കേരളത്തിലെ പ്രത്യേകിച്ച് തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ സ്വര്ണഖനികളായിരുന്നു. ഭൂസ്വത്താണെങ്കില് അളന്നാല്‍ തീരാത്തതും. ഒരുതരത്തില്‍ പറഞ്ഞാല്‍ സര്‍ക്കാരിനെക്കാള്‍ സമ്പന്നമായിരുന്നു ക്ഷേത്രങ്ങള്‍. ഇതില്‍ ആദ്യം നോട്ടമിട്ടത് ഒന്നരനൂറ്റാണ്ട് മുമ്പ് ദിവാനായിരുന്ന കേണല്‍ മണ്‍റോ. 1818 ല്‍ മണ്‍റോ മിക്കക്ഷേത്രങ്ങളും സ്വത്തുക്കളും ഏറ്റെടുക്കാന്‍ ഉത്തരവിറക്കി. ക്ഷേത്രങ്ങളുടെ ദുര്‍ഭരണം അവസാനിപ്പിക്കാനാണ് ഏറ്റെടുക്കല്‍ ഉത്തരവെന്ന് വിശദീകരിച്ചെങ്കിലും ലക്ഷ്യം പലതായിരുന്നു. ഹിന്ദുമതവിശ്വാസികളുടെ ശക്തിക്ഷയിപ്പിക്കുക, ക്രൈസ്തവ സ്ഥാപനങ്ങള്‍ പണിയാന്‍ സ്ഥലവും പണവും കണ്ടെത്തുക. മണ്‍റോയുടെ ലക്ഷ്യം കുറെയൊക്കെ നിറവേറ്റി. ദേവസ്വങ്ങളുടെ സമ്പത്തും ഭൂമിയും അന്യാധീനമായി. ദുര്‍ഭരണം അവസാനിപ്പിക്കാനെന്നുപറഞ്ഞ് ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഒന്നിനും ഒരു കയ്യും കണക്കും ഉണ്ടായില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമികളും അതേവഴിതന്നെ സഞ്ചരിച്ചു. ആദായത്തിന്റെയോ ചെലവിന്റെയോ കണക്കേയില്ല.
തിരു-കൊച്ചി സംയോജനം സംബന്ധിച്ച് കവനന്റ് 1949 മെയ് 20നാണ് ഒപ്പുവച്ചത്. ഈ കവനന്റിലാണ് ക്ഷേത്രഭരണം സംബന്ധിച്ചുള്ള നിര്‍ദ്ദേശം വന്നത്. തിരുവിതാംകൂറിലെ ദേവസ്വം ഭരണത്തിന് വ്യവസ്ഥ നിര്‍ദ്ദേശിക്കാന്‍ നിര്‍ബന്ധിതമായത് മന്നത്ത് പത്മനാഭന്റെയും ആര്.ശങ്കറിന്റെയും നേതൃത്വത്തില്‍ ഉണ്ടായ സമ്മര്‍ദ്ദം തന്നെയാണ്. കവനന്റ് പ്രകാരം മഹാരാജാവിന്റെയും മന്ത്രിമാരുടെയും ഹിന്ദു എംഎല്‍എമാരുടെയും ഓരോ പ്രതിനിധികളടങ്ങുന്നതാണ് ദേവസ്വം ഭരണസമിതി. ഹിന്ദു എംഎല്‍എമാരുടെ പ്രതിനിധിയായി ആര്.ശങ്കറും മന്ത്രിമാരുടെ പ്രതിനിധിയായി മന്നത്ത് പത്മനാഭനും മഹാരാജാവിന്റെ പ്രതിനിധിയായി ആര്.ശങ്കരനാരായണഅയ്യരുമാണ് നിയമിതരായത്. ഭൗമീകാമുകന്മാര് അന്നുമുണ്ടായിരുന്നു. കശപിശയും കുശുമ്പും പൊട്ടിമുളയ്ക്കുകയും ചെയ്തെങ്കിലും ബോര്‍ഡംഗങ്ങള്‍ പ്രഗത്ഭരായതിനാല് പ്രതിഷേധങ്ങള്ക്കൊട്ടും പ്രഭയുണ്ടായില്ല. ബോര്‍ഡ് പ്രവര്‍ത്തനത്തിന് പ്രത്യേക ചട്ടങ്ങള്‍ അന്ന് ഉണ്ടായിരുന്നില്ല.
പഴയ ആചാരങ്ങളും കീഴ് നടപ്പിന്പടിയും കാര്യങ്ങള്‍ നടത്തണമെന്നാണ് ആദ്യ ഓര്‍ഡിനന്‍സ്. ബോര്‍ഡാകട്ടെ സ്വന്തം നിലയ്ക്ക് ചില വ്യവസ്ഥകള്‍ മെച്ചപ്പെട്ട ദേവസ്വം ഭരണത്തിനായി കണ്ടെത്തി. പൂജ, ഉത്സവം തുടങ്ങിയ ചടങ്ങുകളുടെ ചട്ടക്കൂട്ടിലൊതുങ്ങാതെ ഹിന്ദുക്കളുടെ സര്വതോന്മുഖമായ ഉന്നമനം ലക്ഷ്യംവച്ച് മന്നവും ശങ്കറും ചില കാര്യങ്ങള്‍ തീരുമാനിച്ച് മുന്നോട്ടുപോയി.
ദേവസ്വങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ ഹൈന്ദവരുടെ ഏകീകരണം ഊട്ടിയുറപ്പിക്കാനും ആദ്ധ്യാത്മിക നിലവാരം ഉയര്‍ത്താനും നിരവധി പരിപാടികള്‍ ആവിഷ്കരിച്ചു. അതനുസരിച്ച് ദേവസ്വം ഭരണം പുനഃസംഘടിപ്പിക്കുക, ഹൈന്ദവ സംസ്കാരത്തെയും കലകളെയും പ്രോത്സാഹിപ്പിക്കുക, ജാതിചിന്തയില്ലാത്ത ഒരു ഏകീകൃത ഹിന്ദുസമൂഹത്തെ വാര്‍ത്തെടുക്കാന്‍ തുടക്കം കുറിക്കുക, പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സകലവിധ പ്രോത്സാഹനങ്ങളും നല്കി ഇതര സമുദായങ്ങള്‍ക്കൊപ്പം ഉയര്‍ത്തുക, ഹിന്ദുക്കളുടെ വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി തുടങ്ങിയവയിലെ പരാധീനതകള്‍ പരിഹരിക്കുക എന്നിങ്ങനെ അഞ്ചിന പരിപാടിക്കാണ് ആദ്യം തുടക്കം കുറിച്ചത്.
അതിന്റെ പുരോഗതിയെക്കുറിച്ച് ആദ്യ ബോര്‍ഡിലെ മഹാരാജാവിന്റെ പ്രതിനിധിയായ ശങ്കരനാരായണ അയ്യര്‍ പറയുന്നു: “ഹൈന്ദവ സംസ്കാരത്തിന്റെ അന്തര്‍ലീനമായ മുഖ്യസംഗതികള്‍ ഹിന്ദുക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കാനുള്ള പരിപാടികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തു. പല ഹിന്ദുമത ഗ്രന്ഥശാലകളിലും മിക്ക ദിവസങ്ങളിലും പ്രവചനങ്ങള്‍, പാരായണങ്ങള്‍, ഭഗവദ്ഗീതാ ക്ലാസുകള്‍ തുടങ്ങിയവ നടത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. അതിന്റെ മേല്‍നോട്ടം നടത്തുവാന്‍ ഒരു സാംസ്കാരിക കമ്മറ്റിയെയും നിയമിച്ചു. വേദം പഠിക്കുവാന്‍ എല്ലാ ഹിന്ദുക്കള്‍ക്കും അവകാശമുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തും തിരുവല്ലയിലുമുള്ള വേദ പാഠശാലകള്‍ എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നുകൊടുത്തു. തന്ത്രി, പൂജാരി മുതലായവര്‍ക്ക് ശരിയായ വിധത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് വേദിക് കോളേജ് സ്ഥാപിക്കുവാന്‍ ഒരുലക്ഷം രൂപാ ബജറ്റില്കൊള്ളിച്ചു. എല്ലാക്ഷേത്രങ്ങളോടും അനുബന്ധിച്ച് ബാലികാബാലന്മാര്‍ക്കുവേണ്ടി മതപാഠശാലകള്‍ സൃഷ്ടിക്കുകയും അവരുടെ മേല്‍നോട്ടം വഹിക്കുവാന്‍ ഒരു കമ്മറ്റിയെ നിയമിക്കുകയും ചെയ്തു. ഹിന്ദുസംസ്കാരത്തെ നിലനിര്‍ത്തുവാന്‍ നിയുക്തമായ ഹൈന്ദവ സംഘടനകള്‍ക്ക് നിര്‍ലോഭം ഗ്രാന്റുകള്‍ നല്കി. നമ്മുടെ കലകളെ നിലനിര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നത് മഹാരാജാക്കന്മാരായിരുന്നല്ലൊ. അവര്‍ക്കുള്ള അധികാരങ്ങള്‍ ഇന്ത്യാഗവണ്മെന്റ് നിര്‍ത്തലാക്കിയതിനാല്‍ ഈ കലകളെ പ്രോത്സാഹിപ്പിക്കേണ്ട ചുമതല ബോര്‍ഡിനാണെന്ന് നിശ്ചയമെടുത്തു. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഏറ്റവും പേരും പെരുമയുമുള്ള സംഗീതവിദ്വാന്മാരെയും നാഗസ്വരവിദ്വാന്മാരെയും മറ്റും വരുത്തണമെന്ന് തീര്‍ച്ച ചെയ്തു. ഈ ഘട്ടത്തില്‍ ഇക്കാര്യങ്ങള്‍ക്ക് മുന്‍കൈയെടുത്ത് ധീരതയോടെ പ്രവര്‍ത്തിച്ച ആര്.ശങ്കറെ ഓര്‍മ്മിക്കാതിരിക്കാന്‍ വയ്യ.” ഇതിനുശേഷം പമ്പയാറ്റിലൂടെ വെള്ളം ഏറെ ഒഴുകി. തീരുമാനങ്ങള്‍ പലതും വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയി. അതിലൊന്നുപോലും പുനഃസ്ഥാപിക്കാനല്ല പുതിയ ഓര്‍ഡിനന്‍സ്.
വോട്ട് ചെയ്യുന്ന ഹിന്ദു എംഎല്‍എമാര്‍ ഈശ്വരവിശ്വാസികളാണെന്ന് പ്രത്യേകം സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന് 1999ല്‍ ഹൈക്കോടതി വിധി ഉണ്ടായതാണ്. അത് നീക്കാനാണ് പുതിയ ഓര്‍ഡിനന്‍സ്. ഭരണഘടന 188-ാം വകുപ്പ് പ്രകാരം ഹൈന്ദവ നാമത്തിലോ ദൃഢപ്രതിജ്ഞ എടുത്തോ അധികാരം ഏല്ക്കുന്ന ഹിന്ദു എംഎല്‍എമാര്‍ക്ക് വോട്ടവകാശമുണ്ട്. പുതിയ ഓര്‍ഡിനന്‍സ് ഹിന്ദുക്കളെ പല തട്ടിലാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ക്ഷേത്രദര്ശകരില് ഭൂരിഭാഗവും സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് ദേവസ്വം ഭരണസമിതിയില്‍ അംഗത്വം നിഷേധിക്കുന്നത് ഹിന്ദുവിരുദ്ധവും സ്ത്രീകളെ അവഹേളിക്കുന്നതുമാണ്. വിശ്വാസത്തിന്റെ പേരില്‍ ഈ പ്രതിനിധികള്‍ക്കെതിരെയുള്ള വിവേചനമായാണ് ഓര്‍ഡിനന്‍സ് വ്യാഖ്യാനിക്കപ്പെടുന്നത്. വിശ്വാസം സ്വകാര്യ അവകാശമാണെന്നിരിക്കെ അത് സത്യവാങ്മൂലം വഴി തെളിയിക്കണം എന്ന ആവശ്യം അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം തന്നെയാണ്.
സ്ത്രീകള്‍ ഇന്ന് എല്ലാ രംഗത്തും സജീവമാണ്. അവര്‍ക്ക് രാഷ്ട്രപതിയാകാം, സ്പീക്കറാകാം, പ്രതിപക്ഷനേതാവാകാം. പാര്‍ലമെന്റിലും നിയമസഭയിലും മന്ത്രിസഭയിലും അംഗങ്ങളാകാം. പഞ്ചായത്തിലാകട്ടെ അമ്പതുശതമാനത്തിലധികം സ്ത്രീഭരണക്കാരാണ്. ക്ഷേത്ര വിശ്വാസികളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നിരിക്കെ ദേവസ്വം ഭരണ സമിതിയില്‍ നിലവിലുളള സ്ത്രീ പ്രാതിനിധ്യം പോലും എടുത്തുകളയുന്നു. ഒരു സ്ത്രീ അംഗത്വം ദേവസ്വം ഭരണ സമിതിയില്‍ ഉറപ്പാക്കിയിരുന്നത് റദ്ദാക്കിയാണ് ഇപ്പോള്‍ പട്ടികവിഭാഗക്കാര്‍ അതില്‍ സ്ത്രീകള്‍ എന്ന വ്യവസ്ഥ കൊണ്ടുവന്നിരിക്കുന്നത്. സ്ത്രീകളുടെ അവകാശ നിഷേധത്തിനെതിരെ സ്ത്രീ സംഘടനകള്‍ രംഗത്തുവന്നു കഴിഞ്ഞു. വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തിയില്ലെങ്കില്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കരുതെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കാണാനും ചിലര്‍ ആലോചിക്കുന്നു. ഇടതുപക്ഷവും ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാനുള്ള നീക്കത്തിലാണ്.
എല്ലാ മണ്ഡലക്കാലത്തും ശബരിമലയില്‍ നടക്കുന്ന അഴിമതി വിവാദമാകാറുണ്ട്. ഈ ഓര്‍ഡിനന്‍സിലൂടെയും സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് രാഷ്ട്രീയ മേല്‍ക്കോയ്മ തന്നെയാണ്. നിലവിലെ 140 അംഗങ്ങളില്‍ ഹിന്ദു എംഎല്‍എമാര്‍ 76 പേരാണ്. ഇതില്‍ 46 പേര് ഇടതുപക്ഷ പ്രതിനിധികളും 29 പേര് യുഡിഎഫ് അംഗങ്ങളുമാണ്. കമ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസ പ്രഖ്യാപനത്തിനെതിരായിരിക്കെ ഈ അവസ്ഥ ചൂഷണം ചെയ്ത് വിശ്വാസിയാണെന്ന സത്യവാങ്മൂലത്തിലൂടെ ഇടതുപക്ഷ എംഎല്‍എമാരെ ഒഴിവാക്കി ബോര്‍ഡില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കമായാണ് ഈ ഓര്‍ഡിനന്‍സ്. ദേവസ്വം നല്ലൊരു ശര്ക്കരക്കുടമാണ്. അതില്‍ കയ്യിട്ടുവാരുകയാണ് മുഖ്യലക്ഷ്യം.
ഏതു മുന്നണി ഭരണം വന്നാലും അവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ബോര്‍ഡു ഭരണസമിതികളെ കുടിയിരുത്താന്‍ തീരുമാനങ്ങള്‍ മാറിമറിഞ്ഞുവരുന്ന കാഴ്ചയാണ് സംസ്ഥാന രൂപീകരണത്തിന് ശേഷം നാളിതുവരെ കണ്ടുകൊണ്ടിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡിനുശേഷം സ്ഥാപിക്കപ്പെട്ട ദേവസ്വംബോര്‍ഡുകളുടെ സ്ഥിതിയും ഭിന്നമല്ല. എല്ലാം കയ്പ്പിടിയില്‍ ഒതുക്കുന്നതിന്റെ ഭാഗമായാണ് ഹൈന്ദവ സങ്കല്പങ്ങളെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്ത് നിയമഭേദഗതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്ന ആരോപണം തീരെ കഴമ്പില്ലാത്തതല്ല.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: