മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന അപകടമാണ് തീപ്പൊള്ളല്‍. അതിനടിപ്പെട്ട രോഗികളുടെ അവസ്ഥ അത്യന്തം ദയനീയമാണ്. ഗുരുതരമായി പൊള്ളലേറ്റ രോഗികള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്ന ദാരുണമായ അവസ്ഥ നാം പത്രത്താളുകളില്‍ കാണാറുണ്ട്. അപകടത്തില്‍ പെട്ട രോഗിയുടെ രോഗകാഠിന്യം ശതമാനക്കണക്കില്‍ പത്രങ്ങള്‍ വച്ചുവിളമ്പാറുണ്ട്. പക്ഷേ വായനക്കാര്‍ക്ക് അതൊന്നും മനസ്സിലാവാറില്ലെന്നതാണ് സത്യം.
പക്ഷെ പൊള്ളലിന്റെ തീവ്രതക്കുമുണ്ട് ഒരു കണക്ക്. ശതമാനത്തിലാണതു പറയുക. പൊള്ളല്‍ മുഖത്തെങ്കില്‍ ഒന്‍പത് ശതമാനം. കൈകള്‍ക്ക് 9 ശതമാനം വീതം. തുടകളിലെ പൊള്ളലിന്റെ ആഘാതം 18 വീതം. നെഞ്ചും പുറവും 18 വീതം എന്നിങ്ങനെ. പൊള്ളല്‍ 70 ശതമാനത്തില്‍ ഏറിയാല്‍ രോഗി രക്ഷപ്പെടാനുള്ള സാധ്യത കുറയുന്നുവത്രെ. പൊള്ളലേറ്റ ചര്‍മ്മ ഭാഗത്തിന്റെ ശതമാനവും രോഗിയുടെ വയസുംകൂടി കൂട്ടിയാല്‍ നൂറില്‍ കൂടുതല്‍ വരികയാണെങ്കില്‍ മരണസാധ്യത വരെ കൂടുതലാണെന്നത് മറ്റൊരു നിരീക്ഷണം.
ഇനി ഗുരുതരമായ അപകടങ്ങളുടെ കാരണത്തെക്കുറിച്ച് ചില സത്യങ്ങള്‍. ആറ് മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ നിന്ന് വീഴ്ച ഉണ്ടായാല്‍; 30 കി.മീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം പോകുമ്പോള്‍ കൂട്ടിയിടി നടന്നാല്‍; ഇടിയുടെ ആഘാതത്തില്‍ ഒരാളെങ്കിലും വാഹനത്തിന് പുറത്ത് തെറിച്ചു വീണാല്‍… അപകടം ഗുരുതരമെന്ന് തീര്‍ച്ച. വാഹനം 30 കി.മീറ്ററില്‍ അധികം വേഗത്തിലാണ് പോവുന്നതെങ്കില്‍ ഇടിയേറ്റ കാല്‍നടക്കാരന്റെ പരിക്ക് ഗുരുതരമായിരിക്കും. പരിക്കേറ്റ വ്യക്തിയുടെ കയ്യില്‍ രണ്ടില്‍ കൂടുതല്‍ അസ്ഥി പൊട്ടിയിട്ടുണ്ടെങ്കില്‍ അയാളുടെ അവസ്ഥ ഗുരുതരം തന്നെ. നെഞ്ച്, വയറ്, തല, കഴുത്ത് മുതലായ സ്ഥലങ്ങളിലെ തുളച്ചു കയറിയ മുറിവുള്ളവരുടെ കാര്യവും മറിച്ചല്ല. ഇതൊക്കെ രോഗിയും ബന്ധുക്കളും മാത്രമറിയേണ്ട കാര്യങ്ങളല്ല; നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട അവശ്യ വസ്തുതകളാണ്. സാധാരണ ഡോക്ടര്‍മാര്‍ ഇതൊന്നും പറഞ്ഞു തരില്ല. ഇനി നന്മ നിറഞ്ഞ അപൂര്‍വം ചിലര്‍ അത് പറഞ്ഞുതരാമെന്ന് കരുതിയാല്‍ നമുക്കൊട്ടു മനസ്സിലാവുകയുമില്ല. അറിവും നന്മയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ഒരു ഡോക്ടര്‍ക്ക് മാത്രമേ ഇത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് അവബോധം പകരാന്‍ കഴിയൂ. അത്തരമൊരാള്‍ എഴുതിയ ഒരു ഗ്രന്ഥത്തിലെ സത്യങ്ങളാണിതുവരെ പറഞ്ഞുവന്നത്.
പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ.ആര്.ദയാനന്ദ ബാബുവാണ് ആ ഡോക്ടര്‍. അദ്ദേഹത്തിന്റെ ‘ശസ്ത്രക്രിയാ ശാസ്ത്രം സാധാരണക്കാര്‍ക്ക്’ എന്ന ഗ്രന്ഥമാണ് സുഖജീവിതത്തിനുള്ള മുന്നറിയിപ്പുകളുമായി നമ്മുടെയിടയിലേക്കിറങ്ങിവരുന്നത്. ഇതിന്റെ പ്രസാധനത്തിലൂടെ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് വലിയൊരു ജനസേവനമാണ് നിര്‍വഹിച്ചിരിക്കുന്നത്.
ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ വിധിക്കപ്പെട്ട വ്യക്തിയുടെ മനോവ്യാപാരങ്ങള്‍ നന്നായി അറിയാന്‍ കഴിഞ്ഞ ഭിഷഗ്വരനാണ് അരനൂറ്റാണ്ടിലേറെ അനുഭവ സമ്പത്തിനുടമയായ ഡോ.ദയാനന്ദ ബാബു. ശസ്ത്രക്രിയ ‘മേജര്‍’ ആണോ ‘മൈനര്‍’ ആണോ എന്ന് പൊതുവായി മനസ്സിലാക്കാനുള്ള സൂചനകള്‍ ആദ്യം തന്നെ അദ്ദേഹം നമുക്ക് പകര്‍ന്നുതരുന്നു. വേദനയില്ലാത്ത രീതിയില്‍ ചെയ്യുന്ന ശസ്ത്രക്രിയകളും മയക്കുന്ന രീതികളുമൊക്കെ കഥ പറയും ലാഘവത്തോടെയാണ് ഡോക്ടര്‍ നമുക്ക് പറഞ്ഞുതരുന്നത്. മുറിവ് ഉണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളും അതില്‍ അണുബാധ ഒഴിവാക്കാന്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളും മുറിവ് തുന്നിക്കെട്ടുന്നതിന്റെ ആവശ്യകതയും ഈ ഗ്രന്ഥം പറഞ്ഞ് തരുന്നുണ്ട്. പൊള്ളലിന് എതിരായ മുന്നൊരുക്കങ്ങളും അടിയന്തര ചികിത്സാ പദ്ധതികളുമാണ് ഗ്രന്ഥത്തിന്റെ മറ്റൊരു സവിശേഷത.
നാല്‍പ്പതു വയസ്സുവരെയുള്ള ജീവിത കാലഘട്ടത്തിലെ പ്രധാന കൊലയാളി ‘അപകടങ്ങള്‍ മൂലമുണ്ടാകുന്ന’ ക്ഷതം ആണത്രെ. ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം ആറായിരം പേര് അപകടത്തില്‍ മരണപ്പെടുമ്പോള്‍ കൊച്ചുകേരളത്തില്‍ അത് 4000. അപകട മരണങ്ങളുടെ കണക്കില്‍ ഒന്നാം സ്ഥാനം എറണാകുളം ജില്ലയ്ക്ക്.
മരിച്ചവരില്‍ കൂടുതലും ഇരു ചക്രവാഹന യാത്രക്കാരിലെ ഹെല്‍മറ്റ് ധരിക്കാത്തവരാണ്. പെട്ടെന്നുണ്ടാവുന്ന അമ്പത് ശതമാനം മരണങ്ങളും രക്ഷാകവചമായ ഹെല്‍മെറ്റും സീറ്റ് ബല്റ്റുമൊക്കെ ധരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാനാവുമായിരുന്നെന്ന് ഗ്രന്ഥകാരന് സമര്‍ത്ഥിക്കുന്നു; അത് വായിച്ചു കഴിയുമ്പോള്‍ നമുക്കത് ബോധ്യപ്പെടുന്നു. എഴുത്തുകാരന്റെ ‘തന്മയീഭാവം’ എന്ന ഗുണം അത്രയ്ക്കുണ്ടീ ഗ്രന്ഥത്തില്‍. അതുപോലെ ലളിതമായ ഭാഷയും ഏറെ ആകര്‍ഷകമാക്കുന്നു, ഈ ഗ്രന്ഥത്തെ. പല ഡോക്ടര്‍മാരും കടലിരമ്പം പോലുള്ള ഇംഗ്ലീഷ് പദങ്ങള്‍ വിളമ്പി നമ്മെ ഭയാധീനരാക്കുമ്പോള് ശുദ്ധ മലയാളമാണ് ഈ ഡോക്ടര്‍ക്ക് പ്രിയം. അതുകൊണ്ടാണ് ‘ഹെര്‍ണിയ’യെ ‘കുടലിറക്കം’ എന്നും പെയില്സിനെ ‘അര്‍ശസ്’ എന്നുമൊക്കെ വിളിക്കാന്‍ അദ്ദേഹത്തിന് മടിയില്ലാത്തത്.
രോഗത്തെ പരിചയപ്പെടുത്തുമ്പോള്‍ അതിന്റെ വിവിധ ചികിത്സാക്രമങ്ങളും ‘ശസ്ത്രക്രിയ ശാസ്ത്രം സാധാരണക്കാര്‍ക്ക്’ എന്ന ഗ്രന്ഥം വിശദീകരിക്കുന്നുണ്ട്; ചികിത്സ കുടാതെ ചെയ്യാവുന്ന പൊടിക്കൈകള്‍ പറഞ്ഞുതരുന്നുമുണ്ട്. അര്‍ശസിന്റെ ശക്തി കുറയ്ക്കാന്‍ ഒരു വാവട്ടമുള്ള പാത്രത്തില്‍ ചെറുചൂടുവെള്ളം നിറച്ച് രാവിലെയും വൈകുന്നേരവും കാല് മണിക്കൂര്‍ നേരം ഇരുന്നാല്‍ മതിയത്രെ.
ആമാശയത്തിലെ വ്രണമായ സെപ്റ്റിക് അള്സറിനെക്കുറിച്ച് ദയാനന്ദ ബാബു വിശദീകരിക്കുന്നത് ശ്രദ്ധിക്കുക-രോഗകാരണവും ചികിത്സയും പറഞ്ഞുപോകുകയല്ല ചികിത്സയിലെ ഈ കാരണവര്‍. ‘എന്തുകൊണ്ട് എല്ലാവര്ക്കും അള്‍സര്‍ ഉണ്ടാകുന്നില്ല’, ‘അള്‍സര്‍ ഉണ്ടാകുന്നതിന് അണുബാധ കാരണമാകുന്നുണ്ടോ’, ‘അണുബാധയുള്ള എല്ലാവര്ക്കും എന്തുകൊണ്ട് അള്‍സര്‍ വരുന്നില്ല’, ആഹാരവും അള്‍സറും തമ്മിലുള്ള ബന്ധം, ‘പുകവലിയുടെ പങ്ക്’ എന്നിങ്ങനെ നമ്മള് അറിയാനാഗ്രഹിക്കുന്നതും എന്നാല്‍ ചോദിക്കാന്‍ മറന്നുപോകുന്നതുമായ ഒരുപാട് കാര്യങ്ങളാണ് അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്.
അതിനൊക്കെ ശേഷമാണ് മരുന്നിന്റേയും മന്ത്രത്തിന്റേയുമൊക്കെ കാര്യം. കല്ലുകളാണ് ഡോക്ടറുടെ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. പിത്താശയത്തിലെ കല്ല്, വൃക്കയിലെ കല്ല്, മൂത്രാശയത്തിലെ കല്ല് എന്നിങ്ങനെ അവയുടെ പട്ടിക നീളുന്നു. അപ്പന്റിസൈറ്റിസും അര്‍ബുദവുമാണ് വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു വിഷയം.
അപ്പന്റിസൈറ്റിസിന്റെ ലക്ഷണവും ചികിത്സയും പറഞ്ഞുതരുമ്പോഴും രോഗിക്ക് വരാവുന്ന സംശയ ചിന്തകള്‍ ശമീകരിക്കാന് ഡോക്ടര്‍ ശ്രമിക്കുന്നുണ്ട്. അസുഖം ബാധിച്ച അപ്പന്‍ഡിക്സ് മാരകമാകുമോയെന്നും വയറുവേദന വരുമ്പോള്‍ വയറിളകാനുള്ള മരുന്ന് കൊടുക്കാമോയെന്നും അന്ധമായി ആന്റിബയോട്ടിക് ചികിത്സ തുടരാമോയെന്നും നമുക്കൊപ്പം നിന്ന് അദ്ദേഹം ഉറക്കെ വിശദീകരിക്കുന്നു. ആ രോഗം സങ്കീര്‍ണമായാലുണ്ടാകുന്ന കുഴപ്പങ്ങളും ഇവിടെ പറയുന്നുണ്ട്-ആര്‍ക്കും ഭയാശങ്കകള്‍ പകരാതെ. പക്ഷെ വെട്ടിത്തുറന്ന് പറയേണ്ട കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നുമില്ല. ‘ആഗ്നേയ ഗ്രന്ഥിയും വയറുവേദനയും’ എന്ന അധ്യായം തന്നെ ഉദാഹരണം. “കൂടി വന്നാല്‍ 30 ശതമാനം പേര് മാത്രമാണ് അഞ്ചുവര്‍ഷം ജീവിച്ചിരിക്കുന്നത്. സാധാരണയായി ആറ് മാസം മുതല്‍ ഒരുവര്‍ഷംവരെയാണ് ശരാശരി ആയുസ്. ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത തരത്തിലുള്ള കാന്‍സറാണ് ആഗ്നേയഗ്രന്ഥിയിലെ കാന്‍സര്‍” ഡോക്ടര്‍ പറയുന്നു.
ആധുനിക ശസ്ത്രക്രിയാ സങ്കേതങ്ങളായ താക്കോല്‍ദ്വാര ശസ്ത്രക്രിയ മുതല്‍ റോബോട്ടിക് സര്‍ജറി വരെയും ഇതില്‍ വിശദീകരിക്കുന്നുണ്ട്. സുന്നത്ത് എന്ന ചേലാകര്‍മ്മം മുതല്‍ കാലിലെ നീരുവരെ പരാമര്‍ശിക്കുന്നുണ്ട്. സര്‍ജറിയുടെ ചരിത്രത്തിലേക്കൊരു മിന്നാട്ടവും ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയെന്ന് പറയാം. “ഭിഷഗ്വരന്മാര് 12, 13, 14 നൂറ്റാണ്ട് കാലയളവുകളില്‍ ശസ്ത്രക്രിയാ വിഭാഗക്കാരെ വളരെ താഴ്ന്നവരായി കരുതിയിരുന്നു. മാത്രമല്ല, അന്ന് ശസ്ത്രക്രിയാ വിഭാഗക്കാര്‍ക്ക് അന്തസ്സും വിദ്യാഭ്യാസ യോഗ്യതയും കുറവായിരുന്നു. കൂടാതെ ഇവരോടൊപ്പം ബാര്‍ബര്‍മാരും ശസ്ത്രക്രിയ ചെയ്തിരുന്നു….. 150-ാം നൂറ്റാണ്ടില്‍ ബാര്‍ബര്‍മാരും സര്ജന്മാരും തമ്മില്‍ ഇംഗ്ലണ്ടില്‍ ഒരു ധാരണയായി. സര്ജന്മാര് ബാര്‍ബറുടെ പണി ചെയ്യുകയില്ലെന്നും ബാര്‍ബര്‍മാര്‍ അവരുടെ തൊഴിലിന് പുറമെ പല്ലു പറിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും…”
ഇതാണ് ശാസ്ത്രസാഹിത്യം; ശാസ്ത്രം ജനങ്ങളിലെത്തിക്കുന്ന പോപ്പുലര്‍ സയന്‍സ്. സമൂഹത്തിന് ശാസ്ത്രാവബോധം പകര്‍ന്നു നല്കുന്ന പുസ്തകങ്ങള്‍ നമ്മുടെ ഭാഷയില്‍ അധികമില്ലെന്ന് നമുക്കറിയാം. അറിവും അറിവു പകരാനുള്ള അക്ഷരങ്ങളുമില്ലാത്തതല്ല അതിന് കാരണം. പ്രതിബദ്ധതയില്ലാത്തതാണ്. ആരോഗ്യവിദഗ്ദ്ധര്‍ വെള്ളക്കുപ്പായം തീര്‍ത്ത ദന്തഗോപുരത്തില്‍നിന്ന് ജനസമൂഹത്തിലേക്കിറങ്ങിവരണം. ആരോഗ്യമുള്ള ജനതതിയെ സൃഷ്ടിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങണം. അതിന് ഡോ.ദയാനന്ദ ബാബു ഒരു മാതൃകയായെങ്കില്‍!
ഡോ.അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: