കൊച്ചി: കാക്കനാട് സിവില്‍ സ്റ്റേഷന് വളപ്പിലെ മണല്ക്കൂനകള് ഉടനെ നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. മലമ്പുഴ ഡാമില്‍ നിന്നും ജില്ലയിലെ ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനായി എത്തിച്ച മണലിന്റെ ലേലനടപടികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്കിയ സാഹചര്യത്തിലാണ് മണല്‍ക്കൂനകള്‍ക്ക് ശാപമോക്ഷമാകുന്നത്. ജില്ല കളക്ടര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മണല്ക്കൂനകള് നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടത്തിന് അനുമതി നല്‍കിയത്.
58 ലക്ഷം രൂപയ്ക്കാണ് മണല്‍ ലേലം ചെയ്തിരുന്നത്. ലേലത്തുകയുടെ നാലിലൊരു ഭാഗം ജില്ല ട്രഷറിയില്‍ നിക്ഷേപിച്ചിരുന്നു. ലേലത്തിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ ബാക്കി തുക ഈടാക്കി മണല്‍ കൊണ്ടുപോകാന്‍ അനുവദിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. 3678.5 ഘനമീറ്റര്‍ മലമ്പുഴ മണലും 96 ലോഡ് മറ്റു മണലുമാണ് സിവില്‍ സ്റ്റേഷന് വളപ്പില്‍ പലയിടത്തായി കൂനകൂട്ടിയിരിക്കുന്നത്.
മണല്ക്കൂനകള് ഒഴിവാകുന്നതോടെ സിവില്‍ സ്റ്റേഷന് വളപ്പിന്റെ സൗന്ദര്യവല്‍ക്കരണ ജോലികള്‍ക്ക് തുടക്കം കുറിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന പരേഡ് സിവില്‍ സ്റ്റേഷനില്‍ നടത്തുന്നതിനുള്ള പരേഡ് ഗ്രൗണ്ട്, ഉദ്യാനം, വാക്ക് വേ എന്നിവ തയാറാക്കുന്നതിനുള്ള പദ്ധതിക്കാണ് ജില്ലാ ഭരണകൂടം രൂപം നല്‍കിയിരിക്കുന്നത്. ഉദ്യാന നിര്‍മാണത്തിന്റെ ചെലവ് കൊച്ചി റിഫൈനറി വഹിക്കും. ജില്ലാ ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റിയാണ് ഉദ്യാനം നിര്‍മിക്കുക. സംസ്ഥാനത്തെ മാതൃക സിവില്‍ സ്റ്റേഷനായി എറണാകുളം ജില്ലയുടെ ഭരണകേന്ദ്രത്തെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയാകുന്നതോടെ മനോഹരമായ ഉദ്യാനവും പരേഡ് ഗ്രൗണ്ടും ഓപ്പണ്‍ എയര്‍ സ്റ്റേജും വാക്ക് വേയും അടങ്ങുന്ന ഉല്ലാസകേന്ദ്രമാണ് കാക്കനാടിന് സ്വന്തമാകുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കും സ്ഥലദൗര്‍ലഭ്യവും മൂലം പൊതുപരിപാടികള്‍ നടത്തുന്നതിനുള്ള ബുദ്ധിമുട്ടിനും ഇതോടെ പരിഹാരമാകും. ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി കാക്കനാട്ടേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: