് അതിനൊരു ന്യായം പറയും. ഓരോന്നിനും ഓരോ ന്യായം. അതു പറയാന്‍ ഞങ്ങള്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് ഞങ്ങളെ ഇതൊന്നും ആരും പഠിപ്പിക്കാന്‍ വരേണ്ട.
കല്യാണ വീട്ടില്‍ നിന്ന് ആരോ വിളിച്ചിട്ട് ചന്ദ്രശേഖരന് പോയെന്നാണ് പറയുന്നത്. ജീവനില്‍ പേടിയുണ്ടെന്ന് പറഞ്ഞയാള്‍ ആ വഴിക്ക് പോകുമോ? കൈയിലിരുപ്പ് മോശമാണ്. അവിടെച്ചെന്നു, എങ്ങനാണെന്ന് അറിയില്ല, ഇന്നോവ കാര്‍ വന്നു, ഇടിച്ചിട്ടു, വെട്ടി ഭീകരമായി കൊന്നു. നമുക്ക് ഖേദമുണ്ട്. ആരാ ഖേദം കേള്‍ക്കാനുള്ളത്. അറിഞ്ഞപ്പോഴേ ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊന്നത് സിപിഎം തന്നെ. ചെന്നിത്തലയും ഇതുതന്നെ പറഞ്ഞു. ഞങ്ങടെ ഏരിയാ സെക്രട്ടറിയെ പിടിച്ചു. എനിക്ക് ദീര്‍ഘ വര്‍ഷമായി അറിയാവുന്ന ആളാണ്. അശോകനൊന്നും ഒരു കൊലപാതകവും ചെയ്യില്ല. സിപിഎം ചെയ്താല്‍ ചെയ്തതാണെന്ന് പറയും. എന്നിട്ട് പോലീസ് ഓഫീസര്‍മാരോട് ചോദിക്കും, എന്റെ സാറേ നമുക്ക് അറേഞ്ച് ചെയ്തേക്കാം, പ്രതികളെ തന്നേക്കാം. ഇവിടുത്തെ പല പോലീസുകാര്‍ക്ക് അറിയാമല്ലോ ഞങ്ങള്‍ അങ്ങനാ ചെയ്യുന്നതെന്ന്. ഇത് നിയമപരമായി കോടതിയില്‍ വരുമ്പോള്‍ കൈകാര്യം ചെയ്താല്‍ പോരേ. പക്ഷേ അതിനുതക്ക പ്രശ്നമുണ്ടോ ഇവിടെ? ചന്ദ്രശേഖരനെ കൊല്ലാന്‍ എന്താണ് പ്രശ്നം, എന്താണ് നീതീകരണം? ഒരു നീതീകരണവുമില്ല. ചന്ദ്രശേഖരനെ കൊന്നതിന്റെ ഗുണം ആര്‍ക്കാണ്? കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാണോ? നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ ധീരമായി നേരിട്ടു കൊണ്ടിരിക്കുന്ന സിപിഎമ്മിനാണോ? അല്ല. ഉമ്മന്‍ചാണ്ടിക്കാണ്, ചെന്നിത്തലയ്ക്കാണ്, കോണ്‍ഗ്രസിനാണ്. ആരാണ് ഇതിനു ഗുണഭോക്താവെന്ന് കൊച്ചുകുഞ്ഞുങ്ങളോട് ചോദിച്ചാല്‍ അവര്‍ പറയും, യുഡിഎഫ് തെരഞ്ഞെടുപ്പില്‍ അവിടെയും പ്രചാര വേല. ഞങ്ങള്‍ക്ക് ദോഷമല്ലേ വരാന്‍ വഴിയുള്ളൂ. അപ്പോള്‍ ഞങ്ങള്‍ ഈ പണി ചെയ്യുമോ? ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ള ആരെങ്കിലും ഇത് ചെയ്യുമോ? ആരും ചെയ്യില്ല. ഒരു ഫോര്‍വേഡ് ബ്ലോക്കിന്റെ നേതാവിനെ കോന്നിട്ട് ഞങ്ങളുടെ തലയിലാണ് കെട്ടിവച്ചത്. അന്ന് ഭീകര വാഴ്ച അഴിച്ചുവിട്ടത് അങ്ങനെയാണ്. ഇതും അങ്ങനെ തന്നെയാണ്. റവല്യൂഷനറിക്കാരും കോണ്‍ഗ്രസും യുഡിഎഫും സകല ആളുകളും കൂടി ഞങ്ങളുടെ ആളുകളുടെ സ്വത്തുക്കളും വീടുകളും തകര്‍ക്കുന്നു. ഇതിനെല്ലാം ഉത്തരം പറയേണ്ടി വരും. ഇതിനെല്ലാം വിടുപണി ചെയ്ത് ആഭ്യന്തര മന്ത്രിയുടെ ചെരുപ്പ് നക്കുന്ന പോലീസുകാരേ, നിന്നെയൊന്നും വഴിയിലൂടെ വിടില്ല. കേസൊക്കെ പിന്നെ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് എനിക്കറിയാം. ഞാനൊരു പത്ത് ഇരുന്നൂറ് കേസിലെങ്കിലും പ്രതിയായിട്ടുണ്ട്. തോട്ടം സമരവുമായി ബന്ധപ്പെട്ടാണിത്. ഞാന്‍ വഴിയേപോലും പോകാത്ത ഒരു 50 കേസിലെങ്കിലും ഞാന്‍ പ്രതിയായിട്ടുണ്ട്. എല്ലാത്തിലും വരുമ്പോള്‍ ഒന്നാം പ്രതിയും. പോലീസ് കേസെടുക്കുന്നത് തോട്ടം ഉടമയുടെ കാശു മേടിച്ചിട്ടാണ്. എന്നെ ഇതുവരെ ഒരു കേസിലും ശിക്ഷിച്ചിട്ടില്ല. കേസൊക്കെ നിയമപരമായി കൈകാര്യം ചെയ്യും.
അടിയന്തരാവസ്ഥ കൊണ്ടുവന്ന് ലക്ഷക്കണക്കിന് ആളുകളെ കൊന്ന് കുഴിച്ചു മൂടിയവരാണ് ഒരു ചന്ദ്രശേഖരന്റെ പേരും പറഞ്ഞ് ഇപ്പോള്‍ മനസ്താപിക്കാന്‍ വന്നിരിക്കുന്നത്. ഞങ്ങള്‍ ഇതിന് രോമത്തിന്റെ വിലപോലും കല്‍പ്പിക്കുന്നില്ല. ഞങ്ങളുടെ പാര്‍ട്ടി പിരിച്ചു വിടുമെന്നാണോ ഉമ്മന്‍ചാണ്ടിയും മറ്റവനുമെല്ലാം വിചാരിക്കുന്നത്. ഇത് വേറെയാ പാര്‍ട്ടി. കളി തുടങ്ങാന്‍ പോകുന്നതേയുള്ളൂ. ഞങ്ങള്‍ വെറും നിരപരാധി. ഇവിടെ ഞങ്ങടെ പ്രവര്‍ത്തകരെ കൊന്നവരെ പലരെയും തിരിച്ചു കൊല്ലാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ നസീറിനെ വെട്ടിക്കൊന്നവനെയല്ലേ കോണ്‍ഗ്രസുകാരെല്ലാം കൂടി രക്ഷിച്ചത്. വല്ലതും ചെയ്യാന്‍ കഴിഞ്ഞോ? ഇല്ല. എന്നാല്‍ ചിലര്‍ക്ക് ചെയ്യാന്‍ കഴിയും. നെടുങ്കണ്ടത്ത് അനീഷ് രാജനെ രണ്ട് കോണ്‍ഗ്രസ് കാപാലികന്മാരായ പി.ടി. തോമസിന്റെ അനുയായികളാണ് കുത്തിക്കൊന്നത്. കേസുപോലും നന്നായി കൈകാര്യം ചെയ്യുന്നില്ല. ചന്ദ്രശേഖരനൊക്കെ ജീവിച്ച് തീരാറായ ആളാ. ഇതോ 22 വയസായവന്. സഹാനുഭൂതി ഇവിടല്ലേ വേണ്ടത്? അതുകൊണ്ട് ന്യായമൊന്നും പറയേണ്ട. അതൊക്കെ ഞങ്ങള്‍ക്ക് അറിയാം.
പീരുമേട്ടില്‍ അയ്യപ്പദാസിനെ കൊന്നു. 38 വയസ്, ചെറുപ്പക്കാരന്, കല്ല്യാണംപോലും കഴിക്കാത്തവന്. ഏരിയാ കമ്മറ്റി അംഗമായിരുന്നു. വെട്ടി വെട്ടി കൊന്നു ഉമ്മന്‍ചാണ്ടിയുടെയൊക്കെ ആളുകള്‍. അതിന് തിരിച്ചടിച്ചു. 1982 ഞങ്ങള്‍ എന്തെല്ലാം കാണിച്ചു. ശാന്തന്‍പാറ, രാജാക്കാട് മേഖലയില്‍ കോണ്‍ഗ്രസുകാരും പോലീസും തോക്കുമായി എസ്റ്റേറ്റുകളില്‍ പോയി ഐഎന്‍ടിയുസി ഉണ്ടാക്കി. ഞങ്ങളുടെ യൂണിയനെതിരെ നൂറുകണക്കിന് കള്ളക്കേസ് ഉണ്ടാക്കി. മത്തായി എന്നു പറയുന്ന ഒരു വായിനോക്കി എസ്.ഐ.യായിരുന്നു അവിടെ. ജില്ലാ പോലീസ് സൂപ്രണ്ട് മറ്റൊരു വായിനോക്കി. ഇതുപോരാഞ്ഞിട്ട് ആഭ്യന്തര മന്ത്രി ഒരു വായിനോക്കി, വയലാര്‍ രവി. ഇവരൊക്കെക്കൂടിയാണ് അക്രമം നടത്തിയത്. ഇതിനെതിരെ ഞങ്ങള്‍ ഒരു പതിമൂന്നുപേരുടെ പട്ടിക ഇറക്കി. വണ്‍, ടു, ത്രി, ഫോര്‍.. ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. അതോടുകൂടി ഖദര്‍ വലിച്ചിട്ടേച്ച് കോണ്‍ഗ്രസുകാര്‍ അവിടെ നിന്ന് ഓടി. പിന്നെ കുറച്ചുകാലത്തേയ്ക്ക് ഞാന്‍ ഈ ഖദറുമിട്ട് ഇതുവഴി നടന്നോട്ടേന്ന് ഞങ്ങളോട് ചോദിക്കുമായിരുന്നു.
കാരണമെന്താ? അടിപേടിച്ച്. അതുകൊണ്ട് വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കാനൊന്നും ആരും നോക്കേണ്ട. ഞങ്ങള്‍ ഇതെല്ലാം കുറെ കണ്ടതാണ്. ഇതൊക്കെ കൈകാര്യം ചെയ്തും ശീലമുണ്ട്. എന്തെല്ലാമാണ് ഇവിടെ പറയുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു മുമ്പ് ഇവിടെ ആരെയും കോന്നിട്ടുണ്ടോ? ആരും മരിച്ചിട്ടുണ്ടോ? രക്തസാക്ഷികളായിട്ടുണ്ടോ? അഴീക്കോടന്‍ രാഘവന് ജ്വലിക്കുന്ന രക്തസാക്ഷിയാണ്. കോണ്‍ഗ്രസുകാരും നക്സലൈറ്റുകാരുംകൂടി കൊന്നതാ. അന്നേരമൊന്നും ഇല്ലാത്ത ആവേശമാണ് ചന്ദ്രശേഖരന്റെ കാര്യത്തില്‍ കാണിക്കുന്നത്. ഗാന്ധിജിപോലും തോറ്റുപോകുന്ന വിപ്ലവകാരിയല്ലേ അത്? വീരേന്ദ്രകുമാര്‍ എന്നു പറയുന്ന ഒരുത്തനുണ്ട്. കൂലിക്ക് ആളെവച്ച് എഴുതിക്കുന്നവന്. എന്നിട്ട് പുരസ്കാരം വാങ്ങിച്ച് നടക്കുകയാണ്. വേറൊരുത്തിയുണ്ട്. ബംഗാളില്‍ നിന്നു വന്നൊരു മഹതി, മഹാശ്വേതാദേവി. അവരുടെ സൂക്കേട് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇവര്‍ക്ക് ജ്ഞാനപീഠം ആരു കൊടുത്തെന്ന് അന്വേഷിക്കണം. ബംഗാളില്‍ ആളുകളെ കൊല്ലുമ്പോള്‍ അതിനോടു പ്രതികരിക്കാതെ കോഴിക്കോട് വന്നത് ഞങ്ങള്‍ അംഗീകരിക്കില്ല. തൊട്ടു.. കണ്ടു.. എന്നൊക്കെ പറഞ്ഞ് വല്ലവരെയും പിടിക്കാതെ ചന്ദ്രശേഖരനെ കൊന്നവരെ പിടിക്കുകയാണ് വേണ്ടത്. അതൊന്നും ചെയ്യാതെ ഞങ്ങളെ ഒതുക്കി കളയാനാണ് പരിപാടിയെങ്കില്‍ അങ്ങനെ ഒതുങ്ങുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ പലതും ചെയ്യും. അന്നേരം നിയമമൊന്നും പറഞ്ഞ് ഞങ്ങളുടെ നേരെ വരരുത്. മാര്‍ക്സിസ്റ്റുകാര്‍ അക്രമം നടത്തുന്നുവെന്നൊന്നും അപ്പോള്‍ പറയരുത്. ഇവിടെ സമാധാനപരമായി പോകണമെന്നേ ഞങ്ങള്‍ക്കുള്ളൂ.
ചന്ദ്രശേഖരന്റെ മൃതദേഹം കാണാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. പോയി. പോകേണ്ട കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഉത്തമനായ കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. പാര്‍ട്ടി പൊളിക്കാന്‍ നടക്കുന്നവനാണോ ഉത്തമ കമ്യൂണിസ്റ്റ്? അത് ശരിയായ രീതിയല്ല. അതിനോടൊന്നും യോജിപ്പില്ല. അക്രമം നടത്തുകയും പാര്‍ട്ടി വിട്ടു പോയവരെയും കൊല്ലുന്നത് ഞങ്ങളുടെ പരിപാടിയല്ല. അതേസമയം ഞങ്ങളെ കൈകാര്യം ചെയ്താല്‍ തിരിച്ചടിക്കും. ശേഷിയുള്ളിടത്ത് അതിനനുസരിച്ച് ചെയ്യും. ശേഷികുറഞ്ഞിടത്ത് പ്രതിഷേധിക്കും. പിന്നെ തീരെ വയ്യെന്നു വരുകയാണെങ്കില്‍ പുറത്തു നിന്ന് ആളെ കൊണ്ടുവന്ന് തല്ലേണ്ടി വരും. ഞങ്ങളെ തേജോവധം ചെയ്യാനും പാര്‍ട്ടിയെ തകര്‍ക്കാനും ഗൂഢാലോചന നടത്തിക്കൊണ്ട് ഇത്തരത്തില്‍ കൊലക്കേസ് ഞങ്ങളുടെ തലയില്‍ കെട്ടിവച്ചാല്‍ സര്‍വശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ അതിനെ നേരിടും. ആര്‍ക്കും സംശയം വേണ്ട.
ഇടയ്ക്കിടെ മുന്നണിയില്‍ നിന്ന് ഞങ്ങള്‍ക്കിട്ട് പണിയുന്നവരുണ്ടല്ലോ, സിപിഐ ഇവരുടെയും കാര്‍മികത്വത്തില്‍ കേരളത്തില്‍ 375 പേരെ കോന്നിട്ടുണ്ട്. പന്ന്യന്‍ രവീന്ദ്രനും സഖാക്കളുമൊക്കെ അതൊക്കെ മറന്നോ? എങ്കില്‍ ഓര്‍മിപ്പിക്കുകയാണ്. ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാരെ കൊന്ന കാപാലികരായ കോണ്‍ഗ്രസുകാരാണ് ചന്ദ്രശേഖരന്റെ പേരില്‍ മുതലക്കണ്ണീര് പൊഴിക്കുന്നത്. തൊടുപുഴ ടൗണില്‍ നസീര്‍ എന്ന ചെറുപ്പക്കാരനെ കോടാലിക്ക് വെട്ടിക്കൊന്ന കാപാലികരാണ് മഹാത്മാഗാന്ധിയുടെ അനുയായികളായി അറിയപ്പെടുന്നത്. വി.എസ്. കാരാട്ടിന് കത്തെഴുതിയെന്ന് പത്രക്കാര് എഴുതി. ആദ്യം കത്തിലെ ഉള്ളടക്കം ഇല്ലായിരുന്നു. പിന്നീട് അതിലെ ഉള്ളടക്കം അവര്‍ എഴുതി. എന്നാല്‍ വി.എസ്. അത് തിരുത്തിക്കൊടുക്കേണ്ടേ? അതുമില്ല. അതുകഴിഞ്ഞപ്പോള്‍ രമേശ് ചെന്നിത്തല പറയുകയാണ് വി.എസ്. പാര്‍ട്ടി വിട്ടുവരണമെന്ന്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് എല്ലാ ആനുകൂല്യവും പറ്റിയ നേതാവിനോട് വാ…വാ… വാ… എന്നു പറയുമ്പോള്‍ അതിനോട് പ്രതികരിക്കേണ്ടത് ഞാനാണോ? അതിന് മര്യാദ കാണിക്കേണ്ടത് സഖാവ് വി.എസ്. ആണ്.
പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരമാണ്. പ്രതികരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. ഇനിയെങ്കിലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. കണ്ണൂര്‍ ലോബിയെന്നു പറഞ്ഞ് പത്രക്കാര് ഞങ്ങളെ പേടിപ്പിക്കണ്ട. ഏതു പ്രതിസന്ധി വന്നാലും ശരിയായ നിലപാട് എടുക്കുന്ന ആളാണ് പാര്‍ട്ടി സെക്രട്ടറി. പാഴായ വാക്കുകള്‍ ഉപയോഗിക്കുന്നില്ല. കൃത്യമായി പ്രതികരിക്കും. പറഞ്ഞാല്‍ പിന്‍വലിക്കില്ല, അതാണ് ഞങ്ങളുടെ സെക്രട്ടറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: