കൊല്ലം: ജില്ലയിലെ ആറ് ആര്.ടി ഓഫിസുകളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. ആര്.ടി ഓഫിസുകളില്‍ ഏജന്റുമാരുടെ ഇടപെടല്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് അറിയാനായിരുന്നു പരിശോധന.
ഏജന്റ് ബസ്റ്റര്‍ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് കൊല്ലത്തും റെയ്ഡ് നടന്നത്. കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ആര്.ടി ഓഫിസിലും കരുനാഗപ്പള്ളി, കുന്നത്തൂര്‍, പുനലൂര്‍, കൊട്ടാരക്കര ജോയിന്റ് ആര്.ടി ഓഫിസുകളിലുമാണ് പരിശോധന നടന്നത്. ജില്ലയിലെ എല്ലാ ആര്.ടി ഓഫിസുകളും ഏജന്റുമാരുടെ നിയന്ത്രണത്തിലാണെന്ന് വിജിലന്‍സിന് ബോധ്യപ്പെട്ടു. ആര്.ടി ഓഫിസുകളില്‍ ഏജന്റുമാര്‍ വഴിയല്ലാതെ ഒന്നും നടക്കുന്നില്ല. ഫയല്‍ നീങ്ങണമെങ്കില്‍ കൃത്യമായ പടി നല്‍കണമെന്ന് പരിശോധനയില്‍ ബോധ്യമായി. ആര്.ടി ഓഫിസുകളിലെ ഉദ്യോഗസ്ഥരും ഏജന്റുമാരുമായുള്ള വഴിവിട്ട ബന്ധവും അന്വേഷണത്തില്‍ വ്യക്തമായി.
ഓഫിസുകളില്‍നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്താനായില്ല. റെയ്ഡ് വിവരം മുന്‍കൂട്ടി അറിഞ്ഞതിനാല്‍ പല ഓഫിസുകളിലും ഉച്ചയ്ക്കുശേഷം ഏജന്റുമാരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അതേ സമയം ഏജന്റുമാരുടെ കോഡ് രേഖപ്പെടുത്തി അപേക്ഷകള്‍ മാറ്റിവച്ചിരുന്നത് കണ്ടെത്തി.
ബന്ധപ്പെട്ട ഏജന്റുമാര്‍വഴി ബന്ധപ്പെട്ടാല്‍ മാത്രമെ ഇത്തരം അപേക്ഷകളിന്മേല് തീരുമാനമുണ്ടാകൂവെന്നാണ് ഇതില്‍ നിന്നും വ്യക്തമായത്. ഡിവൈ.എസ്.പി റക്സി ബോബി അര്‍വിന്റെ കൂടാതെ സി.ഐമാരായ അശോക് കുമാര്‍, കൃഷ്ണകുമാര്‍, പ്രദീപ് കുമാര്‍, സിനി ഡെന്നീസ്, ഷെരീഫ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: