ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ഭീകരരെ പാക്കിസ്ഥാന് സഹായിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ കണ്ടെത്തിയിരിക്കുന്നു. രാജ്യത്ത് നുഴഞ്ഞുകയറുന്ന ഭീകരര്‍ക്ക് പാക്കിസ്ഥാന് സഹായം നല്‍കുന്നുണ്ട് എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് ഏജന്‍സി ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. എങ്കിലും നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് കാണുന്നത് എന്നൊക്കെയാണ് ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ ഷിന്‍ഡെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. കാശ്മീര്‍ താഴ്വരയിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ സൈന്യത്തെ പിന്‍വലിക്കാനാവില്ലെന്നും താഴ്വരയില് നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ജമ്മുകാശ്മീരിലെ ജനങ്ങള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് സാധിക്കില്ലെന്നും ഷിന്‍ഡെ പറയുന്നു. ഷിന്‍ഡെക്ക് ഇപ്പോള്‍ തോന്നിയിരിക്കുന്ന വെളിപാടുകളില്‍ എന്തെങ്കിലും പുതുമയുള്ളതായി പാക്കിസ്ഥാന്റെ ചെയ്തികളെക്കുറിച്ച് അറിയാവുന്ന ആര്‍ക്കും തോന്നില്ല. മുംബൈ ഭീകരാക്രണവുമായി ബന്ധപ്പെട്ട് പാക് അന്വേഷണ കമ്മീഷന്റെ സന്ദര്‍ശനത്തിന് ഇന്ത്യ വ്യവസ്ഥകള്‍ മുന്നോട്ട് വച്ച പശ്ചാത്തലത്തിലാണ് ഷിന്‍ഡെയുടെ പ്രസ്താവനകള്‍. മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ അറസ്റ്റ് ചെയ്ത ലഷ്കര്‍ ഭീകരന് സക്കീര്‍ റഹ്മാന് ലക്വി ഉള്‍പ്പെടെയുള്ള ഭീകരര്‍ക്കെതിരായ തെളിവുകള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയെ പാക്കിസ്ഥാനിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യ കത്തയച്ചിരിക്കുന്നത്. ഇക്കാര്യം അനുവദിക്കുകയാണെങ്കില്‍ പാക് അന്വേഷണ കമ്മീഷന് ഇന്ത്യ സന്ദര്‍ശിക്കാന്‍ വീണ്ടുമൊരവസരം നല്‍കാമെന്നാണ് ഇന്ത്യയുടെ വ്യവസ്ഥ.
വിചാരണയില്‍ കഴിയുന്ന ഭീകരര്‍ക്ക് ശിക്ഷ വിധിക്കാന്‍ എന്തുകൊണ്ടാണ് പാക് കോടതി തയ്യാറാകാത്തതെന്ന് ഇന്ത്യ കത്തില്‍ ചോദിച്ചിട്ടുണ്ട്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ എട്ടംഗ കമ്മീഷന് നേരത്തെ തെളിവുകള്‍ ശേഖരിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഇന്ത്യയില്‍ കഴിയുന്ന അജ്മല്‍ കസബിന്റെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം ശേഖരിച്ചിരുന്നില്ല. മാര്‍ച്ചില്‍ സംഘം ശേഖരിച്ചിരുന്ന തെളിവുകള്‍ പാക് കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും നിയമസാധുതയില്ലെന്ന് കാട്ടി തെളിവുകള്‍ കോടതി തള്ളിയിരുന്നു. ഈ തെളിവുകള്‍ വെച്ചുകൊണ്ട് പ്രതികള്‍ക്ക് ശിക്ഷ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് വീണ്ടും തെളിവുകള്‍ ശേഖരിക്കാന്‍ ഒരവസരം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് പാക് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കത്തയച്ചു. എന്നാല്‍ പാക്കിസ്ഥാന്റെ ആവശ്യം ഉടന്‍ പരിഗണിക്കുമെന്നു പറഞ്ഞ ഇന്ത്യ, പാക്കിസ്ഥാനിലെ പ്രതികളുടെ വിചാരണ എളുപ്പത്തിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാനില്‍ പിടിയിലായ പ്രതികളുടെ വിചാരണ പല തവണയായി നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാടറിയിച്ചിരിക്കുന്നത്. എന്‍ഐഎ സംഘത്തിന് പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ അനുമതി നല്കുന്ന പക്ഷം പാക് അന്വേഷണ കമ്മീഷന് ഇന്ത്യ സന്ദര്‍ശിക്കാന്‍ രണ്ടാമതൊരവസരം നല്‍കാമെന്നാണ് ഇന്ത്യയുടെ ഇപ്പോഴുള്ള നിലപാട്. പാക് അന്വേഷണ കമ്മീഷന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറയുന്നതില്‍ ദുഃഖമുണ്ടെന്ന് കത്തില്‍ പറയുന്നു. മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ ലഷ്കര്‍ നേതാവ് ഹാഫിസ് സയിദിനെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും എഫ്ഐഎ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും ഇന്ത്യ കത്തില്‍ ചോദിച്ചിട്ടുണ്ട്.
എന്‍ഐഎയെ അയക്കുന്നതു സംബന്ധിച്ച് പാക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശുഭകരമായ മറുപടി ലഭിക്കുമെന്നാണ് ഇന്ത്യന്‍ അധികൃതരുടെ വിശ്വാസം.
ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന കാര്യത്തില്‍ ഷിന്ഡെയെപ്പോലുള്ളവര്ക്ക് മാത്രമേ സംശയമുണ്ടാകൂ. ഉറങ്ങുന്നവരെ മാത്രമേ ഉണര്‍ത്താനാവൂ. ഉറക്കം നടിച്ചു കിടക്കുന്നവരെ അതിന് കഴിയില്ല. മുംെബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ലഷ്ക്കറെ തൊയ്ബ ഭീകരന് അബു ജുണ്ടാല്‍ നടത്തിയ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ തന്നെ ഷിന്ഡെയെപ്പോലുള്ളവരുടെ മനഃസ്ഥിതി പുറത്തുകൊണ്ടുവരുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിനായുള്ള പാക്കിസ്ഥാനിലെ പരിശീലന ക്യാമ്പില്‍ പാക് വംശജനായ അമേരിക്കന്‍ ഭീകരന് ഡേവിഡ് ഹെഡ്ലി ഉണ്ടായിരുന്നതായാണ് ജുന്‍ഡാല്‍ വെളിപ്പെടുത്തിയത്. പരിശീലന കേന്ദ്രത്തില്‍ വിദേശിയെ കണ്ട താന്‍ ഇയാളെക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും ലഷ്കര്‍ തലവന്‍ ഹാഫിസ് സൈദ് ക്യാമ്പിലെ വിവരങ്ങളെക്കുറിച്ച് ആരായരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നെന്ന് ചോദ്യംചെയ്യലില്‍ ജുണ്ടാല്‍ പറഞ്ഞു. 2010 ജനുവരിയില്‍ ഹെഡ്ലിയുടെ അറസ്റ്റിന് തുടര്‍ന്നുള്ള വാര്‍ത്തകളിലൂടെയാണ് ഹെഡ്ലിയെ തിരിച്ചറിഞ്ഞതെന്ന് പറഞ്ഞ ജുന്‍ഡാല്‍ ലഷ്കര്‍ നേതാവ് സാജിദ് മജീദാണ് ഹെഡ്ലിയെ നിയന്ത്രിച്ചിരുന്നതെന്നും മൊഴിനല്‍കി. മുംബൈ ആക്രമണത്തിന് ഒരുമാസം മുന്‍പ് ലഷ്കര്‍ തലവനുമായി നടന്ന ചര്‍ച്ചയില്‍ ശിവസേനാ തലവന്‍ ബാല്‍ താക്കറയെ ലക്ഷ്യം വച്ചിരുന്നതായും ഹെഡ്ലി വെളിപ്പെടുത്തിയിരുന്നു.
സൗദിയില്‍ അറസ്ററിലായി ഇന്ത്യയ്ക്ക് കൈമാറിയ ജുന്‍ഡാല്‍ ഇന്ത്യയില്‍ നിന്നും 2006ല്‍ പാക്കിസ്ഥാനിലേക്ക് കടന്നതായിരുന്നു. മുംബൈ ആക്രമിച്ച ഭീകരര്‍ക്ക് ഹിന്ദി പഠിപ്പിച്ചതും മുംബൈ നഗരം വിവരിച്ച് നല്കിയതും ഇയാളായിരുന്നു. ഇന്ത്യയില്‍ നിന്നും കൂടുതല്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ചുമതലയുണ്ടായിരുന്ന ജുന്‍ഡാല്‍ ലഷ്കറിന് രാജ്യത്ത് വന്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും മൊഴിനല്‍കി. ജുന്‍ഡാലിന്റെ ഇ-മെയില്‍ വിലാസങ്ങളില്‍ വിവിധ ഏജന്‍സികള്‍ അന്വേഷണം തുടരുകയാണ്. ഇതില്‍നിന്നും യുവാക്കളെ ഭീകരസംഘടനയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെയും മസ്തിഷ്കപ്രക്ഷാളനത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഭാഷണ പരമ്പരകളും ജുന്‍ഡാല്‍ ഇ-മെയിലില്‍ പ്രചരപ്പിച്ചിരുന്നു. ജുന്‍ഡാല്‍ നല്കിയ പത്ത് ഇമെയില്‍ വിലാസങ്ങളില്‍ എട്ടെണ്ണവും ലഭ്യമാകാതിരുന്നത് ഇവയുടെ സുരക്ഷാ നമ്പര്‍ അടക്കം ഇയാള്‍ തെറ്റായി നല്‍കിയതിനാലാണ്.
വ്യാജപേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലും ജുന്‍ഡാല്‍ ലഷ്കര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. വിവരങ്ങള്‍ ലഭ്യമാകാത്തതല്ല നടപടിയെടുക്കാനുള്ള ഷിന്‍ഡെമാരുടെ വൈമനസ്യമാണ് ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം വര്‍ധിക്കാന്‍ കാരണം. പാക് ഭീകരവാദത്തിനെതിരെ കര്‍ശന നിലപാടെടുത്തതാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ എം.കെ.നാരായണനെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കാന്‍ കാരണമായത്. ഭീകരവാദത്തിനെതിരെ അധരവ്യായാമം നടത്തുന്ന ഷിന്ഡെമാരെയാണ് യുപിഎ സര്‍ക്കാരിനാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: