കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണ് സ്കൂള്‍ ക്ലാസ് റൂമില്‍ അധ്യാപകനെ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവം. യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്മാസ്റ്ററുടെ കൊലപാതകം സമാനതകളില്ലാത്ത ക്രൂരതയാണെന്ന് സര്‍വരും സമ്മതിക്കുന്നു. അതിലെ എല്ലാ പ്രതികളും ഇനിയും പിടിയിലായിട്ടില്ല. അതിന് സിബിഐ അന്വേഷണം അനിവാര്യമാണെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ തീരുമാനമുണ്ടാകുന്നില്ല. കെ.ടി. ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസിലെ ചുരുളഴിച്ച് ടി.പി. വധക്കേസിലെ പ്രതി ടി.കെ. രജീഷിന്റെ വെളിപ്പെടുത്തലുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഈ കേസില്‍ പിടിയിലായവരില്‍ ഒരാള്‍മാത്രമാണ് യഥാര്ത്ഥപ്രതിയെന്നാണ് ടി.കെ. രജീഷ് പോലീസിന് മൊഴിനല്കിയിരിക്കുന്നത്. താനും അച്ചാരുപറമ്പത്ത് പ്രദീപനും അടങ്ങിയ സംഘമാണ് ക്ലാസ് മുറിയില്‍ ജയകൃഷ്ണന്മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് ടി.കെ. രജീഷ് നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളുടെ പട്ടിക പാര്‍ട്ടി ഓഫീസില്‍ നിന്നും തയ്യാറാക്കി നല്‍കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. കൊലയ്ക്ക് ശേഷം താന്‍ മുംബൈയിലേക്ക് രക്ഷപ്പെട്ടു. പിന്നീട് ഈ കേസില്‍ ഏഴ് പേര് അറസ്റ്റിലായെങ്കിലും പ്രദീപന് മാത്രമാണ് യഥാര്‍ത്ഥപ്രതി. ബാക്കിയുള്ളവരെ സിപിഎം നല്കിയ പട്ടികപ്രകാരം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയകൃഷ്ണന്‍മാസ്റ്റര്‍ വധത്തിന് പുറമെ 2005ലെ മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ് , 2008ലെ പീടികയില്‍ കുനിയില്‍ സുരേഷ് ബാബു വധക്കേസ് , 2009ലെ പാനൂര്ചെമ്പാട് വിനയന് വധക്കേസ് എന്നിവയിലും തനിക്ക് പങ്കുള്ളതായി ടി.കെ. രജീഷ് മൊഴി നല്‍കിയത് സിബിഐ അന്വേഷണത്തിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ്.
ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ പുനരന്വേഷണ സാധ്യത ബലപ്പെടുത്തുന്നതാണ് ടി.കെ. രജീഷ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. രാഷ്ട്രീയകേരളം ഇതുവരെയും കാണാത്തത്രയും നിഷ്ഠുരമായ രീതിയില്‍ നടന്ന കൊലപാതകത്തിലെ യഥാര്‍ത്ഥപ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമാണ്. പുനരന്വേഷണം വേണമെന്ന് ബിജെപിയും,ജയകൃഷ്ണന് മാസ്റ്ററുടെ അമ്മ കൗസല്യയും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ ഇതിനായി കൂട്ടധര്‍ണയും നടക്കുകയുണ്ടായി.
1999 ഡിസംബര്‍ ഒന്നിനാണ് ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ്മുറിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപന്, സുന്ദരന്‍, ഷാജി, ദിനേശ്ബാബു, രാജന്, കെ.കെ. അനില്‍കുമാര്‍, പറയങ്കണ്ടി സജീവന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ സുന്ദരന്‍, രാജന് എന്നിവരെ തെളിവിന്റെ അഭാവത്തില്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. സജീവന് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവരെ സെഷന്‍സ്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ അപ്പീല്‍ കോടതി ഇവരുടെ ശിക്ഷ ജീവപര്യന്തമാക്കി. കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ പ്രദീപന് ഒഴിച്ചുള്ളവര്‍ കുറ്റവിമുക്തരായി.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രദീപനെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പെ പി. ജയരാജന്, പി.ശശി എന്നിവരടങ്ങിയ ജയില്‍ ഉപദേശകസമിതി നല്കിയ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിട്ടയക്കുകയായിരുന്നു. യഥാര്‍ത്ഥപ്രതികളെ കണ്ടെത്താതെ പാര്‍ട്ടി നല്കിയ ലിസ്റ്റനുസരിച്ച് നടപടികള്‍ സ്വീകരിച്ചതാണ് യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയതിന് കാരണമെന്ന് അന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ജയകൃഷ്ണന് മാസ്റ്റര്‍ വധം പുനരന്വേഷിക്കുമ്പോള്‍ തന്നെ അന്വേഷണം അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് കോടതിപോലും നിര്‍ദ്ദേശിച്ചതാണ്.
സോണിയാകോണ്ഗ്രസ്സും കാരാട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കാനുണ്ടാക്കിയ രഹസ്യ ധാരണ നീതിന്യായ സംവിധാനങ്ങളെ തകിടം മറിക്കുന്നു എന്നതാണ് വസ്തുത. കോടതി വിധിയേയും ജനകീയാഭിപ്രായത്തേയും മാനിക്കാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറായത് നീതിനിഷേധമാണെങ്കിലും അതില്‍ അതിശയമില്ല. എന്നാല്‍ യുഡിഎഫ് ഭരണം വന്നിട്ടും ആ ആവശ്യം അംഗീകരിക്കപ്പെടുന്നില്ല. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ആദ്യ നടപടികളില്‍ ശുഷ്കാന്തി പ്രകടമായിരന്നു. എന്നാല്‍ പിന്നീടതില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. ആ കേസും സിബിഐക്ക് വിടണമെന്ന് ആവശ്യത്തോട് നിഷേധ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജയകൃഷ്ണന് മാസ്റ്ററുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. കൊന്നവനെ മാത്രമല്ല കൊല്ലിച്ചവനെയും പൂട്ടുമെന്ന് വീമ്പടിച്ച സര്‍ക്കാര്‍ എന്തുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് നടപടി സ്വീകരിക്കാത്തത് ? ആരെയാണ് ഭയക്കുന്നത് ? ഇടത്പക്ഷവും വലതുപക്ഷവും ഇതുസംബന്ധിച്ച് വല്ല ധാരണയിലും എത്തിയതാണോ എങ്കിലത് തുറന്ന് പറയണം. അല്ലാതെ കള്ളക്കളി നടപ്പില്ല. ജയകൃഷ്ണന് മാസ്റ്ററുടെ യഥാര്‍ത്ഥ കൊലയാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ല. അത് നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിന് സമമാണ്. ജനാധിപത്യവും നിയമം നിയമത്തിന്റെ വഴിയേ എന്നും അടിക്കടി പാടിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നിലപാട് അടിയന്തരമായും സ്വീകരിച്ചേ പറ്റൂ. തടസ്സങ്ങളുണ്ടെങ്കില്‍ അത് തുറന്ന് പറയണം. സര്‍ക്കാറുകള്‍ മറച്ചുവച്ചാലും യഥാര്‍ത്ഥ പ്രതികള്‍ ഇന്നല്ലെങ്കില്‍ നാളെ വെളിച്ചത്തുവരും. അപ്പോള്‍ ഒളിച്ചുകളിക്കുന്ന സര്‍ക്കാരുകള്‍ക്ക് ചാര്‍ത്തിക്കിട്ടുന്ന പേര് ദ്രോഹികള്‍ എന്നാവുമെന്ന് ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: