ആലുവ: നൊച്ചിമയില് വീടിനകത്ത് കയറി കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഭായി നസീര്‍ ഉള്‍പ്പെടെ പ്രതികളില്‍ പലരും കേരളം വിട്ടു. ഈ കേസില്‍ 14 പ്രതികളെയാണ് അറസ്റ്റ് ചെയ്തത് എട്ട് പ്രതികളെ ഹാജരാക്കി അന്വേഷണം അവസാനിപ്പിക്കാന്‍ ചിലശ്രമങ്ങള്‍ നടത്തിയെങ്കിലും പോലീസിലെ ഒരു വിഭാഗം എതിര്‍ത്തതോടെ വിഫലമായി, പ്രതികളെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഭായി നസീറിന്റെ സംഘം ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ വീണ്ടും സജീവമാണെന്ന് കണ്ടെത്തിയത്. ഇയാള്‍ ഒളിവില്‍ പോകാനിടയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തുന്നതുള്‍പ്പെടെ തുടര്‍ നടപടികള്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം നടത്തിയാല്‍ കൂടുതല്‍ സംഘങ്ങളുടെ പ്രവര്‍ത്തനം പുറത്തുവരികയും ചെയ്യും. ഭായിനസീറിനെ പിടികൂടാന്‍ കഴിഞ്ഞാല്‍ ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാലും ഇയാളെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യനാണ് തീരുമാനം. ആലുവായിലും പരിസരങ്ങളിലും അജ്ഞാത മൃതദേഹങ്ങള്‍ വീണ്ടും കൂടിവരികയാണ്. പല മൃതദേഹങ്ങളും തിരിച്ചറിയുന്നുമില്ല. ഇവയില്‍ പലതും കൊലപാതകങ്ങളാണെന്ന സംശയവും ബാക്കിനില്‍ക്കുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളെയും ചില ഗുണ്ടാസംഘങ്ങള്‍ റിക്രൂട്ട് ചെയ്യുന്നതായും സൂചനയുണ്ട്. ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കണമെന്ന നിര്‍ദ്ദേശം പലപ്പോഴും നടപ്പില്‍ വരുത്തുന്നില്ല. പലഗുണ്ടകളും ഇപ്പോള്‍ പുതിയ ആളുകളെ റിക്രൂട്ട് ചെയ്ത് അക്രമങ്ങളും മറ്റും ആസൂത്രണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലേക്ക് മാറിയിട്ടുണ്ട്. കേസുകളുണ്ടാകുമ്പോള്‍ ഏതാനും പ്രതികളെ നല്കി ഇവര്‍ രക്ഷപ്പെടുകയും ചെയ്യുന്നു. നിരവധി വാഹനങ്ങളും ഇവര്‍ക്ക് സ്വന്തമായുണ്ട്. ഈ വാഹനങ്ങള്‍ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയും മറ്റുമാണ് അക്രമം നടത്തുമ്പോള്‍ ഉപയോഗിക്കുന്നത്രെ. ജയിലുകളില്‍ നിന്നുമാണ് പല ഗുണ്ടാസംഘങ്ങളും പുതിയ അണികളെ കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: