കൊച്ചി: സരസ്വതീ പുണ്യം തേടി ആയിരക്കണക്കിന് കുരുന്നുകള്‍ ഹരിശ്രീകുറിച്ചു. അക്ഷരങ്ങളെ ആവാഹിച്ച്, വാഗ്ദേവതയെ പ്രണമിച്ച് പതിനായിരങ്ങള്‍ വിദ്യാരംഭ ചടങ്ങുകള്‍ക്കെത്തി. രാവിലെ നേരത്തെ മുതല്‍തന്നെ ക്ഷേത്രങ്ങള്‍ കുട്ടികളേയും അവരുടെ രക്ഷിതാക്കളേയും കൊണ്ട് നിറഞ്ഞിരുന്നു. ജില്ലയിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം എഴുത്തിനിരുത്തല്‍ ചടങ്ങ് ഉച്ചവരെ നീണ്ടു. തച്ചപ്പുഴ ശ്രീബാലഭദ്ര ദേവീക്ഷേത്രത്തിലെ നവരാത്രി നവകുമാരി പൂജയ്ക്ക് ക്ഷേത്രം തന്ത്രി വിജയപ്രകാശ് ശര്‍മ മുഖ്യ കാര്‍മികത്വം വഹിച്ചു. വിജയദശമി ദിനത്തില്‍ രാവിലെ സരസ്വതി പൂജയ്ക്ക് ശേഷം വിദ്യാരംഭം, തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സാരസ്വത മന്ത്രജപത്തില്‍ നൂറ് കണക്കിന് കുട്ടികള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് പ്രസാദ ഊട്ടും നടന്നു.
പൊയ്ക്കാട്ടുശ്ശേരി ശ്രീകുറുമ്പക്കാവിലെ എഴുത്തിനിരുത്തല്‍ ചടങ്ങ് രാവിലെ 8 മുതല്‍ നവരാത്രി മണ്ഡപത്തില്‍ നടന്നു. ചടങ്ങില്‍ കെ.ജയടീച്ചര്‍ (ഹെഡ്മിസ്ട്രസ് സരസ്വതി വിദ്യാനികേതന്‍ ചെങ്ങമനാട്) മുഖ്യ ആചാര്യ സ്ഥാനം വഹിച്ചു. വിദ്യാരംഭം കുറിക്കുന്നതിനായി ധാരാളം കുട്ടികള്‍ എത്തിയിരുന്നു.
പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭം കുറിക്കുന്നതിന് ആയിരങ്ങളെത്തി രാവിലെ 5.30ന് ക്ഷേത്രം മേല്‍ശാന്തി വിശ്വനാഥന് ശാന്തിയുടെ നേതൃത്വത്തില്‍ വിദ്യാരംഭത്തിന് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. വിദ്യാരംഭത്തോടൊപ്പം സരസ്വതി മണ്ഡപത്തില്‍ സംഗീതോത്സവവും, ത്യാഗരാജ പഞ്ചരത്ന കീര്‍ത്തനാലാപനവും നടന്നു.
പള്ളുരുത്തിയിലെ ക്ഷേത്രങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. പള്ളുരുത്തി അഴകിയകാവ് ക്ഷേത്രത്തില്‍ നൂറുകണക്കിന് കുട്ടികള്‍ ഹരിശ്രീ കുറിച്ചു. രാവിലെ ആരംഭിച്ച ചടങ്ങില്‍ ഉച്ചപൂജ വരെ തുടര്‍ന്നു. ഭവാനീശ്വര മഹാക്ഷേത്രത്തില്‍ വിദ്യാരംഭം ചടങ്ങുകള്‍ക്ക് തന്ത്രി പൂഞ്ഞാര്‍ കാര്ത്തികേയന് നേതൃത്വം നല്കി. നൂറുകണക്കിന് ബാല്യങ്ങള്‍ എഴുത്തിനിരുന്നു. പ്രത്യേക പൂജകളും നടന്നു. ഊരാളക്കംശ്ശേരി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ വിദ്യാരംഭം ചടങ്ങുകള്‍ക്ക് ക്ഷേത്രമേല്‍ശാന്തി രാജന് എമ്പ്രാന്തിരി മുഖ്യകാര്‍മികത്വം വഹിച്ചു. പൂജയെടുപ്പ്, സരസ്വതി പൂജ എന്നീചടങ്ങുകളും നടന്നു. മാരമ്പിള്ളി ആദിപരാശക്തി ക്ഷേത്രം പള്ളുരുത്തി വെങ്കിടാചലപതി ക്ഷേത്രം, കുമ്പളങ്ങി ഇല്ലിക്കല്‍ ക്ഷേത്രം, കണ്ടത്തിപറമ്പ് ഭൂവനേശ്വരി ക്ഷേത്രം, പെരുമ്പടപ്പ് ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം, ഏറനാട്ട് ശ്രീവനദുര്ഗ്ഗാദേവിക്ഷേത്രം, പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രം, ഇടക്കൊച്ചി പരമേശ്വര കുമാരമംഗല ക്ഷേത്രം, കണ്ണങ്ങാട് ഭഗവതീക്ഷേത്രം, പള്ളുരുത്തി ധന്വന്തരീ ക്ഷേത്രം, എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകളും പ്രത്യേക പൂജകളും നടന്നു.
കോതമംഗലം താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും അറിവിന്റെ അക്ഷരം കുറിക്കാന്‍ നൂറ് കണക്കിന് കുരുന്നുകള്‍ എത്തി. തൃക്കാരിയൂര്‍ മഹാദേവക്ഷേത്രം, തിരുവാരപ്പെട്ടി മഹാദേവക്ഷേത്രം, വാരപ്പെട്ടി പൊന്നാട്ട്കാവ് ഭഗവതിക്ഷേത്രം, മുട്ടനാട്ട്കാവ് ഭഗവതിക്ഷേത്രം, സരസ്വതി വിദ്യാനികേതന്‍ വാരപ്പെട്ടി, വിവേകാനന്ദ വിദ്യാലയം, തങ്കളം, സരസ്വതി വിദ്യാനികേതന്‍ നേര്യമംഗലം എന്നിവിടങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.
മരട് പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളില്‍ വിദ്യാരംഭം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. രാവിലെ പൂജ എടുപ്പിനുശേഷം എഴുത്തിനിരുത്ത് നടന്നു. നൂറുകണക്കിന് കുരുന്നുകള്‍ അരിയിലും മണലിലും ഹരിശ്രീകുറിച്ചു. നവരാത്രിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വൈകുന്നേരം നിറമാലയും വിളക്കുവെപ്പും നടന്നു. തിരുനെട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ ചെണ്ട അഭ്യസിച്ച കൊച്ചുകലാകാരന്മാരുടെ അരങ്ങേറ്റഴും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: