ദേവസ്വം ബോര്‍ഡ് അംഗത്വം ദൈവ വിശ്വാസികളാണെന്ന് സത്യവാങ്മൂലം നല്കുന്ന ഹിന്ദു എംഎല്‍എമാര്‍ക്കായി ചുരുക്കാനും സ്ത്രീകളെ ദേവസ്വം ബോര്‍ഡില്‍നിന്ന് നിഷ്കാസനം ചെയ്യാനുമുള്ള ഭേദഗതികള്‍ വരുത്തി 1950 ലെ ഹിന്ദു റിലീജിയസ് ആക്ടില്‍ ദേവസ്വം ഓര്‍ഡിനന്‍സ് പാസ്സാക്കാനുളള മന്ത്രിസഭാ തീരുമാനം ജനാധിപത്യവിരുദ്ധവും സ്ത്രീകളുടെ അവകാശ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷം മാത്രമല്ല, കോണ്‍ഗ്രസിലെ മഹിളാ കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നുകഴിഞ്ഞു. വോട്ട് ചെയ്യുന്ന ഹിന്ദു എംഎല്‍എമാര്‍ ഈശ്വരവിശ്വാസികളാണെന്ന് പ്രത്യേകം സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന 1999 ലെ ഹൈക്കോടതി വിധിക്കെതിരാണ് പുതിയ ഓര്‍ഡിന്‍സ്. ഭരണഘടന 188-ാം വകുപ്പ് പ്രകാരം ഹൈന്ദവ നാമത്തിലോ ദൃഢപ്രതിജ്ഞ എടുത്തോ അധികാരം ഏല്ക്കുന്ന ഹിന്ദു എംഎല്‍എമാര്‍ക്ക് വോട്ടവകാശമുണ്ട്. ഇത് ഹിന്ദുക്കളെ പല തട്ടിലാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടിയിരിക്കുന്നു. ക്ഷേത്രദര്ശകരില് ഭൂരിഭാഗവും സ്ത്രീകളാണെന്നിരിക്കെ സ്ത്രീകള്‍ക്ക് ദേവസ്വം ഭരണസമിതിയില്‍ അംഗത്വം നിഷേധിക്കുന്നത് ഹിന്ദുവിരുദ്ധവും സ്ത്രീകളെ അവഹേളിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തിന്റെ പേരില്‍ ഈ പ്രതിനിധികള്‍ക്കെതിരെയുള്ള വിവേചനമായാണ് ഓര്‍ഡിനന്‍സ് വ്യാഖ്യാനിക്കപ്പെടുന്നത്. വിശ്വാസം സ്വകാര്യ അവകാശമാണെന്നിരിക്കെ അത് സത്യവാങ്മൂലം വഴി തെളിയിക്കണം എന്ന ആവശ്യം അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം തന്നെയാണ്.
സ്ത്രീകള്‍ ഇന്ന് എല്ലാ രംഗത്തും സജീവമായിരിക്കെ, ക്ഷേത്ര വിശ്വാസികളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നിരിക്കെ ദേവസ്വം ഭരണ സമിതിയില്‍ നിലവിലുളള സ്ത്രീ പ്രാതിനിധ്യം എടുത്തുകളഞ്ഞ്, അഥവാ സ്ത്രീപ്രതിനിധി വേണമെങ്കില്‍ അത് പട്ടികജാതി വിഭാഗത്തില്പ്പെട്ടവരാകണമെന്ന നിബന്ധന തികച്ചും അന്യായവും ഹിന്ദുവിരുദ്ധവും കൂടിയാണ്. ക്ഷേത്രങ്ങള്‍ വന്‍ സമ്പത്തിനും നടവരവിനും ഉടമകളാണ്. ഈ വന്‍ സമ്പത്ത് ലക്ഷ്യമിട്ടാണ് രാഷ്ട്രീയ നേതാക്കള്‍ ബോര്‍ഡില്‍ അംഗത്വം നേടാന്‍ കഠിനശ്രമം നടത്താറ്. എല്ലാ മണ്ഡലക്കാലത്തും ശബരിമലയില്‍ നടക്കുന്ന അഴിമതി വിവാദമാകാറുണ്ട്. ഈ ഓര്‍ഡിനന്‍സിലൂടെയും സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് രാഷ്ട്രീയ മേല്‍ക്കോയ്മ തന്നെയാണ്. നിലവിലെ 142 അംഗങ്ങളില്‍ ഹിന്ദു എംഎല്‍എമാര്‍ 76 പേരാണ്. ഇതില്‍ 46 പേര് ഇടതുപക്ഷ പ്രതിനിധികളും 29 പേര് യുഡിഎഫ് അംഗങ്ങളുമാണ്. എല്‍ഡിഎഫ് ദൈവവിശ്വാസ പ്രഖ്യാപനത്തിനെതിരായിരിക്കെ ഈ അവസ്ഥ ചൂഷണം ചെയ്ത് വിശ്വാസിയാണെന്ന സത്യവാങ്മൂലത്തിലൂടെ ഇടതുപക്ഷ എംഎല്‍എമാരെ ഒഴിവാക്കി ബോര്‍ഡില്‍ ഏകാധിപത്യം സ്ഥാപിക്കാനുള്ള നീക്കമായാണ് ഈ ഓര്‍ഡിനന്‍സ് വിലയിരുത്തപ്പെടുന്നത്. ക്ഷേത്ര സമ്പത്ത് കവര്‍ന്ന് സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ഗൂഢശ്രമം കൂടിയാണിത്. ഇതിനടിവരയിടുന്നതാണ് ദേവസ്വം ബോര്‍ഡിനായി പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് സ്ഥാപിക്കാനുള്ള നീക്കം. ഇതും വന്‍ അഴിമതിയ്ക്ക് വഴി തുറക്കും.
ക്ഷേത്രവിശ്വാസികളാണ് ക്ഷേത്രം ഭരിക്കേണ്ടത് എന്ന് അംഗീകരിക്കുമ്പോഴും ഇപ്പോഴത്തെ ഓര്‍ഡിനന്‍സ് നീക്കം സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. നിയമനങ്ങള്‍ പിഎസ്സിയ്ക്ക് വിടാനുള്ള നീക്കത്തെ ഇത് തടയിടുന്നു. ഒരു സ്ത്രീ അംഗത്വം ദേവസ്വം ഭരണ സമിതിയില്‍ ഉറപ്പാക്കിയിരുന്നത് റദ്ദാക്കിയാണ് ഇപ്പോള്‍ പട്ടികവിഭാഗക്കാര്‍ അതില്‍ സ്ത്രീകള്‍ എന്ന വ്യവസ്ഥ കൊണ്ടുവന്നിരിക്കുന്നത്. സ്ത്രീകളുടെ അവകാശ നിഷേധത്തിനെതിരെ ഇടതു-വലതു ഭേദമില്ലാതെ സ്ത്രീ സംഘടനകള്‍ രംഗത്തുവന്നു കഴിഞ്ഞു. വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തിയില്ലെങ്കില്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കരുതെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കാണും എന്നാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ പ്രഖ്യാപിച്ചത്. ഇടതുപക്ഷവും ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാനുള്ള നീക്കത്തിലാണ്. യുഡിഎഫിലെ ഹിന്ദു എംഎല്‍എ മാരുടെ ഭൂരിപക്ഷമില്ലായ്മയെ മറികടക്കാനുളള തന്ത്രമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. പട്ടികജാതി വര്‍ഗ പിന്നോക്ക താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ദേവസ്വം ഓര്‍ഡിനന്‍സ് എന്ന് സംവരണ സമുദായ മുന്നണിയും ചൂണ്ടിക്കാണിക്കുന്നു. ഇത് സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കും എന്ന നിലപാടാണവര്‍ക്ക്. ചാരക്കേസടക്കമുള്ള വിവാദങ്ങളില്‍ ഉലയുന്ന യുഡിഎഫ് ഈ ഓര്‍ഡിനന്‍സിലൂടെ ഒരു പുതിയ വിവാദം കൂടി സൃഷ്ടിക്കുക മാത്രമല്ല വിശ്വാസത്തിലും രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുന്നു എന്ന അപഖ്യാതിയും നേടുന്നു. ഈ സര്‍ക്കാര്‍ സ്ത്രീവിരുദ്ധമാണെന്ന് തെളിയിയ്ക്കുന്നതും കൂടി ആണ് ഈ പുതിയ ഓര്‍ഡിനന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: