വാഷിംഗ്ടണ്‍: ഭീകരവാദികളും ജേര്‍ണലിസ്റ്റുകളും ഉള്‍പ്പെടെ ഉന്നതരടങ്ങുന്ന താലിബാന്റെ ഇ-മെയില്‍ പട്ടിക അബദ്ധത്തില്‍ പുറത്തായി. താലിബാന്റെ ഔദ്യോഗിക വക്താവ് ക്വാറി യൂസഫ് അഹമ്മദിയാണ് പട്ടിക മാറി അബദ്ധത്തില്‍ പെട്ടത്. അഹമ്മദി സാധാരണ അയയ്ക്കാറുള്ള മെയിലില്‍ ഇ-മെയില്‍ വിലാസങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നത് ബ്ലൈന്‍ഡ് കാര്‍ബണ്‍ കോപ്പിയിലായിരുന്നു. ഇതില്‍ വിലാസം ടൈപ്പു ചെയ്യുന്നതിനു പകരം ആര്‍ക്കെല്ലാം മെയില്‍ അയച്ചു എന്നു കാണുന്ന കാര്‍ബണ്‍ കോപ്പിയില്‍ വിലാസം ടൈപ്പ് ചെയ്തതാണ് അബദ്ധം സംഭവിക്കാന്‍ കാരണം.
മറ്റൊരു താലിബാന് വക്താവായ സബിഹുള്ള മുജാഹിദ് മാധ്യമപ്രവര്‍ത്തകര്‍ക്കായി തയ്യാറാക്കിയ പത്രക്കുറിപ്പ് ക്വാറിക്ക് അയച്ചു. താലിബാന്റെ തലപ്പത്തുള്ളവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബ്ലൈന്‍ഡ് കാര്‍ബണ്‍ കോപ്പി വയ്ക്കാതെ ക്വാറി അതേ മെയില്‍ ഫോര്‍വേര്‍ഡ് ചെയ്യുകയായിരുന്നു. പുറത്തായ പട്ടികയില്‍ തന്റെ നാല് ഇ-മെയില്‍ വിലാസങ്ങളുമുണ്ടെന്ന് 9,500 പേര് പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകനായ മുസ്തഫ കാസ്മി ട്വിറ്ററിലൂടെ അറിയിച്ചു. 400ലധികം പേരുകളടങ്ങുന്ന പട്ടികയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇതില്‍ മാധ്യമപ്രവര്‍ത്തകരാണ് ഭൂരിപക്ഷവും. പ്രവിശ്യാ ഗവര്‍ണര്‍, അഫ്ഗാനിലെ നിയമസഭാ സാമാജികന്, പണ്ഡിതന്മാര്, തീവ്രവാദികള്‍, അഫ്ഗാനിലെ സംയുക്ത സേനകള്‍ക്കു നേരെ ആക്രമണം നടത്തുന്ന ഭീകരസംഘമായ ഹെസ്ബ് ഐ-ഇസ്ലാമിയുടെ പ്രതിനിധി ഗുല്‍ബുദ്ദീന്‍ ഹെക്മതാര് എന്നിവരും പട്ടികയിലുള്‍പ്പെടുന്നു.
ഈ പട്ടികയിലേക്കാണ് ആക്രമണങ്ങളുടെയും സ്ഫോടനങ്ങളുടെയും ഉത്തരവാദിത്വമേറ്റെടുത്ത് താലിബാന് മെയില്‍ അയയ്ക്കുന്നത്. അഹമ്മദിയുടെ വിലാസത്തില്‍ നിന്നുമാണ് സ്ഥിരമായി മെയില്‍ അയച്ചുകൊണ്ടിരുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: