ന്യൂദല്‍ഹി: കമ്പ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ ദുര്‍ബലപ്പെടുത്തുവാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി. ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പ്രതികരിച്ചു. ഈ നിലപാട് മോശം കീഴ്വഴക്കമുണ്ടാക്കും. സിഎജിയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തെ നശിപ്പിക്കും. സ്പെക്ട്രം, കല്‍ക്കരി ബ്ലോക്ക് അഴിമതികള്‍ പുറത്തുകൊണ്ടുവന്ന സിഎജിക്ക് മൂക്കുകയറിടാനാണ് നീക്കമെന്നും സിന്‍ഹ ആരോപിച്ചു. ഷുംഗ്ലു കമ്മറ്റി ശുപാര്‍ശകള്‍ അടിസ്ഥാനപ്പെടുത്തി മൂന്നംഗ സമിതിയാക്കി സിഎജിയെ മാറ്റുമെന്ന കേന്ദ്രമന്ത്രി നാരായണസ്വാമിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന് സ്വാമിയും ഇതിനെതിരെ രംഗത്തെത്തി. സിഎജിയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സ്വാമി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നീക്കത്തെ അണ്ണാ ഹസാരെ സംഘാംഗം കിരണ്‍ബേദിയും വിമര്‍ശിച്ചു. സിഎജിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് ഭയമുണ്ടാക്കുന്നുണ്ടെന്നും അതിനാലാണ് ഇത്തരമൊരു നടപടിക്ക് കേന്ദ്രം നീക്കം നടത്തുന്നതെന്നും കിരണ്‍ബേദി പറഞ്ഞു. വളരെ നല്ല പ്രവര്‍ത്തനങ്ങളാണ് സിഎജി ചെയ്തിരിക്കുന്നത്. സിഎജിയാണ് രാജ്യത്തെ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നതെന്നും ബേദി കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുവാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് ഇതെന്ന് മുന്‍ കേന്ദ്ര വിജിലന്റ്സ് കമ്മീഷണര്‍ എന്‍.വിത്തല്‍ പറഞ്ഞു. ബഹു അംഗ സമിതി സിഎജിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ.ഖുറേഷി പ്രതികരിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലെ ബഹു അംഗ സമിതിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പരിചയ സമ്പത്ത് വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര നീക്കത്തിനെതിരെ വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാള് രംഗത്തെത്തി. സിഎജിയുടെ ഘടന മാറ്റാനുള്ള നീക്കം ശരിയല്ല. അഴിമതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സിഎജി പുറത്തുവിടുന്നത് തെരഞ്ഞെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശം നല്‍കരുതെന്നും കേജ്രിവാള് പറഞ്ഞു. സിഎജി നിയമത്തിലെ സ്വതന്ത്ര സംവിധാനം തുടരണമെന്നും കേജ്രിവാള് ആവശ്യപ്പെട്ടു. സിഎജിയെ തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണിതെന്നും കേജ്രിവാള് ആഞ്ഞടിച്ചു.
സിഎജിക്ക് പകരം കൂടുതല്‍ അംഗങ്ങളുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല കൂടിയുള്ള പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.നാരായണ സ്വാമി പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ അഭിമുഖം വിവാദമായതോടെ നാരായണസ്വാമി വാര്‍ത്ത നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: