അപാരമായ അളവില്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുകയെന്നത് ശാസ്ത്രലോകത്തിന്റെ സ്വപ്നമാണ്. ആ പ്രക്രിയ ചെലവ് കുറഞ്ഞതാവണം; അപകടമേതുമില്ലാത്തതായിരിക്കുകയും വേണം. അത്തരത്തില്‍ ഊര്‍ജ്ജമുണ്ടാക്കാനുള്ള മാര്‍ഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തുകയും ചെയ്തു. ‘ഫ്യൂഷന്‍ അഥവാ അണു സംയോജനം’ അണുക്കളെ കൂട്ടിയോജിപ്പിച്ച് അപാരമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിന് അമേരിക്കന്‍ സര്‍ക്കാര്‍ ഒരു വലിയ സംവിധാനത്തിന് രൂപം നല്‍കുകയും ചെയ്തു. നാഷണല്‍ ഇഗ്നിഷ്യന്‍ ഫെസിലിറ്റി!
കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയിലാണ് ‘നാഷണല്‍ ഇഗ്നിഷ്യന്‍ ഫെസിലിറ്റി’ എന്ന കൂറ്റന്‍ യന്ത്രസമുച്ചയം സജ്ജമാക്കിയിട്ടുള്ളത്. നിര്‍മാണ ചെലവ് 5000 കോടി ഡോളര്‍. ഒരു ഫുട്ബോള്‍ ഗ്രൗണ്ടിനെക്കാളും വലിയ യന്ത്രമാണത്. ഇന്നുവരെ നിര്‍മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വലുതും ശക്തിയേറിയതുമായ ഫ്യൂഷന്‍ യന്ത്രം 2009 മാര്‍ച്ച് 31 നാണ് യന്ത്രം ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്.
അമേരിക്കയിലെ ഊര്‍ജ്ജ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ഫെസിലിറ്റി ഇന്ന് വലിയൊരു ആശയക്കുഴപ്പത്തിലാണ്. കാരണം ഇന്നുവരെ ഫ്യൂഷന്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുമില്ല. ആരംഭിക്കാന്‍ 5000 കോടി ഡോളറും പ്രതിവര്‍ഷപ്രവര്‍ത്തനത്തിന് 290 ദശലക്ഷം ഡോളറും വേണ്ടിവരുന്ന ഈ യന്ത്രസമുച്ചയം കൊണ്ട് എന്താണ് പ്രയോജനമെന്നാണ് പൊതുജനം ചോദിക്കുന്നത്. 2012 ഒക്ടോബര്‍ മാസത്തിലാണ് അണുസംയോജനം നടക്കുമെന്ന് അധികാരികള്‍ ഉറപ്പുനല്‍കിയത്. പക്ഷേ ഒന്നും സംഭവിച്ചില്ല. മാധ്യമങ്ങളും പൊതുജനസമൂഹവും ഇപ്പോള്‍ ‘ഫെസിലിറ്റി’യുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നു.
ആകെ കണ്‍ഫ്യൂഷനിലായ അധികാരികള്‍ സാങ്കേതിക നേട്ടത്തിനുവേണ്ടിയുള്ള കാത്തിരിപ്പിനെക്കുറിച്ച് മുട്ടായുക്തികള്‍ പറഞ്ഞ് സമയം തള്ളിനീക്കുന്നുവെന്നാണ് ആരോപണം.
ഊര്‍ജ്ജത്തിന്റെ അമൂല്യനിധിയാണ് പരമാണു അഥവാ ആറ്റം. ആറ്റത്തിനെ പിളര്‍ന്നാലും കൂട്ടിയോജിപ്പിച്ചാലും നമുക്ക് ഊര്‍ജ്ജം കിട്ടും. ആ ഊര്‍ജ്ജംകൊണ്ട് മനുഷ്യന് മാരകമായ ബോംബും ജീവിതം സുകരമാക്കാനുള്ള വൈദ്യുതിയും നിര്‍മിക്കാം. ഇതില്‍ എളുപ്പം ആറ്റത്തെ പിളര്‍ത്തി ഊര്‍ജ്ജം ഉണ്ടാക്കുന്നതാണ്. പക്ഷേ മാരകമായ റേഡിയോ പ്രസരണത്തിനുള്ള സാധ്യതക്കെതിരെ നിതാന്ത ജാഗ്രത വേണ്ടിവരും. ചെര്‍ണോബില്‍, ഫുകുഷിമ, ത്രീ മെയില്‍ ഐലന്റ് തുടങ്ങിയ ആണവ അപകടങ്ങളുടെ കഥ മറക്കാതിരിക്കുക. പക്ഷേ ആറ്റങ്ങളെ സംയോജിപ്പിച്ച് ഊര്‍ജ്ജമുണ്ടാക്കുന്ന പക്ഷം മനുഷ്യനും പ്രകൃതിക്കുമൊന്നും കാര്യമായ കുഴപ്പമില്ല ഇന്ധനം യാചിച്ച് വിദേശരാജ്യങ്ങളില്‍ അലയേണ്ടതുമില്ല.
പക്ഷേ ഒരു കുഴപ്പമുണ്ട്. ഫ്യൂഷന്‍ സാങ്കേതികവിദ്യ പ്രയോഗത്തില്‍ വരുത്താന്‍ വലിയ ബുദ്ധിമുട്ടാണ്. ഊര്‍ജ്ജം ഊല്‍പ്പാദിപ്പിക്കാനാവശ്യമായ അത്യുഗ്രമായ താപം ഉണ്ടാക്കുന്നതിനും ഉണ്ടാക്കിയ ഊര്‍ജ്ജം സൂക്ഷിക്കുന്നതിനും അതിലേറെ ബുദ്ധിമുട്ട്. സൂര്യനിലും നക്ഷത്രങ്ങളിലും നടക്കുന്നത് ഫ്യൂഷന്‍ പ്രവര്‍ത്തനമാണ്. അത്യുഗ്രമായ താപവും ഊര്‍ജ്ജവുമാണ് ഫ്യൂഷനിലൂടെ സൂര്യനില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
അണുവിഘടനം അഥവാ ന്യൂക്ലിയര്‍ ഫിഷന്‍ വഴി ഊര്‍ജ്ജമുണ്ടാക്കണമെങ്കില്‍ യുറേനിയം പ്ലൂട്ടോണിയം തുടങ്ങിയ അണുഭാരം കൂടിയ മൂലകങ്ങളെയാണ് ഉപയോഗിക്കുക. ഇവയുടെ ന്യൂക്ലിയസ് അഥവാ അണുകേന്ദ്രത്തെ ന്യൂട്രോണുകള്‍ ഉപയോഗിച്ച് പിളര്‍ക്കുന്നു. ആ വിഘടന പ്രക്രിയയില്‍ വന്‍തോതില്‍ താപോര്‍ജം പുറത്തുവരും. ഒരു കിലോ യുറേനിയം വിഘടനം നടത്തിയാല്‍ കിട്ടുന്ന ഊര്‍ജ്ജം 2750 ടണ്‍ കല്‍ക്കരി കത്തിച്ചാല്‍ കിട്ടുന്ന താപോര്‍ജ്ജത്തിന് തുല്യമെന്ന് ഏകദേശ കണക്ക്.
ആ ഊര്‍ജ്ജം കൊണ്ട് ജലത്തെ നീരാവിയാക്കാം. കൂറ്റന്‍ ടര്‍ബൈനുകളെ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. അണുവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിങ്ങനെയാണ്. എന്നാല്‍ ഫ്യൂഷന്‍ പൊതുവെ സൗഹൃദകാരിയാണ്. ഹൈഡ്രജന്‍, ഡ്യുറ്റിരിയം തുടങ്ങി അണുഭാരം തീരെ കുറഞ്ഞ മൂലകങ്ങളുടെ അണുകേന്ദ്രങ്ങളെ സംയോജിപ്പിച്ച് ആണ് ഇവിടെ ഊര്‍ജ്ജം ജനിപ്പിക്കുക. അത്യുഗ്രമായ ഊഷ്മാവില്‍ രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങളെ അതിശക്തിയോടെ കൂട്ടിയിടിപ്പിച്ച് ചേര്‍ക്കുകയാണ് ഫ്യൂഷന്‍ പ്രക്രിയയില്‍. ആ ഊര്‍ജ്ജം അപരിമേയമാണ്. ഊര്‍ജ്ജത്തിനൊപ്പം നിഷ്ക്രിയമായ ഹീലിയം ആറ്റങ്ങളും ജനിക്കും. മാരകമായ അണുപ്രസരണമോ ഭീകരമായ അപകടങ്ങളോ കാര്യമായി ഇല്ലാത്തതാണ് ഫ്യൂഷന്‍ നടത്തുന്ന ഈ തെര്‍മോ ന്യൂക്ലിയര്‍ പ്രക്രിയ. അണുസംയോജനത്തിന് ഹൈഡ്രജന്റെ സമസ്ഥാനീയമായ ഡുട്ടിരിയമാണ് സാധാരണ ഉപയോഗിക്കുക. അത് സമുദ്രജലത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കാം.
നാഷണല്‍ ഇഗ്നിഷ്യന്‍ ഫെസിലിറ്റിയുടെ പ്രസക്തി ഇവിടെയാണ്. അതുകൊണ്ടാണ് അത് നീണ്ടുപോകുംതോറും പൊതുജനം രോഷാകുലരാകുന്നതും. റിസല്‍ട്ട് എവിടെയെന്നാണ് പണം അനുവദിക്കുന്ന യുഎസ് കോണ്‍ഗ്രസിന്റെ ചോദ്യം. ഫലം കിട്ടാത്ത പദ്ധതിക്കുവേണ്ടി പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പത്രം അതിന്റെ എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നത്.
ഒരു നിശ്ചിത കാലാവധിക്കുള്ളില്‍ ക്യാന്‍സറിന് മരുന്ന് കണ്ടുപിടിക്കണമെന്ന് നിഷ്കര്‍ഷിക്കുംപോലെ ബാലിശമാണ് ഈ ആരോപണങ്ങളെന്ന് ലബോറട്ടറിയുടെ ഡയറക്ടര്‍ പെന്‍റോസ് സി.ആല്‍.ബ്രൈറ്റ് പറയുന്നു. അനാവശ്യമായ വിവരങ്ങള്‍ രാജ്യത്തെ മൊത്തം ശാസ്ത്രഗവേഷണങ്ങളെ പ്രതികൂലമായി ബാധിക്കും. നാസയുടെ പുതിയ ബഹിരാകാശ ദൂരദര്‍ശിനിക്കുവേണ്ടി 8000 കോടി ഡോളറും ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന് 1000 ലക്ഷം ഡോളറും ചെലവാക്കാന്‍ മടിക്കാത്തവര്‍ എന്തിന് ഈ പദ്ധതിയെ മാത്രം കുറ്റപ്പെടുത്തുന്നുവെന്നതാണ് ഫ്യൂഷന്‍ ശാസ്ത്രജ്ഞരുടെ നിലപാട്.
ഗവേഷണത്തിന്റെ ദിശ ശരിയായ രീതിയില്‍ത്തന്നെയാണ്. അതിനാല്‍ ഈ പരീക്ഷണം വിജയം തന്നെ. നാഷണല്‍ ഇഗ്നിഷ്യന്‍ ഫെസിലിറ്റിയിലെ വിദഗ്‌ദ്ധര്‍ ഊന്നിപ്പറയുന്നു. 2012 മാര്‍ച്ച് 15 ന് 1.875 ദശലക്ഷം ജ്യോൂള്‍ അള്‍ട്രാവയലറ്റ് ലേസര്‍ പ്രകാശ സ്പന്ദനങ്ങള്‍ നേടാനായെന്നത് തങ്ങളുടെ വമ്പന്‍ നേട്ടമാണത്രെ. ഒരു നിശ്ചിത ബിന്ദു കേന്ദ്രീകരിച്ച് 192 അള്‍ട്രാവയലറ്റ് ലേസറുകള്‍ ഒരു സെക്കന്റിന്റെ പതിനായിരത്തിലൊന്നു സമയം കൊണ്ട് അതിഭീമമായ ഊര്‍ജ്ജം നേരിയ അളവ് ഇന്ധനത്തിന്റെ മേലേക്ക് പായിക്കുകയാണ് ഇവിടെ. ഇന്ധനത്തിന്റെ ഉപരിതലം ആ താപത്തില്‍ പ്ലാസ്മ അവസ്ഥയെ പ്രാപിക്കും.
ബാക്കി ഉള്‍കാമ്പ് അത്യുഗ്ര മര്‍ദ്ദത്തില്‍ നേരിയൊരു ബിന്ദുവിന്റെ രൂപത്തിലേക്ക് അടിച്ചൊതുക്കപ്പെടും. ആ പ്രക്രിയയുടെ തുടര്‍ച്ചയില്‍ ഇന്ധനത്തിന്റെ താപവും സാന്ദ്രതയും വര്‍ധിച്ച് വന്‍തോതില്‍ അണുസംയോജനം നടക്കും. ഊര്‍ജ്ജം സ്വതന്ത്രമാക്കപ്പെടും.
രാഷ്‌ട്രീയക്കാരും ജനനായകരും പത്രങ്ങളും എന്തൊക്കെ പറഞ്ഞാലും യുഎസ് കോണ്‍ഗ്രസ് ഫ്യൂഷന്‍ പദ്ധതിയെ തഴയാനിടയില്ല. കാരണം അവര്‍ മുടക്കിയ പണം അതില്‍നിന്ന് എന്നെങ്കിലും പ്രതീക്ഷിക്കാവുന്ന കനത്ത ലാഭവും ഊര്‍ജ്ജവും ലോകനായകത്തവും. ഇതിനൊക്കെപ്പുറമെ ഒരു കാര്യം കൂടി-അപകടരഹിത ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനൊപ്പം ആണവായുധങ്ങളുടെ സൂക്ഷിപ്പിനും അറ്റകുറ്റത്തിനും നിയന്ത്രണത്തിനുമുള്ള സൗകര്യമൊരുക്കുന്നതും പദ്ധതിയുടെ ഒളിച്ചുവച്ച ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
>> ഡോ.അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: