കൊച്ചി: ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് മഹാരാജാസ് കോളേജ് യൂത്ത് തീയേറ്റര്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് ഇന്ന് കൊടി ഉയരും. ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി വിവിധ ഭാഷകളിലെ നൂറ്റമ്പതോളം ഹ്രസ്വചിത്രങ്ങളാണ് ആസ്വാദകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുക. മഹാരാജാസ് കോളേജ് ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍, എറണാകുളം പബ്ലിക്ക് ലൈബ്രറി, ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയേറ്റര്‍ എന്നിവിടങ്ങളിലാണ് പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്. മഹാരാജാസ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടന, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍, ഭാരത് പെട്രോളിയം, സിഎംആര്‍എല്‍ എന്നിവയുടെ സഹകരണവും ചലച്ചിത്രമേളയ്ക്കുണ്ട്.
ഇന്ന് രാവിലെ 9.30ന് മഹാരാജാസ് കോളേജ് സെന്റിനറി ഓഡിറ്റോറിയത്തില്‍ വി.കെ. സുഭാഷിന്റെ ‘ഛായ’ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ചലച്ചിത്രോത്സവത്തിന് തുടക്കം. കാന്‍ മേളയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമാണിത്. പത്തു മണിക്ക് മേളയുടെ ഉദ്ഘാടനം ദേശീയ അവാര്‍ഡ് ജേതാവും മറാത്തി സംവിധായകനുമായ ഉമേഷ് വിനായക് കുല്‍ക്കര്‍ണി നിര്‍വഹിക്കും. എംഎല്‍എമാരായ ഹൈബി ഈഡന്, ബെന്നി ബഹനാന്, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, കെ.ആര്. വിശ്വംഭരന്, പ്രൊഫ. സി.ആര്. ഓമനക്കുട്ടന് തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മത്സരവിഭാഗത്തില്‍ ചിത്രങ്ങളുടെ പ്രദര്‍ശനം വിവിധ വേദികളിലായി നടക്കും.
വിവിധ സംസ്ഥാനങ്ങളില്‍നിന്നും സര്‍വകലാശാലകളില്‍ നിന്നും ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നുമാണ് മത്സരത്തിനെത്തിയിരിക്കുന്ന ഹ്രസ്വചിത്രങ്ങളിലേറെയും. മികച്ച ചിത്രം, സംവിധായകന്, തിരക്കഥാകൃത്ത്, ക്യാമറ, നടന്, നടി എന്നീ വിഭാഗങ്ങളിലായി ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും ലോഹിതദാസിന്റെ പേരിലുള്ള ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡുകളാണ് ഫിലിം ഫെസ്റ്റിവലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന പത്ത് ഹ്രസ്വചിത്രങ്ങള്‍ പ്രമുഖ ചാനലില്‍ പ്രദര്‍ശിപ്പിക്കും. തിരഞ്ഞെടുക്കുന്ന എല്ലാ ഹ്രസ്വചിത്രങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നല്‍കും. ഉമേഷ് വിനായക കുല്‍ക്കര്‍ണി, ഹ്രസ്വചിത്ര സംവിധായകന് വി.കെ. സുഭാഷ്, ലതാ രാജീവ്, ഗീതാ മാത്തന് എന്നിവരടങ്ങുന്നതാണ് ജൂറി പാനല്‍.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി മഹാരാജാസ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ മഹാരാജാസ് സിനിമാലോകത്തിന് നല്കിയ സംവിധായകരെയും താരങ്ങളെയും ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് മൂന്നിന് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ലോഹിതദാസിന്റെ ഓര്‍മ്മകള്‍ നിറയുന്ന അനുസ്മരണ യോഗത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തമിഴ് തിരക്കഥാകൃത്ത് ജയമോഹന്, സിബി മലയില്‍, കല്‍പ്പറ്റ നാരായണന്, ജോണ്‍ പോള്‍, അറ്റ്ലസ് രാമചന്ദ്രന്, ലാല്‍ ജോസ്, മേജര്‍ രവി, കെ.പി. വേണു, സിന്ധു ലോഹിതദാസ്, അമല്‍ നീരദ്, സമീര്‍ താഹിര്‍, അന്‍വര്‍ റഷീദ്, ആഷിഖ് അബു, എസ്. രമേശന് എന്നിവര്‍ പങ്കെടുക്കും. രാത്രി എട്ടിന് അവാര്‍ഡ് നിശയോടെയാണ് ചലച്ചിത്രമേളയ്ക്ക് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: