1991 മുതല്‍ ഹരിയാന കേഡറിലെ ഐഎഎസ് ഓഫീസറായ അശോക് ഖേംകയെ 21 വര്‍ഷത്തെ സര്‍വീസിനിടക്ക് 40 പ്രാവശ്യമാണ് ഗവണ്മെന്റ് സ്ഥലംമാറ്റിയത്. അഴിമതിവിരുദ്ധ പോരാട്ടത്തിന് 2011 ലെ എസ്.ആര്. ജിന്‍ഡാല്‍ പുരസ്കാരം നേടിയതിനുശേഷവും അദ്ദേഹത്തിന് യോഗം മറ്റൊരു സ്ഥലംമാറ്റമായിരുന്നു. ഇപ്രാവശ്യം അദ്ദേഹത്തിന് കൈപൊള്ളിയത് കേന്ദ്രത്തില്‍ സര്‍വശക്തയായ മാഡത്തിന്റെ മരുമകനെ ‘വെളിച്ചത്തു കൊണ്ടുവന്നപ്പോഴാണ്.’
റോബര്‍ട്ട് വധേരക്കെതിരെ പട നയിക്കാന്‍ എന്തവകാശമാണ് അശോക് ഖേംഖക്കുള്ളത്? ഉത്തരംലളിതം. അടുത്തകാലംവരെ ഹരിയാനയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ലാന്റ് കണ്സോളിഡേഷന് ആന്റ് റെക്കോര്‍ഡ്സും ഐജി ഓഫ് രജിസ്ട്രേഷനും മറ്റാരുമായിരുന്നില്ല; സാക്ഷാല്‍ അശോക് ഖേംകതന്നെയായിരുന്നു.
എങ്കില്‍ റോബര്‍ട്ട് വധേരക്കെതിരെയുള്ള ആരോപണങ്ങള്‍ എന്തൊക്കെയാണ്?
ഹരിയാന-ദല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ബിസിനസുകാരനാണ് റോബര്‍ട്ട് വധേര. അന്തരിച്ച രാജീവ്ഗാന്ധിയുടെ മകള്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ്. മകനായ രാഹുല്‍ഗാന്ധിയുടെ അളിയന്. വിവാഹത്തിന് മുമ്പ് കരകൗശല വസ്തുക്കളുടെയും പുരാവസ്തുക്കളുടെയും കയറ്റുമതിയായിരുന്നു റോബര്‍ട്ട് വധേരയുടെ ഇഷ്ടപ്പെട്ട ബിസിനസ്. പിന്നീട് റിയല്‍ എസ്റ്റേറ്റിലേക്ക് കടന്നു. സോണിയാഗാന്ധിയുടെ മരുമകനെന്ന മെയിലേജ് മുതലാക്കി കെട്ടിപ്പൊക്കിയത് പണം കായ്ക്കുന്ന മരങ്ങള്‍ നിറഞ്ഞ ഒരു സാമ്രാജ്യംതന്നെയായിരുന്നു.
അങ്ങനെ വെറും നാല്പത് ലക്ഷം രൂപയുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നുവന്നയാള് ചുരുങ്ങിയ കാലംകൊണ്ട് 600 കോടിയുടെ ആസ്തി സമ്പാദിച്ചുകൂട്ടി. ഒട്ടേറെ തിരിമറികള്ക്കൊടുവിലാണ് കള്ളപ്പണമൊക്കെ ഒന്നു വെളുപ്പിച്ചുകിട്ടിയത്. ആദ്യമായി സ്വന്തം പേരിലും അല്ലാതെയും ഒട്ടേറെ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ ഫ്ലാറ്റുകള്‍ നിര്മ്മിച്ചുനല്കി കുപ്രസിദ്ധിയാര്‍ജിച്ച റിയല്‍ എസ്റ്റേറ്റ്-നിര്‍മ്മാണ കമ്പനിയായ ഡിഎല്‍എഫ് ആണ് റോബര്ട്ട്വധേരയുടെ മുഖ്യ ബിസിനസ് പങ്കാളി.
65 കോടി രൂപ പലിശരഹിത വായ്പ റോബര്‍ട്ട് വധേരക്ക് അനുവദിച്ചുകൊണ്ടാണ് ബന്ധം വളര്‍ന്നത്. ഈ ലോണ്‍ ഉപയോഗിച്ച് മാര്‍ക്കറ്റ് വിലയുടെ ഏകദേശം മൂന്നിലൊന്ന് വിലക്ക് ഡിഎല്‍എഫിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം വധേര വാങ്ങിച്ചു.
ഹരിയാനയിലെ ഗുഡ്ഗാവിലുള്ള മംഗോളിയ അപ്പാര്‍ട്ട്മെന്റിലെ ഏഴ് ഫ്ലാറ്റുകള്‍ വധേരയുടെ കമ്പനികള്‍ വാങ്ങിയത് മൊത്തം 5.2 കോടി രൂപക്കാണ്. അന്ന് ഒരു ഫ്ലാറ്റിന്റെ വില അഞ്ച് കോടി രൂപയായിരുന്നു. ഓരോ ഫ്ലാറ്റിനും 10 മുതല്‍ 15 കോടി രൂപവരെയാണ് ഇന്നത്തെ വില്‍പ്പന വില.
2010 ല്‍ 20 കോടി രൂപ മാര്‍ക്കറ്റ് വിലയുണ്ടായിരുന്ന ഗുഡ്ഗാവിലെ 10,000 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള പെന്തൗസ് ഡിഎല്‍എഫ് അറാലിയസ് എന്ന കമ്പനി വെറും 89 ലക്ഷം രൂപക്കാണ് വധേരക്ക്വിറ്റത്.
സാകേതിലെ ഡിഎല്‍എഫ് ഹില്‍ട്ടണ്‍ ഗാര്ഡന് ഇന്‍ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ അമ്പത് ശതമാനം ഷെയര്‍ വധേര വാങ്ങിയത് വെറും 32 കോടി രൂപക്കാണ്. വില്‍പ്പന സമയത്ത് ഇത്രയും ഷെയറിന്റെ മാര്‍ക്കറ്റ് വില 150 കോടിയായിരുന്നു. തീര്‍ന്നില്ല; മാനേശ്വര്‍-ഷിക്കോപൂര്‍ റോഡിലുള്ള 3.531 ഏക്കര്‍ ഭൂമി വധേരയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2012 സപ്തംബര്‍ 18 ന് ഡിഎല്‍എഫ് യൂണിവേഴ്സല്‍ ലിമിറ്റഡിന് വിറ്റത് വെറും 58 കോടി രൂപക്കാണ്.
ഇതുള്‍പ്പെടെ ഹരിയാനയിലെ നാല് ജില്ലകളില്‍ റോബര്‍ട്ട് വധേരയും കമ്പനികളും നിസാര തുകക്ക് രജിസ്റ്റര്‍ ചെയ്ത എല്ലാ പ്രമാണങ്ങളും റദ്ദാക്കാന്‍ ഉത്തരവ് നല്‍കിയതിനാണ് അശോക് ഖേംകയെ ഹരിയാന സര്‍ക്കാര്‍ വീണ്ടും സ്ഥലംമാറ്റിയത്.
ഹരിയാനയിലെ ‘ദ സ്റ്റേറ്റ് കണ്സോളിഡേഷന് ആക്ട്’ അനുസരിച്ച് റവന്യൂ ഓഫീസറാണ് ഭൂമി ക്രയവിക്രയ കാര്യങ്ങള്‍ക്കുള്ള അതോറിറ്റി. എന്നാല്‍ അദ്ദേഹത്തെ മറികടന്ന് ഗുഡ്ഗാവ് അസിസ്റ്റന്റ് കണ്സോളിഡേഷന് ഓഫീസറാണ് വധേരയുടെ അനധികൃത ഇടപാടുകള്ക്കനുകൂലമായി നടപടികളെടുത്തത്.
2011 ഓഗസ്റ്റില്‍ ഹരിയാന ഗവണ്മെന്റ് ഏറ്റെടുത്ത ഷിക്കോപൂര്‍ എസ്റ്റേറ്റ് ഭൂമി കണ്സോളിഡേഷന് ഓഫീസറുടെ അനുമതിയില്ലാതെ മാനേശ്വറിലെ സബ്രജിസ്ട്രാര്‍ റോബര്‍ട്ട് വധേരയുടെ കമ്പനിക്ക് അനധികൃതമായി രജിസ്റ്റര്‍ ചെയ്തുകൊടുത്തിരുന്നു.
ഇതേ വസ്തു മറിച്ചുവില്‍ക്കാന്‍ റോബര്‍ട്ട് വധേരക്ക് അനുവാദം നല്കിയ ഹരിയാന ടൗണ്‍ ആന്റ് കണ്ട്രി ആന്റ് പ്ലാനിംഗ് ഡിപ്പാര്‍ട്ടുമെന്റിന്റെ 2012 ഏപ്രില്‍ 3-ാം തീയതിയിലെ ഉത്തരവ് പ്ലാനിംഗ് ഡിപ്പാര്‍ട്ടുമെന്റ് കണ്സോളിഡേഷന് ആക്ടിലെ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗവണ്മെന്റ് സംവിധാനങ്ങളെയാകെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് നിയമലംഘനം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രേരണ നല്കിയതാരാണ്? നിയമലംഘനത്തെ തടയാന്‍ ശ്രമിച്ച സത്യസന്ധനായ ഐഎഎസ് ഓഫീസറായ അശോക് ഖേംകയോട് ഹരിയാന സര്‍ക്കാര്‍ ചെയ്തത് ന്യായമാണോ? സോണിയാഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വധേരക്ക് ഭാരതത്തിലെ സിവില്‍ നിയമങ്ങള്‍ ബാധകമല്ലാതാകുന്നത് എന്തുകൊണ്ടാണ്?
ഇത്തരം ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കി ഇന്ത്യയെന്ന ബനാന റിപ്പബ്ലിക്കിനെ നോക്കി പരിഹസിക്കുകയാണ് സോണിയയുടെ സ്വന്തം മരുമകനായ റോബര്‍ട്ട് വധേര.
കെ.എം. ചന്ദ്രശേഖരന്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മുന്‍ ക്യാബിനറ്റ് സെക്രട്ടറി. ഉന്നതപദവികളിലെ മലയാളി മുഖം. അടുത്തകാലത്ത് ശ്രദ്ധേയമായ ഒരു വെളിപ്പെടുത്തലിലൂടെയാണ് അദ്ദേഹം പത്രങ്ങളില്‍ നിറഞ്ഞുനിന്നത്. രാജ്യത്തിനുവേണ്ടി നിലകൊള്ളുന്ന അനേകം ചന്ദ്രശേഖരന്മാര്ക്കിന്ന് നൊമ്പരങ്ങളുടെ കാലമാണ്. കാരണം മറ്റൊന്നുമല്ല, ഉന്നതപദവികളില്‍ രാജ്യത്തെ നയിക്കുന്നവര്‍ക്ക് കൂറ് ഭാരതത്തോടോ അതോ ഇറ്റലിയോടോ?
പ്രധാനമന്ത്രി മന്മോഹന്സിംഗാണ് കഥയിലെ വില്ലന്‍. വിഷയം ടു ജി സ്പെക്ട്രം. 2007 ഡിസംബര്‍ 4 നാണ് സംഭവം നടന്നത്. ടു ജി സ്പെക്ട്രം ലൈസന്‍സുകള്‍ വിവിധ കമ്പനികള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനമെടുക്കുന്നതിന് അഞ്ച് ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അന്വേഷണം വരുന്നത്. ടു ജി സ്പെക്ട്രം ലൈസന്‍സ് നല്‍കുന്നതിന് താങ്കളുടെ പക്കല്‍ എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ എന്നായിരുന്നു ചോദ്യം.
വിളി വന്നപാടെ കെ.എം. ചന്ദ്രശേഖരന് തന്റെ അഭിപ്രായം പറഞ്ഞു. മറുപടി ഇതായിരുന്നു;
2001 ലെ ടു ജി സ്പെക്ട്രം വില്‍പ്പന വിലയായ 1,651 കോടി രൂപ ഇന്നത്തെ സാഹചര്യത്തില്‍ ചെറിയൊരു തുകയാണ്. ലൈസന്‍സ് ഫീ 36,000 കോടി രൂപയായി വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ പറയുന്നതിന് കാരണമുണ്ട്.
ഒന്നാമതായി, കൊടുക്കാനുദ്ദേശിക്കുന്ന 122 സ്പെക്ട്രം ലൈസന്‍സുകള്‍ക്കു വേണ്ടി 572 അപേക്ഷകരുടെ നീണ്ട നിരതന്നെയുണ്ട്. മാത്രവുമല്ല 2001 നുശേഷം ടെലി-സാന്ദ്രതയും മാര്‍ക്കറ്റ് വ്യാപ്തിയും വളരെയധികം വര്‍ധിച്ചു. വിതരണം ചെയ്യാനുള്ള സ്പെക്ട്രം ലൈസന്‍സ് പ്രകാരം കൊടുക്കാനുദ്ദേശിക്കുന്ന കണക്ഷനുകളേക്കാള്‍ പതിന്മടങ്ങ് ആവശ്യക്കാര്‍ നിലവിലുണ്ടെന്നുള്ളത് വസ്തുതയാണ്.
അതുകൊണ്ട്, ഓരോ ലൈസന്‍സിനും 36,000 കോടി രൂപ ഈടാക്കിയോ മത്സരലേലം നടത്തിയോ ഗവണ്മെന്റിലേക്ക് ധനാഗമം നടത്തുന്നതാണ് രാജ്യതാല്പര്യത്തിനുതകുന്നത്. ഗവണ്മെന്റിന് നല്ലൊരു ധനാഗമ മാര്‍ഗവുമാണിത്. ഇത്രയും വിലപ്പെട്ട നിര്‍ദ്ദേശം കേന്ദ്ര കാബിനറ്റ് സെക്രട്ടറി നല്‍കിയിട്ടും മന്‍മോഹന്‍സിംഗ് യുക്തമായ നടപടിയെടുക്കാത്തതെന്തുകൊണ്ടാണ്?
ആഴ്ചകളോളം എല്‍.കെ. അദ്വാനിജിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹളത്തില്‍ മുങ്ങിയപ്പോള്‍ പരമാധികാര കോടതിയുടെ ഇടപെടല്‍ തന്നെ വേണ്ടിവന്നു കൊടുത്ത ലൈസന്‍സുകള്‍ റദ്ദാക്കാന്‍. യഥാര്‍ത്ഥത്തില്‍ രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതാരാണ്? പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തന്നെയല്ലേ? ജനങ്ങള്‍ വിലയിരുത്തട്ടെ.
അരുണ്‍കുമാര്‍ കെ.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: