ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആഞ്ഞുവീശുന്ന സാന്റി കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അമേരിക്കയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റില്‍ ഇതുവരെയായി 60 പേരാണ് കൊല്ലപ്പെട്ടത്. വരും ദിവസങ്ങളില്‍ മരണനിരക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് ഏതാണ്ട് 3,70,000 പേരെ മാറ്റി താമസിപ്പിച്ചു. രാജ്യത്തെ 76 ഓളം സ്കൂളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളാക്കിയിരിക്കുകയാണ്. അറ്റ്ലാന്റിക് സിറ്റിക്ക് സമീപം ന്യൂജഴ്സി തീരത്ത് കൊടുങ്കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മണിക്കൂറില്‍ 75 മെയില്‍ വേഗതയിലാണ് കാറ്റടിക്കുന്നത്. കൊടുങ്കാറ്റിനെ നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ എടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള പല നഗരങ്ങളും പട്ടണങ്ങളും അപകടങ്ങള്‍ തടയാന്‍ മുന്‍കരുതലെന്ന വണ്ണം വിദ്യാലയങ്ങള്‍ അടച്ചിട്ടു. വാഹന യാത്ര ഒഴിവാക്കാന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റ് വെര്‍ജീനിയ മുതല്‍ കെന്റക്കി വരെയുള്ള പ്രദേശത്ത് പലയിടങ്ങളിലും പേമാരിയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹവായിയില്‍ സുനാമി തിരമാലകളുണ്ടായിരുന്നു. ഏകദേശം ആറടി ഉയരത്തിലാണ് തിരമാലകള്‍ പൊങ്ങിയിരുന്നത്. കാനഡയില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്നാണ് സുനാമി തിരമാലകള്‍ പ്രത്യക്ഷപ്പെട്ടത്. കാനഡയിലെ ഭൂകമ്പത്തെ തുടര്‍ന്ന് അലാസ്ക, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ തിങ്കളാഴ്ച രാത്രിയോടെ സാന്‍ഡി കൊടുങ്കാറ്റ് ന്യൂജേഴ്സിയിലും ന്യൂയോര്ക്കിലുമെത്തുമെന്ന കാലാവസ്ഥാ പ്രവചനങ്ങളെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് അങ്ങോട്ടുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. അമേരിക്കയിലെ കിഴക്കന്‍ മേഖലയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അമേരിക്കന്‍ എയര്‍ലൈന്‍സ്, ജെറ്റ് ബ്ലൂ, ഡെല്‍റ്റ എന്നീ കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചു. ഇന്നലെയും ഇന്നുമായി ഏകദേശം 6000 ത്തോളം സര്‍വീസുകളാണ് റദ്ദാക്കിയത്.
ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്കോ, ഷിക്കാഗോ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ വിമാനങ്ങള്‍ റദ്ദാക്കിയത് സാരമായി ബാധിച്ചു. കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരാണ്. വൈദ്യുതി മുടങ്ങിയാല്‍ പുനഃസ്ഥാപിക്കാന്‍ രണ്ടാഴ്ചവരെ എടുക്കുമെന്നാണ് അറിയിപ്പ്. അതുകൊണ്ട് തന്നെ വലിയ തയ്യാറെടുപ്പിലാണ് ജനങ്ങള്‍. കുടിവെള്ളം കിട്ടാനായി കടകള്‍ക്ക് മുന്നില്‍ ഒന്നരമെയില് ക്യൂവാണ് ന്യൂജഴ്സിയില്‍. ജനറേറ്ററുകള്‍ സ്റ്റോക്ക് തീര്‍ന്നു. പെട്രോള്‍ പമ്പുകള്‍ പലതും വരണ്ടു. ജനറേറ്റര്‍ പ്രവര്‍ത്തിക്കാനുള്ള പെട്രോള്‍ എല്ലാവരും വാങ്ങിക്കൂട്ടിയതോടെ പമ്പുകളില്‍ പലതിലും നോ സ്റ്റോക്ക് ബോര്‍ഡ് വെച്ചതായി അധികൃതര്‍ അറിയിച്ചു. 100 വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ കൊടുങ്കാറ്റ് എന്ന അറിയിപ്പാണ് ജനങ്ങളില്‍ ഭീതി വിതച്ചിരിക്കുന്നത്. അതേസമയം ഇത്തരത്തിലുള്ള കൊടുങ്കാറ്റ് ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പതിനഞ്ചു ദിവസം മുമ്പേ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്നും കൃത്യമായി പ്രവചിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: