ഉത്സവം എന്നുകേട്ടാല്‍ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തെക്കുറിച്ച് ഓര്‍ത്തുപോകും. ഇവിടെ നാല് ഉത്സവങ്ങളാണുള്ളത്. ചിങ്ങത്തില്‍ ആദ്യത്തേത്, എട്ടുദിവസത്തെ ഉത്സവം. തിരുവോണം ആറാട്ടോടെ സമാപിക്കുന്ന ഇത് മൂശാരി ഉത്സവം എന്നറിയപ്പെടുന്നു. പണ്ട് പുതിയ പഞ്ചലോഹവിഗ്രഹം തീര്‍ക്കാന്‍ പണ്ടാരപ്പിള്ളി മൂശാരിയെ ഏല്‍പ്പിച്ചു. മൂശാരി എത്ര ശ്രമിച്ചിട്ടും മൂശയില്‍ വിഗ്രഹം രൂപം കൊള്ളുന്നില്ല. ഒടുവില്‍ എല്ലാവരും കാണ്‍കെ മൂശയെ കെട്ടിപ്പിടിച്ച് അയാള്‍ ദൈവത്തെവിളിച്ച് കരഞ്ഞു. പിന്നെ മൂശാരിയെ കണ്ടവര്‍ ആരുംതന്നെ ഇല്ല. ഭക്തനായ മൂശാരി വിഗ്രഹത്തില്‍ ലയിച്ചുവെന്ന് കരുതുന്നു. മൂശാരിക്ക് ലഭിച്ച ഭഗവാന്റെ അനുഗ്രഹത്തിന്റെ സ്മരണയ്‌ക്കായി ആരംഭിച്ചതാണ് ഈ ഉത്സവം. മൂശാരിയെ സങ്കല്‍പ്പിച്ച് ബലിക്കല്ലും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
അമ്പലം അഗ്നിക്കിരയായതിന്റെ ഓര്‍മ പുതുക്കലാണ് തുലാംമാസത്തിലെ ഉത്സവം. വിഗ്രഹത്തിന് കേടുകൂടാതെ സൂക്ഷിക്കുകയും തീ അണഞ്ഞപ്പോള്‍ ശ്രീകോവില്‍ പുതുക്കിപ്പണിയുകയും വിഗ്രഹപ്രതിഷ്ഠനടത്തുകയും ചെയ്തു. ഉത്സവത്തിന് ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളില്‍ കര്‍പ്പൂരക്കൂനകള്‍ കത്തിക്കുന്ന ചടങ്ങുമുണ്ട്.
പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം പ്രസിദ്ധമാണ്. തൃക്കേട്ട പുറപ്പാടായി പതിനഞ്ച് ആനകളേയും എഴുന്നെള്ളിച്ചു നിര്‍ത്തുന്ന വര്‍ണാഭമായ ചടങ്ങാണിത്. പ്രസിദ്ധ പഞ്ചാരി മേളക്കാരുടെ നാദപ്രപഞ്ചം ഒന്നനുഭവിച്ചറിയുക തന്നെ വേണം. വില്വമംഗലത്ത് സ്വാമിയാര്‍ ഉത്സവത്തിനെത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ ആനപ്പുറത്ത് ഓടിക്കളിക്കുന്ന രംഗം കണ്ടുപോലും. അന്നുമുതല്‍ക്കാണ്. തൃക്കേട്ട പുറപ്പാടിന് പ്രാധാന്യം കൈവന്നത്. കുംഭത്തില്‍ പറ ഉത്സവം. ഇത് നങ്ങപ്പെണ്ണിന്റെ ഉത്സവമായി ആഘോഷിക്കുന്നു. നങ്ങ ഒരു ബ്രാഹ്മണ പെണ്‍കുട്ടി. ക്ഷേത്രത്തിനടുത്തായിരുന്നു അവളുടെ താമസം. ക്ഷേത്രത്തിലെത്തി കുളിച്ചുതൊഴുന്നത് അവള്‍ പതിവാക്കിയിരുന്നു. ഒരു ദിവസം അവളുടെ വിവാഹനിശ്ചയം നടന്നു. വരന്റെ വീട് അകലെയായിരുന്നു. നിശ്ചയത്തിനുശേഷം ദുഃഖിതയായി. വിവാഹം കഴിഞ്ഞാല്‍ ക്ഷേത്രദര്‍ശനം മുടങ്ങുമല്ലോ എന്നായിരുന്നു അവളുടെ ചിന്ത. പിന്നീട് ദര്‍ശനത്തിനെത്തുമ്പോഴെല്ലാം അവള്‍ ഈ സങ്കടം ഭഗവാനെ അറിയിച്ചുകൊണ്ടിരുന്നു. വിവാഹ ദിവസമായി. പതിവുപോലെ നങ്ങ ക്ഷേത്രദര്‍ശനത്തിനെത്തി. ശ്രീകോവിലിന് മുന്നില്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചുനിന്നു. അപ്പോള്‍ അതാ ശ്രീകോവിലിനുള്ളില്‍നിന്നും രണ്ടുകൈകള്‍ നീണ്ടുവരുന്നതായി തോന്നി. അവള്‍ ശ്രീകോവിലിനുള്ളില്‍ കടന്നു. നട താനേ അടഞ്ഞു. അവള്‍ ഭഗവാനില്‍ ലയിച്ചു.
ഈ സംഭവത്തെ അനുസ്മരിപ്പിക്കുന്നതിനാണ് അവസാനത്തെ ഉത്സവം.
പെരിനാട് സദാനന്ദന്‍ പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: