യുപിഎ ഭരണം അഴിമതിയില്‍ സര്‍വകാല റിക്കാഡ് സൃഷ്ടിച്ചിരിക്കുകയാണ്. ലോകത്ത് ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത അഴിമതിയുടെ ചരിത്രത്തിന്റെ ചുരുള്‍ നിവരുകയാണ് ഓരോദിവസവും. 2 ജി സ്പെക്ട്രം അഴിമതി 1.76 ലക്ഷം കോടിയുടേതാണെങ്കില്‍ 1.83 ലക്ഷം കോടിയുടേതാണ് കല്‍ക്കരി കുംഭകോണം.
കൂടാതെ ആയിരക്കണക്കിന് കോടികള്‍ മാറിമറിഞ്ഞതാണ് ആദര്‍ശ് അഴിമതിയും കോമണ്‍വെല്‍ത്ത് വെട്ടിപ്പും. പിന്നെയും ഒരുപാട് ചെറുതും വലതുമായ ക്രമവിരുദ്ധ ഇടപാടുകളുടെ കെട്ട് പൊട്ടിക്കൊണ്ടിരിക്കുകയാണ്. ഈ അഴിമതി പണവുമായിട്ടെല്ലാം കോണ്‍ഗ്രസ്സിനും അതിന്റെ പരമോന്നത നേതൃത്വത്തിനുമുള്ള പങ്ക് പകല്‍പോലെ വ്യക്തമാകുന്നതാണ്. ഏറ്റവും ഒടുവില്‍ പുറത്തുവന്നതാണ് ഡോ.സുബ്രഹ്മണ്യന്‍സ്വാമി പുറത്തുവിട്ട രഹസ്യങ്ങള്‍.
യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും മകനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ രാഹുലും ചേര്‍ന്ന് 1600 കോടി രൂപ വിലമതിക്കുന്ന പൊതുമേഖലാകമ്പനി സ്വന്തമാക്കി എന്ന ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. പബ്ലിക് ലിമിറ്റഡ് കമ്പനിയായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെയാണ് യംഗ് ഇന്ത്യന്‍ എന്നപേരില്‍ സ്വകാര്യസ്ഥാപനമാക്കി മാറ്റിയതെന്നാണ് സ്വാമി ആരോപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയാണ് ഇവര്‍ യംഗ് ഇന്ത്യന്‍ കമ്പനിയുടെ 76 ശതമാനം ഓഹരിയും സ്വന്തമാക്കിയതെന്നും അദ്ദേഹം ആരോപിച്ചിരിക്കുകയാണ്. നിയമവിരുദ്ധമായാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണ് പ്രവര്‍ത്തനമെന്നും സ്വാമി പറയുന്നു. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന സ്വാമിയുടെ ആവശ്യം തീര്‍ത്തും ശരിയാണ്. നാഷണല്‍ ഹെറാള്‍ഡ് , ഖ്വാമി അവാസ് എന്നീ പത്രങ്ങളുടെ ഉടമസ്ഥതയിലായിരുന്നു അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്. ഈ സ്ഥാപനത്തിന്റെ പേരില്‍ ദല്‍ഹിയിലും ഉത്തര്‍പ്രദേശിലും കോടികളുടെ ആസ്തിയാണുള്ളത്.
2009ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരിക്കെ രാഹുല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ കമ്പനിയുടെ ഉടമസ്ഥാവകാശം വ്യക്തമാക്കിയിട്ടില്ല. സ്വകാര്യകമ്പനിയെ സഹായിക്കാനായി ഇരുവരും ചേര്‍ന്ന് പൊതുഫണ്ട് വകമാറ്റി. സോണിയയുടെ ഔദ്യോഗിക വസതിയായ 10-ജന്‍പഥില്‍ കമ്പനിയുടെ യോഗം ചേര്‍ന്നിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണെന്നും സുബ്രഹ്മണ്യന് സ്വാമി ചൂണ്ടിക്കാട്ടി. ദല്‍ഹിയിലെ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരുന്ന ഹെറാള്‍ഡ് ഹൗസിന്റെ രണ്ട് നിലകള്‍ പാസ്പോര്‍ട്ട് ഓഫീസിന് വാടകക്ക് കൊടുത്തിരിക്കുകയാണ്. 30 ലക്ഷം രൂപയാണ് ഈ ഓഫീസ് വാടക നല്‍കുന്നതെന്നും ഇതിന്റെ 76 ശതമാനം സോണിയക്കും രാഹുലിനുമാണ് ലഭിക്കുന്നതെന്നും സ്വാമി തെളിവുസഹിതം ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. 25 ചെറു സ്വകാര്യകമ്പനികള്‍ ചേര്‍ന്നാണ് യംഗ് ഇന്ത്യന്‍ കമ്പനി രൂപീകരിച്ചത്. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി, ജി.ഡി ബിര്‍ള തുടങ്ങിയ പ്രമുഖരായ വ്യക്തികളാണ് ഓഹരിയുടമകളെന്നാണ് രേഖകളിലുള്ളത്. എന്നാല്‍ കമ്പനിയില്‍ അംഗമായി കാണിച്ചവരില്‍ 80 ശതമാനം പേരും ഇന്ന് ജീവിച്ചിരിപ്പില്ലെന്നും വ്യാജവിലാസമാണ് നല്‍കിയിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡോ.സുബ്രഹ്മണ്യന്‍സ്വാമി അഴിമതിക്കും അധികാരദുര്‍വിനിയോഗത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാംതന്നെ ആധികാരിക രേഖകളോടെയാണ്. രാഷ്ട്രീകാരണങ്ങളാല് അവയൊക്കെ നിസ്സാരവല്‍ക്കരിക്കുന്നത് ശരിയല്ല. പൊതുമുതല്‍ ധൂര്‍ത്തടിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നത് രാജ്യദ്രോഹം തന്നെയാണ്. അതിനെ ആ നിലയ്ക്ക് തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
യുപിഎ അധ്യക്ഷയും മകനും മരുമകനുമെല്ലാം ചേര്‍ന്ന് മുഗളന്മാരും ബ്രിട്ടീഷുകാരും ചെയ്തതുപോലെ ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ കൊള്ളയടിക്കുകതന്നെയാണ് ചെയ്യുന്നത്. ഇവരെ ചുറ്റിപ്പറ്റി നില്ക്കുന്ന കാല്‍ക്കാശിന് വകയില്ലെന്ന് സത്യവാങ്മൂലം നല്‍കിയവര്‍പോലും കോടീശ്വരന്മാരായി നിന്ന നില്പ്പില് മാറുന്നു. ഭൂസ്വത്തും മറ്റ് സ്വത്തുവകകളും സ്വന്തമാക്കിയിരിക്കുന്നു. റിയല്‍എസ്റ്റേറ്റ് മാഫിയകളായി കോണ്‍ഗ്രസ് ആസ്ഥാനം ഭരിക്കുന്നവര്‍ മാറുമ്പോള്‍ കയ്യുംകെട്ടി നോക്കിനില്ക്കാന് ജനങ്ങള്‍ക്കെങ്ങനെ സാധിക്കും. ഭൂമാഫിയയുടെ എല്ലാ സ്വഭാവവും സോണിയാ കുടുംബം സ്വായത്തമാക്കി എന്നതിന്റെ തെളിവാണ് റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാട് സംബന്ധിച്ച് വിവരം പുറത്തുവിട്ട ഐഎഎസ് ഓഫീസര്‍ക്കെതിരെ ആരംഭിച്ച നടപടികളും വധഭീഷണിയും. ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് കെമിക്ക് ആരോപണം പുറത്തുവിട്ടതിന്റെ തൊട്ടടുത്ത ദിവസം സ്ഥലംമാറ്റിയതിന് പുറകെയാണ് വധഭീഷണിയും ഉണ്ടായിരിക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയവും ആശങ്ക ഉളവാക്കുന്നതുമാണ്.
പത്തറുപത്തഞ്ച് വര്‍ഷം മുമ്പ് രാഷ്ട്രീയസ്വാതന്ത്ര്യം നേടിയതാണ് ഇന്ത്യ. എന്നാല്‍ സാമ്പത്തിക സ്വാതന്ത്ര്യം ഇന്നും നമുക്കന്യമാണ്. ഈ രംഗത്ത്അടിമത്തം നിലനിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ആഗോളതലത്തില്‍ത്തന്നെ നടക്കുന്നത്. അതിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് യുപിഎ. അതിനെ നിയന്ത്രിക്കുന്നവരാകട്ടെ അവര്‍ സ്വന്തമായി സാമ്പത്തിക സാമ്രാജ്യം സൃഷ്ടിക്കുന്നു. അത് വിപുലപ്പെടുത്താന്‍ ഏത് മാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാകുന്നു. അതിലൊന്നാണ് സുബ്രഹ്മണ്യന് സ്വാമി ചൂണ്ടിക്കാട്ടിയത്. ഇതിന്റെ കള്ളത്തരങ്ങളും കള്ളപ്പണവും പുറത്തുകൊണ്ടുവരികതന്നെവേണം. യുപിഎ ഭരണം നിലനിര്‍ത്തിക്കൊണ്ട് അത് സാദ്ധ്യമല്ലെന്ന് വ്യക്തമാണെന്നിരിക്കെ അതിനെ നിഷ്കാസനം ചെയ്യുക എന്ന പ്രക്രിയയാണ് പൂര്‍ത്തിയാക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: