പ്രണബ്കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയായതിനുശേഷം ആദ്യമായി കേരളത്തിലെത്തി നടത്തിയ ഉദ്ബോധനങ്ങള്‍ എന്തുകൊണ്ടും പ്രസക്തവും ശ്രദ്ധേയവുമാണ്. രണ്ടാംകേരള മോഡല്‍ വികസിപ്പിച്ചെടുക്കണമെന്നും നിയമസഭയുടെ സമ്മേളന ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും രാഷ്ട്രപതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മലയാളത്തിന്റെ മഹത്ത്വവും മാന്യതയും വര്‍ദ്ധിപ്പിക്കാന്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും പ്രണബ്കുമാര്‍ മുഖര്‍ജി നിര്‍ദ്ദേശിക്കുകയുണ്ടായി. ഒരു രാത്രിയും ഒരുപകല്‍ മുഴുവനും തിരുവനന്തപുരത്തുണ്ടായിരുന്ന രാഷ്ട്രപതിക്ക് തിരക്കിട്ട പരിപാടികള്‍ തന്നെയാണുണ്ടായത്.
അതെല്ലാം തന്നെ ഔദ്യോഗിക ചടങ്ങുകള്ക്കുപരി ജനകീയമാകാതിരുന്നത് പോരായ്മകള്തന്നെയാണ്. പ്രത്യേകിച്ചും മലയാളമഹോത്സവം. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ് ആളൊഴിഞ്ഞ കസേരകള്‍ മാത്രമാകാതിരിക്കാന്‍ അവസാനനിമിഷം സംഘാടകര്‍ക്ക് നന്നേ കഷ്ടപ്പെടേണ്ടിവന്നു എന്നത് പറയാതിരിക്കാന്‍ വയ്യ.
നിയമസഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗം നിയമനിര്‍മ്മാണസഭകളുടെ അപചയം വെളിവാക്കുന്നതാണ്. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം സഭ ചേരുന്നത് കേരളമാണെന്ന് രാഷ്ട്രപതി പറഞ്ഞത് അംഗീകാരമാണെങ്കിലും അതില്‍ അഭിമാനിക്കാന്‍ ഒന്നുമില്ല. കേരളസഭ ചേരുന്നത് ശരാശരി 53/54 ദിവസങ്ങള്‍ മാത്രമാണ്. 365 ദിവസമുള്ള വര്‍ഷത്തിലാണിത്. മറ്റ്പല നിയമസഭകളും ഇത്രയും ദിവസംപോലും ചേരുന്നില്ലെന്നറിയുമ്പോഴാണ് ജനാധിപത്യത്തിന്റെ പരിതാപകരമായ അവസ്ഥ വ്യക്തമാകുന്നത്. നിയമ നിര്‍മ്മാണസഭകള്‍ കൃത്യമായി കൂടുന്നതിന് നിയമ നിര്‍മ്മാണം ഉള്‍പ്പെടെയുള്ളവ പരിഗണിക്കാവുന്നതാണെന്നും രാഷ്ട്രപതി നിര്‍ദ്ദശിച്ചിരിക്കുന്നു. ഒരു വര്‍ഷം കുറഞ്ഞത് നൂറു ദിവസമെങ്കിലും കൃത്യമായി നിയമസഭ സമ്മേളിക്കുമെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇന്ത്യയ്ക്ക് കേരളം നല്കിയ സംഭാവനകള്‍ രാഷ്ട്രപതി എടുത്തുപറയുകയുണ്ടായി. ഒന്നേകാല്‍ നൂറ്റാണ്ട് മുന്‍പ് തിരുവിതാംകൂര്‍ പ്രജാസഭയാണ് ഇതിന് തുടക്കം കുറിച്ചത്.
ഭൂപരിഷ്കരണം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, അഴിമതിനിര്‍മാര്‍ജനം എന്നിവയില്‍ നിയമനിര്‍മ്മാണം നടത്തി കേരളം മുന്നിലെത്തിയത് രാഷ്ട്രപതി അനുസ്മരിച്ചു. അധികാരവികേന്ദ്രീകരണത്തില്‍ കേരളം മാതൃകയാണ്. സബ്ജക്ട്സ് കമ്മറ്റി കേരള നിയമസഭയുടെ സംഭാവനയാണ്. ഇതിനെ പിന്തുടര്ന്നാണ് പാര്‍ലമെന്റിലും പിന്നീട് കമ്മറ്റികള്‍ ഉണ്ടായിട്ടുള്ളത്. കൂടുതല്‍ ദിവസം കേരള നിയമസഭ സമ്മേളിച്ചു എന്നത് മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരള സംസ്ഥാനത്തെ മുന്നിലാക്കുന്നു. ബജറ്റിലൂടെ പൊതുപണം എങ്ങനെ ചെലവഴിക്കുന്നുവെന്നതിനെപ്പറ്റി കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ 293 കോടി രൂപയുടേതായിരുന്നു ആദ്യ ബജറ്റ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 12ലക്ഷം കോടി രൂപയുടേതായി ഉയര്‍ന്നു. ഇത് എങ്ങനെ ചെലവഴിക്കുന്നുവെന്നതിനെക്കുറിച്ചും പ്രയോജനത്തെക്കുറിച്ചും കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന്പറഞ്ഞ രാഷ്ട്രപതി ഏറെക്കാലം ധനവകുപ്പ് കൈകാര്യം ചെയ്ത വ്യക്തിയാണെന്ന് ഓര്‍ക്കണം. സമൂഹത്തില്‍ ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്നവര്‍ക്കായി ബജറ്റില്‍ പ്രഖ്യാപിക്കുന്ന സംഖ്യയുടെ ഇരുപത്ശതമാനംപോലും അര്‍ഹിക്കുന്നവരുടെ കൈകളിലെത്തുന്നില്ലെന്നാണ് കണ്ടത്. ഇതിന് നഷ്ടപരിഹാരം കാണാന്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രധനവകുപ്പിന് കഴിഞ്ഞില്ലെന്ന സത്യം ഓര്‍ക്കാതിരുന്നിട്ട് കാര്യമില്ല.
ജനങ്ങള്‍ക്ക് നിയമസഭയോടും ജനാധിപത്യ രീതികളോടുമുള്ള വിശ്വാസം വര്‍ധിക്കുകയാണ്. അവരുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുത്. സാക്ഷരത, ജനസംഖ്യാനിയന്ത്രണം, തൊഴിലാളി ക്ഷേമം, സാമൂഹ്യ സാമ്പത്തിക സമത്വം എന്നിവയ്ക്ക് കേരളം മുമ്പന്തിയിലാണ്. തൃത്താല പഞ്ചായത്തുകളില്‍ വനിതകള്‍ക്ക് അമ്പതു ശതമാനം പ്രാതിനിധ്യം നല്കിയതും എടുത്തു പറയേണ്ടതാണ്. പല നേട്ടങ്ങളും കേരളത്തിന്റേതായുണ്ടെങ്കിലും കോട്ടങ്ങളുടെ കൂട്ടത്തില്‍ രാഷ്ട്രപതി എടുത്തുപറഞ്ഞത് അക്രമരാഷ്ട്രീയമാണ്. ജനാധിപത്യ പ്രക്രിയയിലും സമാധാനപരമായ രാഷ്ട്രീയ പങ്കാളിത്തത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസം വീണ്ടെടുക്കേണ്ടതുണ്ടെന്നും രാഷ്ട്രപതി അഭിപ്രായപ്പെടുകയുണ്ടായി. വ്യവസായവല്‍ക്കരണത്തിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വേഗത കൂട്ടണം. പ്രവാസി മലയാളികളുടെ പണം ദീര്‍ഘകാല വികസന പദ്ധതികള്‍ക്ക് തിരിച്ചുവിടണമെന്നും പ്രണബ്കുമാര്‍ മുഖര്‍ജി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
നിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും ഉദ്ബോധനങ്ങള്‍ക്കും ഒരു പഞ്ഞവും ഒരിക്കലും ഉണ്ടായിട്ടില്ല. പ്രണബിന് മുന്‍പ് രണ്ട് രാഷ്ട്രപതിമാര്‍ നിയമസഭയില്‍ വന്ന് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. മലയാളിയായ കെ.ആര്.നാരായണനും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഡോ.എ.പി.ജെ.അബ്ദുല്‍ കലാമും പറഞ്ഞ നല്ലകാര്യങ്ങള്‍ ഏറെ പ്രചാരം ലഭിച്ചതാണ്. രാഷ്ട്രീയത്തിന്റെ മുന്‍പരിചയമില്ലാതെ മികവുകൊണ്ടുമാത്രം പ്രഥമ പൗരനായ അബ്ദുല്കാലം ആറുവര്‍ഷം മുമ്പ് നിയമസഭയില്‍ നടത്തിയ പ്രസംഗം സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കും മുന്നേറ്റത്തിനും സഹായിക്കുന്നതായിരുന്നു. ഇനംതിരിച്ച് 10 കല്പനകള്തന്നെ സമര്‍പ്പിച്ചു. അതിനുശേഷം ഇടതും വലതും കേരളം ഭരിച്ചു. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഡോ.അബ്ദുല്‍കലാം നിരത്തിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അത് അച്ചടിച്ച കടലാസിന്റെ വിലപോലും കല്പിച്ചില്ല. ആരെന്തുപറഞ്ഞാലും കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ മുഷ്ക്ക് നിറഞ്ഞതും ശുഷ്കിച്ചതുമായ മാര്‍ഗമല്ലാതെ മറ്റൊന്നും സ്വീകരിക്കില്ലെന്ന മര്‍ക്കട മുഷ്ടിക്കാരുടെ മുന്നില്‍ ആരുടെ ഉദ്ബോധനവും ഏശാന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: