ലഖ്നൗ: മുന്‍ മുഖ്യമന്ത്രി മായാവതിയുടെ കാലത്ത് പഞ്ചസാര മില്‍ വില്പന നടത്തിയ കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ ലോകായുക്തയ്ക്ക് കൈമാറി. നേരത്തെ വിഷയം പരിശോധിച്ച സിഎജി എന്‍ഫോഴ്സ്മെന്റ് അതോറിറ്റിക്കോ തുല്യമായ മറ്റ് ഏജന്‍സികള്‍ക്കോ അന്വേഷണം കൈമാറണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേസ് ലോകായുക്തക്ക് കൈമാറിയത്.
മില്ല് വിറ്റതിലൂടെ സര്‍ക്കാരിന് 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. പഞ്ചസാര മില്ലുകള്‍ക്ക് കണക്കുകൂട്ടിയിരുന്ന തുകയില്‍ അന്‍പത് ശതമാനം വരെ കുറച്ച് നല്‍കിയതായാണ് ആരോപണം. തുക നേരത്തെ ലേലക്കാരുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് വിലയിരുത്തല്‍.
അധികാരത്തിലെത്തിയാല്‍ മായാവതി സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികള്‍ അന്വേഷിക്കാന്‍ കമ്മീഷന് രൂപീകരിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം മായാവതി അഴിമതി ആരോപണം നേരിടുന്ന വിഷയങ്ങള്‍ കാര്യമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.
മായാവതിയോട് അഖിലേഷ് മൃദുസമീപനമാണ് പുലര്‍ത്തുന്നതെന്ന് സമാജ്വാദി പാര്‍ട്ടിക്കുള്ളില്‍ പോലും ആക്ഷേപം തലപൊക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അഖിലേഷിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: