ന്യൂദല്‍ഹി: വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാളിന് പണത്തോട് ഭ്രമമില്ലെന്ന് അണ്ണാഹസാരെ. പക്ഷെ കേജ്രിവാളിന് അധികാരമോഹം കണ്ടേക്കാമെന്നും ഹസാരെ തുറന്നടിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഹസാരെ കേജ്രിവാളിനെതിരെ ആരോപണം ഉന്നയിച്ചത്. സ്വന്തം കുടുംബത്തേക്കാളുപരി സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന കേജ്രിവാളിന്റെ രീതിയെ പ്രകീര്‍ത്തിച്ച ഹസാരെ കേജ്രിവാളിന് അധികാരഭ്രമമുണ്ടോയെന്ന ചോദ്യത്തോട് സമ്മതഭാവത്തില്‍ പ്രതികരിക്കുകയായിരുന്നു.
കേജ്രിവാള് ത്യാഗിയാണ്. കുടുംബത്തെക്കാളുപരി സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്നു. അദ്ദേഹം സ്വാര്‍ത്ഥനല്ല. പണത്തോട് ആര്‍ത്തിയില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ വന്നതോടെ അദ്ദേഹത്തിന് മറ്റു ചില ആഗ്രഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വയം മന്ത്രിയാകാന്‍ കഴിയില്ല. കേജ്രിവാളിന് അധികാരഭ്രമമാണോ എന്ന ചോദ്യത്തോട്, അല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്ന് ഹസാരെ തുറന്നടിച്ചു.
ഒരു സമയം ഒന്നിലധികം പേരെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്നത് ശരിയല്ല. ഓരോരുത്തരുടെ അഴിമതി ആദ്യം പുറത്തുകൊണ്ടുവരണം. മഹാരാഷ്ട്രയിലെ ആറ് മന്ത്രിമാര്‍ക്കെതിരെയുള്ള അഴിമതിയാണ് താന്‍ ആദ്യം പുറത്തുകൊണ്ടുവന്നത്. എന്നാല്‍ ഒരു സമയം താന്‍ ഒരാളെയാണ് ലക്ഷ്യംവെച്ചിരുന്നത്. കേജ്രിവാള് ഇത് മനസ്സിലാക്കിവേണം പ്രവര്‍ത്തിക്കേണ്ടതെന്നും ഹസാരെ ഉപദേശം നല്കി.
അഴിമതിക്കെതിരായ പോരാട്ടത്തിനുവേണ്ടി പുതിയ സംഘം രൂപീകരിക്കാനുളള ഒരുക്കത്തിലാണ് ഹസാരെ. പുതിയ അംഗങ്ങളുമായി അഴിമതിക്കെതിരെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘത്തില്‍നിന്നും വഴിപിരിഞ്ഞവരുമായി ഇനിയൊരു കൂടിച്ചേരലിനില്ലെന്നും ഹസാരെ അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കേജ്രിവാളിന്റെ തീരുമാനത്തെത്തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഹസാരെയേയും കേജ്രിവാളിനേയും വഴിപിരിക്കാനിടയായത്. തുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണവുമായെത്തിയ കേജ്രിവാളിന്റെ നടപടികളെ ഹസാരെ രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്.
ഭാവിയില്‍ നിരാഹാര സമരങ്ങള്‍ നടത്തില്ല എന്ന തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അടുത്തിടെ നടന്ന സമരങ്ങള്‍ക്കുശേഷം തന്റെ ആരോഗ്യം വളരെ മോശമായിരുന്നു. നാലും അഞ്ചും മാസങ്ങള്‍ക്കുശേഷമാണ് ഇതില്‍നിന്നും കരകയറാന്‍ സാധിച്ചത്. ഇക്കാരണത്താലാണ് ഭാവിയില്‍ നിരാഹാര സമരങ്ങള്‍ നടത്തില്ലെന്ന് തീരുമാനിച്ചതെന്നായിരുന്നു ഹസാരെയുടെ മറുപടി. കേജ്രിവാളിന്റെ രാഷ്ട്രീയ പാര്‍ട്ടിയെ താന്‍ പിന്തുണക്കില്ലെന്നും ഹസാരെ ആവര്‍ത്തിച്ചു പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച ജീവിതചരിത്രമുണ്ടായിരിക്കണമെന്നും ഹസാരെ പറഞ്ഞു. കേജ്രിവാളിന്റെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ഒന്നില്ലെന്നായിരുന്നു ഹസാരെയുടെ മറുപടി. തന്റെ ജീവിതത്തിലെ വിജയങ്ങളേയും പരാജയങ്ങളേയും ഒരിക്കലും ഗൗരവമായി കാണാറില്ലെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. കേജ്രിവാളിനെക്കുറിച്ച് താന്‍ എന്തിന് ചിന്തിക്കണം. ഞാന്‍ എന്റെ ചുമതലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഹസാരെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: